| Friday, 7th August 2026, 6:00 pm

വമ്പന്‍ ട്രേഡിനൊരുങ്ങി കൊല്‍ക്കത്ത; സൂപ്പര്‍ താരത്തെ റാഞ്ചാന്‍ പോകുന്നത് മുംബൈ ഇന്ത്യന്‍സില്‍ നിന്ന്

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്‍ 2027 സീസണിന് മുന്നോടിയായി വമ്പന്‍ ട്രാന്‍സ്ഫര്‍ ചര്‍ച്ചകളാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ നടക്കുന്നത്. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയെ സ്വന്തമാക്കാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ശക്തമായി ശ്രമിക്കുന്നതായാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഹര്‍ദിക്കിന് നായകസ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും, താരത്തെ ടീമിലെത്തിക്കാന്‍ ഓള്‍-ക്യാഷ് കരാറിനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ടെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ ഇടപാട് പൂര്‍ത്തിയായെന്നോ ഹര്‍ദിക് കൊല്‍ക്കത്തയുടെ പുതിയ നായകനായെന്നോ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല.

മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്തയും തമ്മില്‍ ഹര്‍ദിക്കിനെ സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും, ഐ.പി.എല്‍ ട്രേഡ് നിയമപ്രകാരം ഇടപാട് പൂര്‍ത്തിയാകാന്‍ ഫ്രാഞ്ചൈസികളുടെയും താരത്തിന്റെയും സമ്മതം നിര്‍ബന്ധമാണ്.

ഹര്‍ദിക്കിനായി രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും ഉള്‍പ്പെടെ മറ്റ് ഫ്രാഞ്ചൈസികളും നേരത്തെ താത്പര്യം പ്രകടിപ്പിച്ചെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ നായകസ്ഥാനം വാഗ്ദാനം ചെയ്യാന്‍ കഴിയുന്ന സാഹചര്യം കണക്കിലെടുക്കുമ്പോള്‍ കൊല്‍ക്കത്ത തന്നെയാണ് നിലവില്‍ ഏറ്റവും സാധ്യതയുള്ള ലക്ഷ്യസ്ഥാനമായി വിലയിരുത്തപ്പെടുന്നത്.

2024ല്‍ ഗുജറാത്തില്‍ നിന്നും മുംബൈയിലേക്ക് ട്രേഡ് ചെയ്താണ് പാണ്ഡ്യ വീണ്ടും മുംബൈയിലേക്ക് തിരിച്ചെത്തിയത്. രോഹിത്തിനെ ക്യാപ്റ്റന്‍സില്‍ നിന്ന് മാറ്റിയതും പാണ്ഡ്യയെ ക്യാപ്റ്റനാക്കിയതും ഏറെ വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തു. പിന്നീട് ഹര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയില്‍ മുംബൈ പച്ചപിടിച്ചിരുന്നില്ല.

ഐ.പി.എല്‍ 2026ലും പാണ്ഡ്യയുടെ നേതൃത്വത്തില്‍ മുംബൈ ഇന്ത്യന്‍സ് മോശം പ്രകടനമാണ് കാഴ്ചവെച്ചത്. 14 മത്സരങ്ങളില്‍ വെറും നാല് ജയം മാത്രമാണ് ടീമിനുള്ളത്. പോയിന്റ് ടേബിളില്‍ വെറും എട്ട് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. വരും സീസണില്‍ ഹര്‍ദിക്കിനെ ഏത് ഫ്രാഞ്ചൈസിയാണ് സ്വന്താക്കുക എന്ന് കണ്ടുതന്നെ അറിയണം.

Content Highlight: Kolkata Knight Riders are making a strong effort to acquire Mumbai Indians captain Hardik Pandya
ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more