| Thursday, 11th January 2018, 5:16 pm

ജെ.ഡി.യുവിന്റെ രാഷ്ട്രീയ തീരുമാനം സ്വാഗതാര്‍ഹം; കോണ്‍ഗ്രസ്സിന് ഇനി നാശകാലമെന്ന് കോടിയേരി ബാലകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇടതുമുന്നണിയിലേക്ക് തിരിച്ചുവരാനുള്ള ജെഡിയു നിലപാടിനെ സ്വാഗതം ചെയ്ത് സി.പി.ഐ.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നേരത്തേ എല്‍.ഡി.എഫ് വിട്ടുപോകാനുള്ള ജെ.ഡി.യു വിന്റെ തീരുമാനം പുനപരിശോധിക്കാന്‍ അന്നേ തങ്ങള്‍ പറഞ്ഞിരുന്നതാണെന്ന് കോടിയേരി അഭിപ്രായപ്പെട്ടു.

എന്നാല്‍ ഇപ്പോള്‍ അതിന് അവര്‍ തയ്യാറായത് ഇടതുമുന്നണിയുടെ ശക്തി വര്‍ധിപ്പിക്കുന്നതിന് സാഹചര്യമൊരുക്കും. മാത്രമല്ല യു.ഡി.എഫിന്റെ നാശകാലം ഇതോടെ ആരംഭിക്കുമെന്നും കോടിയേരി പറഞ്ഞു.

യു.ഡി.എഫ് ശിഥിലമായിക്കൊണ്ടിരിക്കുന്നതിന്റെ സൂചനകളാണ് ജെ.ഡി.യു ഇന്നെടുത്ത തീരുമാനം. നേരത്തേ കേരള കോണ്‍ഗ്രസ്സ് മാണി വിഭാഗം പാര്‍ട്ടി വിട്ട് പോയി. ഇനിയും ഇതുപോലെ മറ്റു ഘടകക്ഷികളും പാര്‍ട്ടിയില്‍ നിന്ന് കൊഴിഞ്ഞുപോകും. ജെ.ഡി.യു മായി കൂടിക്കാഴ്ച നടത്തിയ ശേഷമാകും എല്‍.ഡി.എഫിലേക്കുള്ള അവരുടെ പ്രവേശനത്തെപ്പറ്റി അന്തിമ തീരുമാനമെടുക്കുക.

എന്തായാലും അവര്‍ക്കുമുന്നില്‍ തങ്ങള്‍ വാതില്‍ കൊട്ടിയടക്കില്ലെന്ന് കോടിയേരി പറഞ്ഞു. ഒരു ഉപാധികളും ആരും മുന്നോട്ട് വച്ചിട്ടില്ല. അതുകൊണ്ടുതന്നെ ജെ.ഡി.യു വിന്റെ രാഷ്ട്രീയനിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇടതുമുന്നണിയിലേക്ക് പോകാനുള്ള തീരുമാനം ജെ.ഡി.യു സംസ്ഥാന സെക്രട്ടറിയേറ്റ് പ്രഖ്യാപിച്ചിരുന്നു. 14 ജില്ലാ പ്രസിഡന്റുമാരും പാര്‍ട്ടിയിലേക്കുള്ള മാറ്റത്തെ അനുകൂലിക്കുകയും ചെയ്തു. എല്‍.ഡി.എഫിലേക്ക് പോകാനുള്ള സമയമായെന്ന് എം.പി.വീരേന്ദ്രകുമാര്‍ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.

മുന്നണി മാറ്റത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന മുന്‍ മന്ത്രി കെ.പി.മോഹനനും നിലപാട് മാറ്റിയതോടെയാണ് ഇടതു മുന്നണിയിലേക്ക് പ്രവേശിക്കുന്നതായി ജെ.ഡി.യു നേതൃത്വം അറിയിച്ചത്. ഇതുംസംബന്ധിച്ച തീരുമാനം 12 ന് തിരുവനന്തപുരത്ത് ചേരുന്ന ജെ.ഡി.യു സംസ്ഥാന കൗണ്‍സിലില്‍ അന്തിമമാകും.

നിലവില്‍ ഇടതുമുന്നണിക്കൊപ്പമുള്ള ജെ.ഡി.എസില്‍ ലയിക്കാതെ ഒറ്റയ്ക്ക് നില്‍ക്കാനാണ് ആലോചനയെന്നാണ് ജെ.ഡി.യു വൃത്തങ്ങള്‍ അറിയിച്ചത്. മുന്നണിമാറ്റമുള്ള തീരുമാനങ്ങള്‍ എടുക്കാനായി രണ്ടുദിവസം നീളുന്ന നേതൃയോഗമാണ് തലസ്ഥാനത്ത് നടക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more