| Wednesday, 4th July 2012, 8:50 am

സി.പി.ഐ.എം ഒരാളെ ഒളിപ്പിച്ചാല്‍ പട്ടാളത്തിനും കണ്ടെത്താനാവില്ല: കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അരീക്കോട്: സി.പി.ഐ.എം ഒരാളെ ഒളിവില്‍ നിര്‍ത്താന്‍ ശ്രമിച്ചാല്‍ ഉമ്മന്‍ചാണ്ടിയുടെ പോലീസല്ല പട്ടാളം വിചാരിച്ചാല്‍ പോലും കണ്ടെത്തനാകില്ലെന്ന് സി.പി.ഐ.എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. അതിനുള്ള തെളിവാണ് കുഞ്ഞനന്തനെ പിടിക്കാന്‍ പോലീസിന് കഴിയാതിരുന്നതെന്നും കോടിയേരി പറഞ്ഞു.

കുനിയില്‍ ഇരട്ടക്കൊലപാതകക്കേസില്‍ പി.കെ ബഷീര്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരെയെങ്കിലും സംരക്ഷിക്കാന്‍ സി.പി.ഐ.എം തീരുമാനിച്ചിട്ടുണ്ടെങ്കില്‍ എന്തുപ്രയാസമുണ്ടായാലും പാര്‍ട്ടി അത് ചെയ്യും. അതിനെ മറികടക്കാനൊന്നും ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

കെ.സുധാകരന്‍ എം.പിയ്‌ക്കെതിരെ കണ്ണൂരിലെ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കാന്‍ ഐ.ജി എസ്.ഗോപിനാഥിനെ കൊണ്ടുവന്നത് സുധാകരനെ സംരക്ഷിക്കാനാണ്. കുനിയില്‍ കൊലപാതക അന്വേഷണത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. നിരോധിച്ച സംഘടനകളോടുള്ള അതേ സമീപനമാണ് കോണ്‍ഗ്രസിന് സി.പി.ഐ.എമ്മിനോടുള്ളത്. കേരളത്തിലെ കോണ്‍ഗ്രസിനെ മുസ്‌ലീം ലീഗ് വിഴുങ്ങുന്ന കാലം വിദൂരമല്ലെന്നും കോടിയേരി പറഞ്ഞു.

We use cookies to give you the best possible experience. Learn more