| Monday, 19th May 2025, 1:23 pm

കൊടുങ്ങല്ലൂരിലെ വഖഫ് തട്ടിപ്പ്; ആരോപണ വിധേയനായ തൃശൂര്‍ ജില്ല പ്രസിഡന്റിനെ തരം താഴ്ത്തി ജമാഅത്തെ ഇസ്‌ലാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: തൃശൂരില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തില്‍ വഖഫ് സ്വത്ത് തട്ടിയെടുത്തതായ പരാതിയില്‍ ആരോപണവിധേയനായ ജില്ല പ്രസിഡന്റിനെ തരം താഴ്ത്തി. ജമാഅത്തെ ഇസ്‌ലാമി തൃശൂര്‍ ജില്ല പ്രസിഡന്റ് കെ.കെ. ഷാനവാസിനെയാണ് സ്ഥാനത്ത് നിന്ന് നീക്കിയത്.

കെ.കെ. ഷാനവാസിനെ ജില്ല സമിതിയിലേക്കാണ് തരം താഴ്ത്തിയത്. ഷാനവാസിന് പകരമായി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തിട്ടുണ്ട്.

മുനീര്‍ വരന്തരപ്പള്ളിയാണ് പുതിയ ജില്ല പ്രസിഡന്റ്. ശംസുദ്ധീന്‍. കെയെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ഇവര്‍ക്ക് പുറമെ പുതിയ വൈസ് പ്രസിഡന്റിനേയും സെക്രട്ടറിമാരേയും തെരഞ്ഞെടുത്തിട്ടുണ്ട്.

സംസ്ഥാന നേതൃത്വം ഇടപെട്ടതിനെത്തുടര്‍ന്നാണ് ഷാനവാസിനെതിരെ നടപടിയെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊടുങ്ങല്ലൂര്‍ വെളുത്തകടവിലെ ദാറുസ്സലാം പള്ളിയും മദ്രസയും പള്ളിക്ക് ലഭിച്ച വഖഫ് ഭൂമിയും ജമാഅത്തെ ഇസ്‌ലാമി നേതാക്കളുടെ നേതൃത്വത്തിലുണ്ടാക്കിയ ട്രസ്റ്റ് തട്ടിയെടുത്തതായാണ് പരാതി.

കെ.കെ. ഷാനവാസിന്റെ നേതൃത്വത്തിലുള്ള ദാറുസ്സലാം ചാരിറ്റബിള്‍ ആന്റ് റിലീജിയസ് ട്രസ്റ്റിനെതിരെയാണ് പ്രദേശത്തെ വിശ്വാസി കൂട്ടായ്മ പരാതി ഉന്നയിച്ചത്. ഷാനവാസിന് പുറമെ വെല്‍ഫയര്‍പാര്‍ട്ടി നേതാക്കളായ അബ്ദുല്‍ റഷീദ്, ബാവ ലത്തീഫ് തുടങ്ങിയവരും ഈ ട്രസ്റ്റിലുണ്ടായിരുന്നു.

ഭൂമിയും പള്ളി കമ്മിറ്റിയുടെ അക്കൗണ്ടിലുണ്ടായിരുന്ന പണവും മുന്‍ പള്ളി കമ്മിറ്റി പ്രസിഡന്റായിരുന്ന മുഹമ്മദ് മഖാറിനെ തെറ്റിദ്ധരിപ്പിച്ച് രേഖകള്‍ ഒപ്പിട്ടുവാങ്ങിയതിന് ശേഷമാണ് ട്രസ്റ്റിന്റെ അക്കൗണ്ടിലേക്കും പേരിലേക്കും മാറ്റിയത്. ഒരു വര്‍ഷം മുമ്പ് മാത്രമാണ് ജമാഅത്തെ ഇസ്‌ലാമിക്ക് കീഴില്‍ ഈ ട്രസ്റ്റ് ആരംഭിച്ചത്.

1976ല്‍ പ്രദേശത്തെ വിശ്വാസികളുടെ മുന്‍കൈയിലാണ് വെളുത്ത കടവില്‍ ദാറുസ്സലാം പള്ളി സ്ഥാപിച്ചത്. 1974, 76, 95ലും പ്രദേശത്തെ മൂന്ന് പേര്‍ പള്ളിക്ക് വഖഫായി ഭൂമി നല്‍കി. ഈ ഭൂമിയിലാണ് പള്ളിയും മദ്രസയും നിലകൊള്ളുന്നത്. 1998ല്‍ പള്ളിയുടെയും മദ്രസയുടെയും നടത്തിപ്പില്‍ താത്പര്യം പ്രകടിപ്പിച്ച് കൊണ്ട് ജമാഅത്തെ ഇസ്‌ലാമിയുടെ കീഴിലുള്ള കൊടുങ്ങല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന മൂവെമെന്റ് ഓഫ് ഇസ്‌ലാമിക് ട്രസ്റ്റ് രംഗത്ത് വരുന്നത്.

ഇവരുമായി പള്ളികമ്മിറ്റി ഒരു ധാരണയിലെത്തുകയും ചെയ്തു. പള്ളികെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുക, ഖുതുബ മലയാളത്തില്‍ നിര്‍വഹിക്കുക, മദ്രസയില്‍ മജ്‌ലിസ്‌ കേരളയുടെ സിലബസില്‍ മാത്രം പഠിപ്പിക്കുക എന്നിവയായിരുന്നു പള്ളി കമ്മിറ്റിയുമായി മൂവ്മെന്റ് ഓഫ് ഇസ്‌ലാമിക് ട്രസ്റ്റുണ്ടാക്കിയ ധാരണ. സക്കാത്ത്, ഉളുഹിയത്ത് തുടങ്ങിയവ സംഘടിതമായി നടത്തുക എന്നതും ഈ കരാറിലുണ്ടായിരുന്നു.

ഈ ധാരണ പ്രകാരം പള്ളിയില്‍ ഖുതുബ നിര്‍വഹിക്കാനെത്തിയ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകന്‍ അബ്ദുല്‍ ലത്തീഫ് പിന്നീട് പള്ളി കമ്മിറ്റിയില്‍ അംഗമാവകുയും 2022ല്‍ അദ്ദേഹം പള്ളി കമ്മിറ്റിയുടെ സെക്രട്ടറിയുമായി. ഈ സ്ഥാനങ്ങള്‍ ദുരപയോഗപ്പെടുത്തിക്കൊണ്ടാണ് പള്ളി കമ്മിറ്റിയുടെ വഖഫ് സ്വത്തും പണവും ഇദ്ദേഹം കൂടി ഉള്‍പ്പെട്ട ട്രസ്റ്റ് തട്ടിയെടുത്തത് എന്നായിരുന്നു പരാതി.

2021ലാണ് പള്ളിയുടെ ഭാഗമായ ഭൂമി ദേശീയപാത വികസനത്തിന് വിട്ടു നല്‍കിയത്. ഇതിന്റെ ഭാഗമായി സര്‍ക്കാറില്‍ നിന്ന് 2 കോടി 76 ലക്ഷം രൂപയും പള്ളി കമ്മിറ്റിയുടെ അക്കൗണ്ടില്‍ ലഭിച്ചു. ഈ പണം പള്ളി കമ്മിറ്റിയുടെ മുന്‍ പ്രസിഡന്റിനെ തെറ്റിദ്ധരിപ്പിച്ച് ബ്ലാങ്ക് ചെക്കുകള്‍ ഒപ്പിട്ടുവാങ്ങി ജമാഅത്തെ ഇസ്‌ലാമി നേതാക്കളുടെ കീഴിലുള്ള ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു.

പള്ളിയും മദ്രസയും വഖഫ് ഭൂമിയും പള്ളികമ്മിറ്റിയുടെ അക്കൗണ്ടിലുണ്ടായിരുന്ന പണവും തട്ടിയെടുത്തത് സംബന്ധിച്ച് ദാറുസ്സലാം പള്ളി കമ്മിറ്റി വഖഫ് ബോര്‍ഡിലും വഖഫ് ട്രിബ്യൂണലിലും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

അഞ്ച് മാസമായി പള്ളിക്ക് മുന്നില്‍ വഖഫ് സംരക്ഷണ സമിതിയുടെ വിശ്വാസി കൂട്ടായ്മയുടെ നേതൃത്വത്തില്‍ സമരവും നടക്കുന്നുണ്ട്. മതിലകം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രമക്കേടുകള്‍ നടന്ന കാലത്തെ പള്ളി പ്രസിഡന്റിനെയും ജമാഅത്തെ ഇസ്‌ലാമി നേതാക്കളെയും പ്രതിചേര്‍ത്ത് കേസെടുത്തിട്ടുണ്ടെങ്കിലും തുടര്‍നടപടികളൊന്നുമുണ്ടായിട്ടില്ല.

Content Highlight: Kodungallur Waqf scam: Jamaat-e-Islami removes accused district president from post

We use cookies to give you the best possible experience. Learn more