| Saturday, 12th July 2025, 4:12 pm

കൊല്‍ക്കത്തയിലെ ഐ.ഐ.എമ്മിലും ക്രൂരപീഡനം; വിദ്യാര്‍ത്ഥി അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വീണ്ടും ക്രൂരപീഡനം. കൊല്‍ക്കത്തയിലെ ഐ.ഐ.എം ക്യാമ്പസിനുള്ളില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായാണ് പരാതി. ബോയ്‌സ് ഹോസ്റ്റലില്‍ വെച്ച് ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

സംഭവത്തില്‍ ഒരു വിദ്യാര്‍ത്ഥി അറസ്റ്റിലായിട്ടുണ്ട്. രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയും കര്‍ണാടക സ്വദേശിയുമായ പരമാനന്ദാണ് അറസ്റ്റിലായത്.

ആക്രമിക്കപ്പെട്ട വിദ്യാര്‍ത്ഥിനി മറ്റൊരു കോളേജില്‍ നിന്ന് കൗണ്‍സിലിങ്ങിനായി ഐ.ഐ.എമ്മിലേക്ക് വന്നതാണ്. ഇതിനിടെ യുവതി പരമാനന്ദുമായി പരിചയത്തിലാകുകയായിരുന്നു. തുടര്‍ന്ന് പ്രതി യുവതിയെ ഹോസ്റ്റലിലേക്ക് ക്ഷണിക്കുകയും മുറിയിലെത്തിയ ശേഷം ലഹരി നല്‍കി പീഡിപ്പിച്ചെന്നുമാണ് പരാതിയില്‍ ആരോപിക്കുന്നത്.

മധുരപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയാണ് പ്രതി യുവതിയെ ബോധരഹിതയാക്കിയത്. ഹോസ്റ്റലിലേക്ക് കയറുമ്പോള്‍ രജിസ്റ്ററില്‍ പേരെഴുതാതെയാണ് പരമാനന്ദ് റൂമിലേക്ക് കൂട്ടികൊണ്ടുപോയതെന്നും സംശയം തോന്നിയെങ്കിലും അപ്പോള്‍ ഒന്നും തന്നെ സംസാരിച്ചില്ലെന്നും യുവതി പരാതിയില്‍ പറയുന്നു.

കൊല്‍ക്കത്തയില്‍ ആര്‍.ജി കര്‍ മെഡിക്കല്‍ കോളേജില്‍ യുവഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനും നിയമവിദ്യാര്‍ത്ഥി കൂട്ടബലാത്സംഗത്തിനിരയായതിനും പിന്നാലെയാണ് ഐ.ഐ.എമ്മിലെ സംഭവം.

2025 ജൂണ്‍ 25നാണ് സൗത്ത് കൊല്‍ക്കത്ത ലോ കോളേജില്‍ 24കാരി ആക്രമിക്കപ്പെട്ടത്. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് മുഖ്യപ്രതി വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പങ്കാളിയെയും മാതാപിതാക്കളെയും ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി യുവതിയെ ആക്രമിച്ചത്.

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതോടെ കൂട്ടുപ്രതികളുടെ സഹായത്തോടെ മുഖ്യപ്രതി ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി. കോളേജിലെ അഡ്-ഹോക് ഫാക്കല്‍റ്റിയും തൃണമൂല്‍ കോണ്‍ഗ്രസ് ഛത്ര പരിഷത്തിന്റെ സൗത്ത് കൊല്‍ക്കത്ത ജില്ലാ ജനറല്‍ സെക്രട്ടറിയും ലോ കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥിയുമായ മനോജിത്ത് മിശ്രയാണ് കേസിലെ മുഖ്യപ്രതി.

സായിബ് അഹമ്മദ്, പ്രമിത് മുഖര്‍ജി എന്നീ വിദ്യാര്‍ത്ഥികളും കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനായ പിനാകി ബാനര്‍ജിയുമാണ് കേസിലെ മറ്റു പ്രതികള്‍.

2024 ഓഗസ്റ്റ് ഒമ്പതിനാണ് ആര്‍.ജി കര്‍ ആശുപത്രിയില്‍ ബലാത്സംഗത്തിനിരയായി യുവതി കൊല്ലപ്പെട്ടത്. യുവഡോക്ടറുടെ മരണം രാജ്യവ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു. അന്വേഷണത്തില്‍ മുന്‍ സിവിക് പൊലീസ് വോളണ്ടിയറായ സഞ്ജയ് റോയിയെയാണ് കുറ്റകൃത്യവുമായി ബന്ധപ്പെട്ട ഏക പ്രതിയായി സി.ബി.ഐ കണ്ടെത്തിയിരുന്നത്. തുടര്‍ന്ന് സിയാല്‍ദ സെഷന്‍സ് കോടതി റോയിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

Content Highlight: Brutal harassment at IIM in Kolkata; student arrested

We use cookies to give you the best possible experience. Learn more