| Thursday, 4th May 2017, 11:00 am

മാണി ഗ്രൂപ്പുമായുള്ള സഹകരണം; അഴിമതിയുടെ കാര്യത്തിലുള്ള ഇരട്ടമുഖമെന്ന് കോടിയേരി; ഇത്തവണത്തെ നറുക്ക് കോടിയേരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മാണി ഗ്രൂപ്പുമായുള്ള സഹകരണം അഴിമതിയുടെ കാര്യത്തിലുള്ള ഇരട്ടമുഖമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വാര്‍ത്ത സത്യമാണ്. കോടിയേരിയുടെ വാക്കുകള്‍ തന്നെയാണ് ഇത്. എന്നാല്‍ ഇത് ഇന്നോ ഇന്നലെയോ നടത്തിയ പ്രസ്താവനയല്ല. കൃത്യമായി പറഞ്ഞാല്‍ 2015 നവംബര്‍ 17നായിരുന്നു കോടിയേരി തന്റെ ഈ നിലപാട് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.

“”മാണി ഗ്രൂപ്പുമായി സഹകരിക്കുമെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്റെ പ്രസ്താവന അഴിമതിയുടെ കാര്യത്തിലുള്ള ബി.ജെ.പിയുടെ ഇരട്ടമുഖമാണ് വെളിച്ചത്തുകൊണ്ടുവരുന്നതെന്നായിരുന്നു കോടിയേരിയുടെ വാക്കുകള്‍.

സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ഏത് അഴിമതിക്കാരനുമായും ചേരുമെന്നാണ് ബി.ജെ.പി പറയുന്നത്. മാണിയുമായി ബി.ജെ.പി കേന്ദ്രനേതൃത്വത്തിന് രഹസ്യധാരണയുണ്ട്. അഴിമതി ആരോപണം നേരിടുമ്പോഴും ജി.എസ്.ടി ഉന്നതാധികാര സമിതിയുടെ അധ്യക്ഷനായി മാണിയെ നിയമിച്ചത് ഇതിനാലാണെന്നും കോടിയേരി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.

ബാര്‍ കോഴ കേസില്‍ യുവമോര്‍ച്ച ചെയ്ത സമരം വെറും നാടകം മാത്രമായിരിക്കുമെന്നും അല്ലെങ്കില്‍ ബി.ജെ.പി മോര്‍ച്ചയോട് മാപ്പ് പറയണമെന്ന് വരെ കോടിയേരി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞുവെച്ചിരുന്നു. ത്രിപുരയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും കൈകോര്‍ക്കുന്ന വാര്‍ത്തകള്‍ പുറത്തു വരുമ്പോള്‍ കേരളത്തിലെ ബി.ജെ.പി നീക്കങ്ങളില്‍ അസ്വാഭാവികതയില്ലെന്നും കോടിയേരി അന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു””.


Dont Miss താങ്കളേക്കാള്‍ ഹോട്ടായ മമ്മൂട്ടിയോട് അസൂയ തോന്നാറുണ്ടോ? ; ചോദ്യത്തിന് ദുല്‍ഖറിന്റെ കിടിലന്‍ മറുപടി 


കോട്ടയത്ത് കേരള കോണ്‍ഗ്രസിനെ പിന്തുണച്ച സി.പി.ഐ.എം നടപടിക്ക് പിന്നാലെയാണ് കോടിയേരിയുടെ ഈ പഴയ പോസ്റ്റും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

പഴയ കാലത്തെ നേതാക്കന്‍മാരുടെ പ്രസ്താവനകള്‍ എടുത്ത് ആഘോഷിക്കുന്നത് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ട്രെന്‍ഡാണ്.

മോദി അധികാരത്തിലെത്തുന്നതിന് മുന്‍പ് പെട്രോള്‍ വിലയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകളും പിണറായി വിജയന്‍ പ്രതിപക്ഷത്തായിരിക്കെ വിവരാവകാശ രേഖകള്‍ പുറത്തുവിടുന്നതായുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ വിമര്‍ശിച്ച് നടത്തിയ പ്രസ്താവനകളുമെല്ലാം ഇത്തരത്തില്‍ സോഷ്യല്‍മീഡിയ പൊടിതട്ടിയെടുത്ത് ആഘോഷിച്ചിരുന്നു.

We use cookies to give you the best possible experience. Learn more