| Friday, 24th February 2012, 11:07 am

കോഫി അന്നന്‍ യു.എന്‍ അറബ് ലീഗ് സ്ഥാനപതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

യുനൈറ്റഡ് നാഷന്‍സ്: ഐക്യരാഷ്ട്രസഭയുടെ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നനെ യു.എന്‍ അറബ് ലീഗ് സംയുക്ത സമിതിയുടെ പ്രത്യേക സ്ഥാനപതിയായി നിയമിച്ചു. സിറിയന്‍ പ്രശ്‌ന പരിഹാരത്തിനായി അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും അറബ് ലീഗും  ഇന്നു ട്യുണീസിയയില്‍ യോഗം ചേരാനിരിക്കെയാണു കോഫി അന്നന്റെ നിയമനം.

നിലവിലെ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആണ് കോഫി അന്നനെ നിയമിച്ചത്. സിറിയയിലെ അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനും പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ അധികാരത്തില്‍നിന്ന് ഒഴിവാക്കുന്നതിനുമുള്ള പദ്ധതി രൂപീകരിക്കുന്നതിനാണ് ഇന്നു യോഗം ചേരുന്നത്.

സിറിയന്‍ സര്‍ക്കാര്‍ രാജ്യത്ത് തുടരുന്ന  അടിച്ചമര്‍ത്തലിനു പരിഹാരം കാണുകയാണ് കോഫി അന്നന്റെ ദൗത്യം. സിറിയയിലെ മനുഷ്യാവകാശ ലംഘനങ്ങളും സൈനികാക്രമണങ്ങളും എത്രയും വേഗം അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കോഫി അന്നനു കഴിയുമെന്ന് സമിതി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സംഘര്‍ഷാവസ്ഥ തുടരുന്ന സിറിയില്‍ നിര്‍ണായകദൗത്യം ഏറ്റെടുക്കാന്‍ തയാറായ കോഫി അന്നനെ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും അറബ് ലീഗ് നേതാവ് നബീല്‍ അല്‍ അറബിയും പ്രശംസിച്ചു. കോഫി അന്നനു സഹായിയായി അറബ് ലീഗിന്റെ പ്രത്യേക പ്രതിനിധിയെ ഉടന്‍ പ്രഖ്യാപിക്കും.

കഴിഞ്ഞ 11 മാസമായി സിറിയയില്‍ ജനകീയ പ്രക്ഷോഭന്മത്തിനു നേരെ പ്രസിഡന്റ് ബശ്ശര്‍ അല്‍ അസദിന്റെ സൈന്യം നടത്തുന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 7500 കവിഞ്ഞതായാണ് റിപ്പോര്‍ട്ട്.

അക്രമം നിര്‍ത്തിവെക്കാന്‍ ലോകരാഷ്ട്രങ്ങള്‍ സിറിയക്ക് മേല്‍ സമ്മര്‍ദ്ദമ ചെലുത്തുന്നുണ്ടെങ്കിലും അസദ് ഭരണകൂടം ഇതിന് തയ്യാറായിട്ടില്ല. സിറിയന്‍ സര്‍ക്കാരുമായും പ്രതിപക്ഷവുമായുള്ള ചര്‍ച്ചകളിലൂടെയുള്ള പ്രശ്‌നപരിഹാരത്തിനാണ് അറബ് ലീഗ് ലക്ഷ്യമിടുന്നത്.

Malayalam News

Kerala News In English

We use cookies to give you the best possible experience. Learn more