കൊച്ചി: കൊച്ചിയില്‍ സിനഗോഗിന് നേരെ തീവെയ്പ്പ നടത്തിയ കേസില്‍ അറസ്റ്റിലായ കോലഞ്ചേരി സ്വദേശി എബിന് പോളിനെതിരെ (32) യു.എ.പി.എ ചുമത്തി. അന്വേഷണ സംഘം എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. യു.എ.പി.എ 16, 18 വകുപ്പുകള്‍ പ്രകാരം, ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള ഗൂഢാലോചന, ജനങ്ങള്‍ക്കിടയില്‍ ഭീതി സൃഷ്ടിക്കാനും സ്പര്‍ധ വളര്‍ത്താനും ലക്ഷ്യമിട്ട് നടത്തുന്ന കുറ്റകൃത്യം എന്നീ കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ ചുമത്തി.
എബിനെതിരെ യു.എ.പി.എ ചുമത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കല്‍രാജ് മഹേഷ് കുമാര്‍ നേരത്തെ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞിരുന്നു. സംഭവത്തില്‍ വിശാല ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കേസ് എന്‍.ഐ.എയ്ക്ക് വിടുമോ എന്ന ചോദ്യത്തിന് കേരളത്തിലെ എ.ടി.എസ് ആണ് ആദ്യ ഘട്ടത്തില്‍ അന്വേഷിക്കുക എന്നും കമ്മീഷണര്‍ പറഞ്ഞു. പിന്നീട് എന്‍.ഐ.എയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇതുവരെ നടന്ന അന്വേഷണത്തില്‍ ഈ ഒരാള്‍ മാത്രമല്ല ഉള്ളത്. മറ്റുള്ളവര്‍ ഇവര്‍ക്ക് പിന്നിലുണ്ടാവും. എറണാകുളം സിനഗോഗ് ആക്രമണം അല്ലാതെ മറ്റ് മൂന്ന് സമാന ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു.
എറണാകുളം റൂറല്‍ ജില്ലയിലാണ് ഈ ആക്രമണങ്ങള്‍ നടന്നത്. അത് പ്രാക്ടീസ് ആയിട്ടാണോ മറ്റ് ഭാഗമായിട്ടാണോ ചെയ്തതെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലക്ഷ്യംവെച്ച സ്ഥലങ്ങള്‍ സെന്‍സിറ്റീവ് ആയ സ്ഥലങ്ങളായതിനാലാണ് യു.എ.പി.എ വകുപ്പുകള്‍ പ്രതിക്കെതിരെ ചുമത്തിയതെന്നും കല്‍രാജ് മഹേഷ് കുമാര്‍ പറഞ്ഞു. കൂടുതല്‍ ആളുകള്‍ ഇതിന്റെ പുറകില്‍ ഉണ്ടെന്ന് സംശയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ബോസ് എന്നയാളുടെ നിര്‍ദേശപ്രകാരം എബിന് കൃത്യങ്ങള്‍ ചെയ്തെന്നാണ് പൊലീസിന്റെ കണ്ടെത്തലെന്ന് നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തനിക്ക് നിര്‍ദേശം നല്‍കിയത് വിക്രം എന്നയാളാണെന്ന് എബിന് മൊഴി നല്‍കിയെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. വിക്രം, ബോസ് എന്നിവരെക്കുറിച്ചുള്ള ചോദ്യത്തിന് അത്തരം കാര്യങ്ങള്‍ അന്വേഷണത്തെ ബാധിക്കുന്നതാണെന്ന് കമ്മീഷണര്‍ മറുപടി നല്കി.
ഈ മാസം 12 ന് പുലര്‍ച്ചെയാണ് എബിന് ബി.പോള്‍ സിനഗോഗിന് മുന്‍ഭാഗം പെട്രോളൊഴിച്ച് തീകൊളുത്തിയത്. അന്ന് ഉച്ചയോടെ തന്നെ പുത്തന്‍കുരിശില്‍ നിന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വലിയ തോതില്‍ രാസലഹരി ശേഖരവും പിടികൂടിയതായി പൊലീസ് പറഞ്ഞിരുന്നു.
സിനഗോഗിന് പുറമേ മൂവാറ്റുപുഴയിലെ ഒരു യൂസ്ഡ് കാര്‍ ഷോറൂമിന് നേരെ മാര്‍ച്ചിലും അടച്ചിട്ടിരുന്ന ഒരു വീടിനുനേരെ ജനുവരിയിലും ഫെബ്രുവരിയിലും എബിന് പെട്രോള്‍ ബോംബ് എറിഞ്ഞിരുന്നതായും പൊലീസ് പറയുന്നു.
Content Highlight: Kochi Synagogue Case Update