ഐ.പി.എല്‍ 2026ലെ മിനി താരലേലത്തില്‍ ശ്രീലങ്കന്‍ സൂപ്പര്‍ പേസര്‍ മതീഷ പതിരാനയെ സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 18 കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത റാഞ്ചിയത്.
കഴിഞ്ഞ സീസണില്‍ 13 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സ് വിട്ടയച്ച താരത്തിന് വേണ്ടി ലേലത്തില്‍ വമ്പന്‍ പോരാട്ടമായിരുന്നു നടന്നത്. പതിരാനയ്ക്ക് വേണ്ടി ആദ്യം കളത്തിലിറങ്ങിയത് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സും ദല്‍ഹി ക്യാപിറ്റല്‍സുമായിരുന്നു.
എന്നാല്‍ 17 കോടിയും പിന്നിട്ടതോടെ ദല്‍ഹി പിന്‍മാറിയപ്പോള്‍ ലഖ്‌നൗവിന് ആശ്വാസമായെങ്കിലും, അവിടംകൊണ്ടൊന്നും തീരുന്നിട്ടില്ലെന്ന മട്ടില്‍ പിന്നില്‍ നിന്ന് കൊല്‍ക്കയും കൈ ഉയര്‍ത്തുകയായിരുന്നു. ഒടുക്കം 18 കോടിക്ക് പതിരാനയെ തങ്ങളുടെ തട്ടകത്തിലെത്തിക്കുകയായിരുന്നു കൊല്‍ക്കത്ത.
ടി-20യില്‍ 101 മത്സരങ്ങള്‍ കളിച്ച ലങ്കന്‍ പേസര്‍ 136 വിക്കറ്റുകളാണ് നിലവില്‍ സ്വന്തമാക്കിയത്. 8.58 എന്ന എക്കോണമിയും 4/20 എന്ന മികച്ച ബൗളിങ് പ്രകടനവും താരത്തിനുണ്ട്. ഐ.പി.എല്ലില്‍ 32 മത്സരങ്ങള്‍ കളിച്ച താരം 47 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. തകര്‍പ്പന്‍ യോര്‍ക്കറുകളും സ്‌ലോവറുകളുമാണ് താരത്തിന്റെ ബൗളിങ് പ്രത്യേകതകള്‍. 21.62 എന്ന ആവറേജും 8.68 എന്ന എക്കോണമിയും താരത്തിനുണ്ട്.
Content Highlight: Kolkata Knight Riders acquire Mathisha Pathirana for 18 crores