ബെര്‍ലിന്‍: ജര്‍മനിയിലെ റെയില്‍വെ സ്റ്റേഷനില്‍ കത്തി ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റു. ഹാംബുര്‍ഗിലെ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ (വെള്ളിയാഴ്ച്ച)യാണ് ആക്രമണം ഉണ്ടായത്.
ആക്രമണം നടത്തിയ 39 വയസുള്ള ജര്‍മന്‍ യുവതിയെ പെലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ ഇന്ന് (ശനിയാഴ്ച്ച) കോടതിയില്‍ ഹാജരാക്കും. അതേസമയം ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. പ്രതി ഒറ്റയ്ക്കാണ്
കൃത്യം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയലക്ഷ്യങ്ങളില്ല. പ്രതി മാനസിക വെല്ലുവിളി നേരിടുന്നതായും പൊലീസ് സംശയിക്കുന്നുണ്ട്.
ആക്രമണം ഞെട്ടിപ്പിക്കുന്നതായിരുന്നു എന്ന് ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് പറഞ്ഞു. അടിയന്തര സേവനങ്ങള്‍ നല്‍കിയവരോട് നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്ലാറ്റ്ഫോമില്‍ ട്രെയിന്‍ നിര്‍ത്തി ഇട്ടിരിക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റവരില്‍ ചിലര്‍ക്ക് ട്രെയിനുകള്‍ക്കുള്ളില്‍ വെച്ചാണ് ചികിത്സ നല്‍കിയത്. ആക്രമണത്തെ തുടര്‍ന്ന് ചില ട്രെയിനുകള്‍ വഴി തിരിച്ച് വിട്ടിട്ടുണ്ട്.
ജര്‍മനിയിലെ ഏറ്റവും തിരക്കേറിയ സ്റ്റേഷനുകളിലൊന്നാണ് ഹാംബര്‍ഗ് സെന്‍ട്രല്‍ സ്റ്റേഷന്‍. പ്രതിദിനം 550,000ത്തിലധികം യാത്രക്കാരാണ് ഈ സ്റ്റേഷനില്‍ എത്തുന്നത്. വെള്ളിയാഴ്ച ദിവസങ്ങളില്‍ തിരക്ക് അധികമാണ്.
2024 ഡിസംബറില്‍ ജര്‍മനിയിലെ മഗ്‌ഡെബര്‍ഗ് നഗരത്തിലും സമാനമായ അപകടം നടന്നിരുന്നു. നഗരത്തിലെ ആള്‍ക്കൂട്ടത്തിലേക്ക് ഡോക്ടറും മനശാസ്ത്ര വിദഗ്ദനുമായ തലേബ് എന്ന 50കാരന്‍ അമിത വേഗത്തില്‍ കാര്‍ ഇടിച്ച് കയറ്റുകയായിരുന്നു.
അപകടത്തില്‍ ഒരു കുട്ടി അടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു. 60ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2016ലും ജര്‍മന്‍ മാര്‍ക്കറ്റില്‍ ഇത്തരത്തില്‍ അപകടം നടന്നിട്ടുണ്ട്.
പിന്നീട് ഈ അപകടം തീവ്രവാദി ആക്രമണമാണെന്ന് കണ്ടെത്തിയിരുന്നു. ആക്രമണത്തില്‍ 12 പേരാണ് കൊല്ലപ്പെട്ടത്.
Content Highlight: Knife attack at German train station; 18 injured