| Wednesday, 13th December 2017, 12:59 pm

മാവോയിസ്റ്റ് നേതാവ് കൊബാദ് ഘാണ്ടിയ്ക്ക് ജാമ്യം; പുറത്തിറങ്ങിയത് എട്ടു വര്‍ഷത്തെ തടവുജീവിതത്തിനു ശേഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിശാഖപട്ടണം: സി.പി.ഐ മാവോയിസ്റ്റ് നേതാവ് കൊബാദ് ഘാണ്ടി ജാമ്യം ലഭിച്ച പുറത്തിറങ്ങി. എട്ടുവര്‍ഷത്തെ തടവു ജീവിതത്തിനു ശേഷമാണ് മാവോയിസ്റ്റ് പൊളിറ്റ് ബ്യൂറോ അംഗമായിരുന്ന കൊബാദ് പുറത്തിറങ്ങിയത്. നിരവധി കൊലപാതക കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട് 2009 ലാണ് ഇദ്ദേഹം ജയിലിലാകുന്നത്.

വിശാഖപട്ടണം സെന്‍ട്രല്‍ജയിലില്‍ നിന്നു ഇന്നലെ രാത്രിയാണ് കൊബാദാ പുറത്തിറങ്ങുന്നത്. വിശാഖപട്ടണം ഉള്‍പ്പെടെയുള്ള നിരവധി സ്ഥലങ്ങളില്‍ ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസുകളില്‍ ജാമ്യം ലഭിച്ച 66 കാരനായ നേതാവ് ജയിലില്‍ നിന്നു പുറത്തിറങ്ങിയ ശേഷം സ്വന്തം നഗരമായ മുംബൈയിലേക്ക് പോയതായാണ് റിപ്പോര്ട്ടുകള്‍.

അരവിന്ദ്, സലീം, കമല്‍, ആസാദ് തുടങ്ങി വിവിധ പേരുകളില്‍ അറിയപ്പെട്ടിരുന്ന നേതാവാണ് കൊബാദ് ഘാണ്ടി. 2009 ല്‍ ന്യൂദല്‍ഹിയില്‍വെച്ച് ആന്ധ്രാ പൊലീസാണ് അറസ്റ്റ് ചെയ്യുന്നത്. ആദ്യം ചെര്‍ലാപള്ളി സെന്‍ട്രല്‍ ജയിലില്‍ തടവിലാക്കിയ കൊബാദിനെ ഹൈദരാബാദിലും തിഹാര്‍ ജയിലില്‍ തടവിലിട്ടിരുന്നു.

ഈ വര്‍ഷം ഏപ്രിലിലാണ് ഇദ്ദേഹത്തെ വിശാഖപട്ടണം ജയിലിലെത്തിച്ചിരുന്നത്. കഴിഞ്ഞവര്‍ഷം ഭീകരവാദ കുറ്റങ്ങളില്‍ നിന്നും കൊബാദ് ഘാണ്ടിയെ കുറ്റവിമുക്തനാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more