| Thursday, 6th December 2012, 9:29 am

കൊച്ചി മെട്രോയില്‍ ആശയക്കുഴപ്പമുണ്ടായിട്ടുണ്ട്: ഉമ്മന്‍ ചാണ്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊച്ചി മെട്രോ വിഷയവുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിരുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രശ്‌നങ്ങളെല്ലാം ഉടന്‍ തന്നെ പരിഹരിക്കപ്പെടുമെന്നും മെട്രോ പദ്ധതി ശ്രീധരന്റേയും ഡി.എം.ആര്‍.സിയുടേയും നേതൃത്വത്തില്‍ തന്നെ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.[]

കൊച്ചി മെട്രോയില്‍ ആശയക്കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലെന്ന് പറയാന്‍ കഴിയില്ല. ചില പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്തായാലും സമയബന്ധിതമായി മെട്രോയുടെ ജോലി തീര്‍ക്കും. പ്രശ്‌നങ്ങളെല്ലാം ഉടന്‍ തന്നെ പരിഹരിക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കൊച്ചി മെട്രോയില്‍ ഇ. ശ്രീധരന് പൂര്‍ണ അധികാരം നല്‍കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര നഗരവികസന സെക്രട്ടറിയും കെ.എം.ആര്‍.എല്‍ ചെയര്‍മാനുമായ സുധീര്‍ കൃഷ്ണയുടെ ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അത് തനിയ്ക്ക് അറിയില്ലെന്നും കൂടുതല്‍ അറിയണമെങ്കില്‍ കേന്ദ്ര നഗരവികസന മന്ത്രി കമല്‍നാഥിനോട് ചോദിക്കേണ്ടി വരുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

തനിയ്ക്ക് ആരെ കുറിച്ചും പരാതിയും പരിഭവവും ഇല്ല. കൊച്ചി മെട്രോ ഡി.എം.ആര്‍.സി തന്നെ പൂര്‍ത്തിയാക്കമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി മെട്രോയില്‍ കെ.എം.ആര്‍.എല്‍ ചെയ്യേണ്ടത് ചെയ്യണമെന്നും പദ്ധതിയില്‍ ഡി.എം.ആര്‍.സിയുടെ റോള്‍ സംബന്ധിച്ച് പൂര്‍ണരൂപമായിട്ടില്ലെന്നും സുധീര്‍ കൃഷ്ണ ഇന്നലെ പറഞ്ഞിരുന്നു.

നഗരവികസന മന്ത്രാലയവും ഡി.എം.ആര്‍.സി ഡയറക്ടര്‍ ബോര്‍ഡും ഒരു തീരുമാനവും എടുത്തിട്ടില്ല. മെട്രോയുടെ പദ്ധതിരേഖകളില്‍ ചില മാറ്റങ്ങള്‍ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഡി.എം.ആര്‍.സിയുടെ കുറിപ്പ് തിരിച്ചയച്ചത് സര്‍ക്കാര്‍ നടപടിക്രമം മാത്രമാണെന്നും സുധീര്‍ കൃഷ്ണ പറഞ്ഞു.

കൊച്ചി മെട്രോ ഡി.എം.ആര്‍.സി ഏറ്റെടുക്കുന്നതിന് തടസ്സം ഉദ്യോഗസ്ഥരാണെന്ന് ഇ.ശ്രീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാഷ്ട്രീയതലത്തില്‍ പദ്ധതിക്ക് തടസ്സമൊന്നുമില്ലെന്നും കേന്ദ്ര നഗരവികസന മന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥര്‍ പദ്ധതിക്ക് എതിരാണെന്നുമായിരുന്നു ശ്രീധരന്‍ പറഞ്ഞത്.

കൊച്ചി മെട്രോയില്‍ ഡി.എം.ആര്‍.സിയെ സഹകരിപ്പിച്ചിട്ടില്ലെങ്കില്‍ താനുമുണ്ടാകില്ലെന്നും വീണ്ടും ശ്രീധരന്‍ വ്യക്തമാക്കിയിരുന്നു. കൊച്ചി മെട്രോയുടെ നിര്‍മാണ ചുമതല പൂര്‍ണമായും ഡി.എം.ആര്‍.സിക്ക് ലഭിക്കുന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ശ്രീധരന്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

We use cookies to give you the best possible experience. Learn more