| Sunday, 3rd May 2026, 7:08 pm

ഉദയസൂര്യൻ ഉദിച്ചില്ല; ഓറഞ്ച് ആർമിയെ വെട്ടി കൊൽക്കത്തയുടെ വമ്പൻ തിരിച്ചുവരവ്

Sudev A

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മൂന്നാം ജയം. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റുകള്‍ക്കാണ് അജിന്‍ക്യ രഹാനെയും സംഘവും വീഴ്ത്തിയത്. ഓറഞ്ച് ആര്‍മിയുടെ തട്ടകമായ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 19 ഓവറില്‍ 165 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്ന കെ.കെ.ആര്‍ 18.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

അംകൃഷ് രഘുവംശിയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് കൊല്‍ക്കത്ത വിജയിച്ചു കയറിയത്. 47 പന്തില്‍ 59 റണ്‍സാണ് രഘുവംശി സ്വന്തമാക്കിയത്. അഞ്ച് ഫോറുകളും രണ്ട് സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. ക്യാപ്റ്റന്‍ രഹാനെ 43 റണ്‍സും ഫിന്‍ അലന്‍ 29 റണ്‍സും റിങ്കു സിങ് 22 റണ്‍സും നേടി വിജയത്തില്‍ നിര്‍ണായകമായി.

മത്സരത്തില്‍ കൊല്‍ക്കത്ത ബൗളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഹൈദരാബാദിന്റെ റണ്‍ ഒഴുക്ക് കുറയുകയായിരുന്നു. വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റുകളും സുനില്‍ നരെയ്ന്‍, കാര്‍ത്തിക് ത്യാഗി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും നേടി ഹൈദരാബാദ് ബാറ്റിങ് നിരയെ തകര്‍ക്കുകയായിരുന്നു. വൈഭവ് അറോറ, കാമറൂണ്‍ ഗ്രീന്‍, അനുകുല്‍ റോയ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനായി ട്രാവിസ് ഹെഡ് അര്‍ധ സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തി. 28 പന്തില്‍ 61 റണ്‍സാണ് താരം അടിച്ചെടുത്തത്. ഒമ്പത് ഫോറുകളും മൂന്ന് കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതായിരുന്നു ഹെഡിന്റെ ഇന്നിങ്സ്. ഇഷാന്‍ കിഷന്‍ 29 പന്തില്‍ 42 റണ്‍സും നേടി. നാല് ഫോറുകളും രണ്ട് സിക്‌സുകളുമാണ് ഇഷാന്‍ നേടിയത്. ബാക്കിയുള്ള താരങ്ങള്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

അതേസമയം മെയ് എട്ടിന് ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെയാണ് കൊല്‍ക്കത്തയുടെ അടുത്ത മത്സരം. ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയമാണ് വേദി. മറുഭാഗത്ത് മെയ് ആറിന് നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സാണ് ഹൈദരാബാദിന്റെ എതിരാളികള്‍. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം.

Content Highlight: Kolkata Knight Riders Beat Sunrisers Hyderabad in IPL 2026

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more