| Monday, 15th December 2025, 7:54 am

കൊച്ചി മേയര്‍, മൂന്ന് വനിതകള്‍ പരിഗണനയില്‍; പരസ്യ പ്രസ്താവനകള്‍ക്ക് വിലക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാകുളം: കൊച്ചി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയത്തിന് പിന്നാലെ മേയര്‍ സ്ഥാനത്തേക്ക് മൂന്ന് വനിതകള്‍ പരിഗണനയില്‍.

കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായ ദീപ്തി മേരി വര്‍ഗീസ്, നാല് തവണ കൗണ്‍സിലറായ വി.കെ. മിനി മോൾ, ഫോര്‍ട്ട് കൊച്ചി ഡിവിഷന്‍ കൗണ്‍സിലര്‍ ഷൈനി മാത്യു എന്നിവരാണ് മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്.

ദീപ്തി മേരി വര്‍ഗീസ്

കോണ്‍ഗ്രസിലെ മുതിര്‍ന്ന വനിതാ നേതാക്കളില്‍ ഒരാളാണ് ദീപ്തി മേരി വര്‍ഗീസ്. കൂടാതെ കെ.സി. വേണുഗോപാല്‍ പക്ഷത്തിന്റെ വ്യക്തമായ പിന്തുണയുമുള്ള നേതാവ് കൂടിയാണ്.

വി.കെ. മിനി മോൾ

കൊച്ചിയില്‍ വലിയ സ്വാധീനമുള്ള നേതാവാണ് വി.കെ. മിനി മോൾ. കൗണ്‍സിലര്‍ക്ക് പുറമെ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ചെയര്‍മാനായിരുന്നു. മാത്രമല്ല പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പിന്തുണയുമുണ്ട്. ജില്ലയിലെ പ്രധാന നേതാക്കളില്‍ ഒരാളാണ് വി.ഡി. സതീശന്‍.

ഷൈനി മാത്യു

സാമുദായിക-സഭ പിന്തുണയുടെ അടിസ്ഥാനത്തിലാണ് ഷൈനി മാത്യുവിന്റെ പേര് ഉയര്‍ന്ന് കേള്‍ക്കുന്നത്. കഴിഞ്ഞ ടേമില്‍ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട നേതാവ് കൂടിയാണ് ഷൈനി മാത്യു.

എന്നാല്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ തിരക്കിട്ട ചര്‍ച്ചകള്‍ വേണ്ടെന്നാണ് പാര്‍ട്ടി നിര്‍ദേശം. എ.ഐ.സി.സി, കെ.പി.സി.സി എന്നിവരുടെയും താത്പര്യങ്ങളോട് കൂടി വെള്ളിയാഴ്ചക്കുള്ളില്‍ മേയറെ തെരഞ്ഞെടുക്കാമെന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

അത് വരെ പരസ്യ പ്രസ്താവനകളും മറ്റും വേണ്ടെന്നും കര്‍ശന നിര്‍ദേശമുണ്ട്. നിലവില്‍ എറണാകുളം ജില്ലയിലെ മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍, ത്രിതല പഞ്ചായത്തുകളിലേക്കും തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ യു.ഡി.എഫ് പ്രതിനിധികളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള യോഗം ഇന്ന് കൊച്ചിയില്‍ ചേരും. വി.ഡി. സതീശന്റെ നേതൃത്വത്തിലായിരിക്കും യോഗം നടക്കുക.

അതേസമയം കൊച്ചി കോര്‍പ്പറേഷനിലെ 76 ഡിവിഷനുകളില്‍ 46ഉം നേടിയാണ് യു.ഡി.എഫ് ഭരണം പിടിച്ചത്. 20 സീറ്റ് എല്‍.ഡി.എഫും ആറ് സീറ്റില്‍ എന്‍.ഡി.എയും വിജയിച്ചു.

എറണാകുളം ജില്ലയാകമാനം യു.ഡി.എഫ് തൂത്തുവാരികയും ചെയ്തു. 1467 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളില്‍ 838ഉം 202 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളില്‍ 154ഉം 28 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ 25ഉം 447 മുന്‍സിപ്പാലിറ്റി വാര്‍ഡുകളില്‍ 227 സീറ്റും നേടിയാണ് യു.ഡി.എഫ് ജില്ലയില്‍ അടിത്തറ പാകിയത്.

Content Highlight: Kochi Mayor, three women under consideration; ban on public statements

We use cookies to give you the best possible experience. Learn more