| Monday, 16th June 2025, 11:48 am

കൊച്ചിയിലെ കപ്പലപകടം; നാശനഷ്ടത്തിനുള്ള നഷ്ടപരിഹാരം സ്ഥിരനിക്ഷേപമായി കമ്പനി കെട്ടിവെക്കണം: ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: എം.എസ്.സി എല്‍സ ത്രീ കപ്പലപകടത്തില്‍ നാശനഷ്ടത്തിനുള്ള നഷ്ടപരിഹാരം സ്ഥിര നിക്ഷേപമായി വേണമെന്ന് ഹൈക്കോടതി. ദേശസാല്‍കൃത ബാങ്കില്‍ ഒരു വര്‍ഷത്തേക്ക് പണം സ്ഥിര നിക്ഷേപമായി കെട്ടിവെക്കണമെന്നാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം.

5.97 കോടി രൂപ മെഡിറ്റേറിയന്‍ കമ്പനി കെട്ടിവെച്ചിരുന്നു. ഹൈക്കോടതി രജിസ്ട്രിക്കാണ് സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കപ്പലപകടമുണ്ടായതിന് പിന്നാലെ അഞ്ച് ചരക്ക് ഉടമകള്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്.

എം.എസ്.സി എല്‍സ 3 കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് ഇതേ കമ്പനിയുടെ ഉടമസ്ഥതയില്‍ തന്നെയുള്ള എം.എസ്.സി മാന്‍സ എഫ് തടഞ്ഞുവെക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

വിഴിഞ്ഞം തുറമുഖ അധികൃതര്‍ക്കായിരുന്നു ബെഞ്ച് നിര്‍ദേശം നല്‍കിയത്. ക്യാഷൂ എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ നല്‍കിയ ഹരജിയിലാണ് കോടതി കപ്പല്‍ തടഞ്ഞ് വെക്കാന്‍ നിര്‍ദേശം നല്‍കിയത്.

ആറ് കോടി രൂപയുടെ നഷ്ടം തങ്ങള്‍ക്കുണ്ടെന്ന് ആരോപിച്ചാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഇതേ കമ്പനിയുടെ എം.എസ്.സി മാന്‍സ എന്ന കപ്പല്‍ തടഞ്ഞുവെക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. ആറ് കോടി രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് കോടതിയില്‍ ഹരാജരാക്കിയാല്‍ കപ്പല്‍ വിടാമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

Content Highlight: Kochi shipwreck; Company should deposit compensation for damage as a fixed deposit: High Court

We use cookies to give you the best possible experience. Learn more