| Monday, 9th May 2016, 8:07 pm

ഡാനിയല്‍ വെറ്റോറിയെ പരിശീലകനാക്കണമെന്ന് കോഹ്‌ലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂസിലന്റ് മുന്‍ ക്രിക്കറ്റ് താരം ഡാനിയല്‍ വെറ്റോറിയെ ഇന്ത്യന്‍ ടീം പരിശീലകനാക്കാന്‍ വിരാട് കോഹ്‌ലി ശുപാര്‍ശ ചെയ്തിരുന്നതായി റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ചെന്നു പറയുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഐ.പി.എല്ലില്‍ ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ടീമിന്റെയും ബിഗ് ബാഷ് ലീഗില്‍ ബ്രിസ്‌ബെയ്ന്‍ ഹീറ്റിന്റെയും മുഖ്യ പരിശീലകനാണിപ്പോള്‍ ഡാനിയല്‍ വെറ്റോറി. അതെസമയം വെറ്റോറിയെ ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ പരിശീലകനാക്കുന്നതിനെ കുറിച്ച് ബി.സി.സി.ഐ ഗൗരവകരമായ ഒരാലോചനയും ഇതുവരെ നടത്തിയിട്ടില്ല.

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷം ജൂണ്‍ മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് വരെ ഇന്ത്യയ്ക്ക് 18 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ പുതിയ ഇന്ത്യന്‍ പരിശീലകന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഡാനിയല്‍ വെറ്റോറി ന്യൂസിലന്റ് ടീമില്‍ നിന്ന് വിരമിച്ചത്. 2015ല്‍ ഓസ്‌ട്രേലിയയിലും ന്യൂസിലന്റിലുമായി നടന്ന ലോകകപ്പിന് ശേഷമായിരുന്നു വെറ്റോറിയുടെ വിടവാങ്ങല്‍. 2014 മുതല്‍ ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂര്‍ ടീമിന്റെ പരിശീലകനാണ് വെറ്റോറി.

We use cookies to give you the best possible experience. Learn more