| Tuesday, 18th September 2018, 10:00 am

ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതി നല്‍കിയ കന്യാസ്ത്രീ തെളിവ് കാണിക്കട്ടെ: മലക്കംമറിഞ്ഞ് കോടനാട് പള്ളി വികാരി ഫാ. നിക്കോളാസ് മണിപ്പറമ്പില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതി നല്‍കിയ കന്യാസ്ത്രീ തെളിവ് കാണിക്കട്ടെ എന്ന് കോടനാട് പള്ളി വികാരി ഫാ. നിക്കോളാസ് മണിപ്പറമ്പില്‍. നേരത്തെ ബിഷപ്പിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ഈ വികാരി തന്നെ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. എന്നാല്‍, കന്യാസ്ത്രീ തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്നാണ് വികാരി ഇപ്പോള്‍ പറയുന്നത്.

ബിഷപ്പിനെതിരെ ശക്തമായ തെളിവുണ്ടെന്ന് മൂന്നുമാസം മുമ്പ് പറഞ്ഞ കന്യാസ്ത്രീ ഇതുവരെ തെളിവ് തന്നെ കാണിച്ചിട്ടില്ലെന്ന് പള്ളി വികാരി വ്യക്തമാക്കി. തെരുവില്‍ ഇറങ്ങുന്നതിനു മുമ്പ് തെളിവ് പൊലീസിനു നല്‍കാതെ സഭയെ അപമാനിക്കാന്‍ ഇടകൊടുത്ത അവര്‍ സഭാശത്രുക്കളാണെന്നും പള്ളി വികാരി പറഞ്ഞു.


ജലന്തര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീകളുടെ പക്കല്‍ ശക്തമായ തെളിവുകളുണ്ടെന്നും അതില്‍ ചിലത് താന്‍ കണ്ടുവെന്നുമായിരുന്നു നേരത്തെ പള്ളി വികാരി മാധ്യമങ്ങള്‍ക്കു മുമ്പില്‍ വെളിപ്പെടുത്തിയിരുന്നത്. പരാതിക്കാരിയായ കന്യാസ്ത്രീ താന്‍ നേരിട്ട ദുരനുഭവങ്ങള്‍ ഫാദര്‍ നിക്കോളാസിനോടാണ് ആദ്യം പറഞ്ഞത്.

നേരത്തെ പൊലീസിന് നല്‍കിയ മൊഴിയിലും പള്ളി വികാരി കന്യാസ്ത്രീ പറഞ്ഞ കാര്യങ്ങള്‍ തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് നാളെ ചോദ്യം ചെയ്യാനിരിക്കെ ഫാദര്‍ നിക്കോളാസ് കളംമാറിയത്. ഞായറാഴ്ച കുര്‍ബാനയ്ക്കിടയിലെ പ്രസംഗത്തിലും ഫാ. നിക്കോളാസ് കന്യാസ്ത്രീയെ വിമര്‍ശിച്ചിരുന്നു.

അതേസമയം, തനിക്കെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീ മഠത്തിലെ സ്ഥിരം ശല്യക്കാരിയാണെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു. പലതവണ കന്യാസ്ത്രീയെ വിളിച്ചു താക്കീത് ചെയ്തിട്ടുണ്ട്. വ്യക്തിവൈരാഗ്യം മൂലമാണ് തനിക്കെതിരെ ലൈംഗികാരോപനം ഉന്നയിക്കുന്നതെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു.


മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് കന്യാസ്ത്രീക്കെതിരെ ഗുരുതര ആരോപണം ഫ്രാങ്കോ മുളയ്ക്കല്‍ ഉന്നയിക്കുന്നത്. തനിക്കെതിരെയുള്ള പരാതിയില്‍ ഗൂഢാലോചനയുണ്ടെന്നും ബിഷപ്പ് ആരോപിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more