താരം ഇന്ത്യന്‍ ടീമിന്റെ മാന്യത സംരക്ഷിക്കണമെന്നും ഭാവിയില്‍ ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ ഉണ്ടാവാന്‍ പാടില്ലെന്നുമാണ് പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്. കോഹ്‌ലി മാധ്യമ പ്രവര്‍ത്തകനെ ചീത്ത വിളിച്ചിട്ടില്ലെന്നും സംഭവത്തില്‍ അപ്പോള്‍ തന്നെ അദ്ദേഹം മാപ്പ് പറഞ്ഞിരുന്നുവെന്നുമാണ് ഇന്ത്യന്‍ ടീം മാനേജര്‍ ഡോ. ആര്‍.എന്‍ ബാബ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്.
കോഹ്‌ലി മാധ്യമ പ്രവര്‍ത്തകനോട് മോശമായി പെരുമാറി എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നിരുന്നത്. നാഷണല്‍ ഡെയ്‌ലിയില്‍ അദ്ദേഹത്തെക്കുറിച്ചും കാമുകി അനുഷ്‌ക ശര്‍മ്മയെക്കുറിച്ചും വാര്‍ത്ത വന്നിരുന്നു. ഇതേ മാധ്യമ പ്രവര്‍ത്തകനാണ് ആ വര്‍ത്ത നല്‍കിയതെന്ന് കരുതിയാണ് കോഹ്‌ലി ഇദ്ദേഹത്തോട് ചൂടായിരുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
വാര്‍ത്ത മറ്റാരോ നല്‍കിയതാണെന്നും തനിക്ക് തെറ്റ് പറ്റിയെന്നും മനസിലായപ്പോള്‍ കോഹ്‌ലി മാധ്യമപ്രവര്‍ത്തകനോട് മാപ്പ് പറയുകയും ചെയ്തിരുന്നു. ശാന്തമായി പെരുമാറണമെന്നും അടുത്ത ഇന്ത്യന്‍ ക്യാപ്റ്റല്‍ എന്ന നിലയില്‍ മാന്യമായി പെരുമാറണമെന്നും കോഹ്‌ലിയെ ടീം മാനേജര്‍ രവി ശാസ്ത്രി ഉപദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.