| Wednesday, 2nd September 2026, 11:43 am

സഞ്ജു മാത്രമുള്ള ചരിത്രത്തിലേക്ക് ഇടുക്കിയില്‍ നിന്നൊരു മിടുക്കന്‍; കരുത്തുകാട്ടി കൊച്ചിയുടെ നീലക്കടുവ

സുദേവ് എ

കേരള ക്രിക്കറ്റ് ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സ് ആലപ്പി റിപ്പിള്‍സിനെതിരെ വമ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 69 റണ്‍സിനായിരുന്നു കൊച്ചിയുടെ വിജയം.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊച്ചി നാല് വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സിന്റെ കൂറ്റന്‍ ടോട്ടലാണ് അടിച്ചെടുത്തത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ആലപ്പി റിപ്പിള്‍സ് ഇന്നിങ്സ് 18.4 ഓവറില്‍ 173 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

സെഞ്ച്വറി നേടി തിളങ്ങിയ യുവതാരം ജോബിന്‍ ജോബിയുടെ കരുത്തിലാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് മികച്ച ടോട്ടല്‍ നേടിയത്. 51 പന്തില്‍ പുറത്താവാതെ 109 റണ്‍സാണ് ഇടുക്കിയുടെ അഭിമാനമായ താരമായ ജോബിന്‍ നേടിയത്. അഞ്ച് ഫോറുകളും 10 കൂറ്റന്‍ സിക്‌സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

കെ.സി.എല്ലില്‍ കൊച്ചിക്ക് വേണ്ടി സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമാണ് ജോബിന്‍. മലയാളികളുടെ അഭിമാനമായ സഞ്ജു സാംസണ്‍ മാത്രമായിരുന്നു ഇതിന് മുമ്പ് കൊച്ചിയുടെ സെഞ്ചൂറിയന്‍. കഴിഞ്ഞ സീസണില്‍ കൊല്ലം സെയിലേഴ്സിനെതിരെയായിരുന്നു സഞ്ജുവിന്റെ സെഞ്ച്വറി പിറന്നത്. 51 പന്തുകളില്‍ നിന്നും 121 റണ്‍സായിരുന്നു സഞ്ജു നേടിയിരുന്നത്.

അതേസമയം മത്സരത്തില്‍ ജോബിന്റെ സെഞ്ച്വറിക്ക് പുറമെ ബിപുല്‍ ശക്തി 39 റണ്‍സും ഉണ്ണികൃഷ്ണന്‍ മനുകൃഷ്ണന്‍, എന്‍. മുഹമ്മദ് ആഷിഖ് എന്നിവര്‍ 31 റണ്‍സും സ്വന്തമാക്കി കൊച്ചിക്ക് വമ്പന്‍ ടോട്ടല്‍ നല്‍കുന്നതില്‍ നിര്‍ണായകമായി.

ബൗളിങ്ങില്‍ മുഹമ്മദ് ആഷിക് മൂന്ന് വിക്കറ്റും ഉണ്ണികൃഷ്ണന്‍, ഏദന്‍ ആപ്പിള്‍ ടോം എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും കാര്‍ത്തിക് ബി. നായര്‍, മിഥുന്‍ പി.കെ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു.

ആലപ്പിയുടെ ബാറ്റിങ് നിരയില്‍ അരുണ്‍ കെ.എ അര്‍ധ സെഞ്ച്വറി നേടി പൊരുതി. 32 പന്തില്‍ ആറ് റണ്‍സാണ് താരം നേടിയത്.

Content Highlight: Kochi blue tigers players Jobin Jobi score a great century in Kerala cricket league

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more