ഐ.പി.എല്‍ 2026ലെ മിനി താരലേലത്തില്‍ ഓസീസ് സൂപ്പര്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. 25.20 കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത ഗ്രീനിനെ സ്വന്തമാക്കിയത്. രണ്ട് കോടി രൂപയായിരുന്നു താരത്തിന്റ അടിസ്ഥാന വില. ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പണം ലഭിക്കുന്ന മൂന്നാമത്തെ താരമാണ് കാമറൂണ്‍ ഗ്രീന്‍.
ഇന്ത്യന്‍ സൂപ്പര്‍ താരം റിഷബ് പന്ത് (27 കോടി), ശ്രേയസ് അയ്യര്‍ (26.75) എന്നിവരാണ് ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ പണം ലഭിച്ച ആദ്യ രണ്ട് താരങ്ങള്‍.
ലേലത്തിനെത്തിയ പ്രധാന ഓവര്‍സീസ് താരങ്ങളിലൊരാളായ ഗ്രീനിന് വേണ്ടി ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും രംഗത്തുണ്ടായിരുന്നു. എന്നാല്‍ 2026 സീസണില്‍ ഏറ്റവും കൂടുതല്‍ പണം കയ്യില്‍ വെച്ച് ഇറങ്ങിയ കൊല്‍ക്കത്തയ്ക്ക് കാര്യങ്ങളെല്ലാം എളുപ്പമായിരുന്നു. 64.3 കോടിയില്‍ നിന്നാണ് കൊല്‍ക്കത്തെ ഗ്രീനിനെ പൊന്നും വില നല്‍കി ടീമിലെത്തിച്ചത്.
ഐ.പി.എല്ലില്‍ നിന്ന് 29 മത്സരങ്ങള്‍ കളിച്ച ഓള്‍ റൗണ്ടര്‍ 16 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. മാത്രമല്ല ബാറ്റിങ്ങില്‍ 707 റണ്‍സാണ് താരം അടിച്ചെടുത്തത്. 100* ഉയര്‍ന്ന സ്‌കോറിലായിരുന്നു ഗ്രീനിന്റെ പ്രകടനം. 2023ല്‍ മുംബൈക്ക് വേണ്ടി കളത്തിലിറങ്ങിയപ്പോളാണ് സെഞ്ച്വറി അടിച്ചത്.
2024 സീസണില്‍ ബെംഗളൂരുവിന് വേണ്ടിയായിരുന്നു താരം കളിച്ചത്. സീസണില്‍ 13 മത്സരങ്ങളില്‍ 255 റണ്‍സായിരുന്നു താരം നേടിയത്. ഇത്തവണ കളത്തിലിറങ്ങുമ്പോള്‍ ഈ ഓള്‍ റൗണ്‍ഡറെ റാഞ്ചാന്‍ എല്ലാ ഫ്രാഞ്ചൈസിയും കച്ചമുറുക്കുമെന്ന് ഉറപ്പാണ്.
Content highlight: Kolkata Knight Riders have acquired Australian super all-rounder Cameron Green in the IPL 2026 mini-auction