| Tuesday, 4th August 2026, 3:01 pm

മാടമ്പി സ്വഭാവം പുറത്തുവരുന്നു, വിളിച്ചുവരുത്തി അപമാനിക്കുന്നതിന് തുല്യം; സി.പി. ജോണിനെതിരെ കെ.എന്‍. ബാലഗോപാല്‍

ആദർശ് എം.കെ.

തിരുവനന്തപുരം: പ്രിയദര്‍ശിനി ബസില്‍ കയറുന്ന സ്ത്രീകളെ അപമനാനിക്കുന്ന തരത്തില്‍ പ്രസ്താനവന നടത്തിയ ഗതാഗതമന്ത്രി സി.പി. ജോണിനെതിരെ കെ.എന്‍. ബാലഗോപാല്‍ എം.എല്‍.എ.

എല്ലാ സ്ത്രീകള്‍ക്കും കെ.എസ്.ആര്‍.ടി.സിയില്‍ യാത്രാസൗകര്യം ഒരുക്കുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തിലെത്തിയ ശേഷം, ജനങ്ങളെ ഇത്തരത്തില്‍ കളിയാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സര്‍ക്കാരിന്റേത് മാടമ്പി സ്വഭാവമാണെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

‘പണിയില്ലാത്തതുകൊണ്ടാണ് സ്ത്രീകള്‍ ബസ്സില്‍ കേറിപ്പോകുന്നത്’ എന്ന രീതിയിലുള്ള പരാമര്‍ശം ജനങ്ങളെ ആക്ഷേപിക്കുന്നതാണ്. എല്ലാ സ്ത്രീകള്‍ക്കും കെ.എസ്.ആര്‍.ടി.സിയില്‍ യാത്രാസൗകര്യം ഒരുക്കുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തിലെത്തിയ ശേഷം, ജനങ്ങളെ ഇത്തരത്തില്‍ കളിയാക്കുന്നത് അംഗീകരിക്കാനാവില്ല.

സദ്യ വിളമ്പി വെച്ചിട്ട് നിങ്ങളൊക്കെ എന്തിനാണ് ഉണ്ണാന്‍ വന്നത്, വേറെ എവിടെയെങ്കിലും പോയി പണം കൊടുത്ത് കഴിച്ചൂടെ എന്ന് ചോദിക്കുന്നതിന് തുല്യമാണിത്. ജനങ്ങള്‍ക്ക് എന്തോ ദാനം നല്‍കുന്നു എന്ന രീതിയിലുള്ള മാടമ്പി സ്വഭാവമാണ് സര്‍ക്കാരിനുള്ളത്.

ഓര്‍ഡിനറി ബസ്സുകളുടെ സര്‍വീസുകള്‍ വെട്ടിച്ചുരുക്കുകയും റൂട്ടുകള്‍ മാറ്റുകയും ചെയ്യുന്നതിലൂടെ പൊതുഗതാഗത സൗകര്യം ഇല്ലാതാക്കുകയാണ്.

സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികളെ അഡ്മിറ്റ് ചെയ്യുന്നതിനെയും സ്വകാര്യ സ്‌കൂളുകളെയും കുറിച്ച് സര്‍ക്കാര്‍ നടത്തുന്ന പ്രസ്താവനകള്‍ സമാനമാണ്. പാവപ്പെട്ടവര്‍ക്ക് അടിയന്തര ചികിത്സ നല്‍കുന്നതില്‍ നിന്നും സര്‍ക്കാരിന്റെ സേവനങ്ങളില്‍ നിന്നും ഒളിച്ചോടാനുള്ള ശ്രമമാണിത്,’ അദ്ദേഹം പറഞ്ഞു.

പദ്ധതികള്‍ നടപ്പിലാക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് ജനങ്ങളെയും മാധ്യമങ്ങളെയും അധിക്ഷേപിച്ച് വായടപ്പിക്കാനാണ് ഭരണാധികാരികള്‍ ശ്രമിക്കുന്നത്. ജനാധിപത്യ രീതിയില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നവരോട് കയര്‍ക്കുന്ന നിലപാട് ഗവണ്‍മെന്റിന്റെ അഹങ്കാരവും ധിക്കാരവുമാണ് വ്യക്തമാക്കുന്നതെന്നും മുന്‍ മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ പ്രൈവറ്റ് സ്‌കൂളില്‍ ഉയര്‍ന്ന ഫീസ് നല്‍കി മക്കളെ പഠിപ്പിക്കുന്ന സ്ത്രീകള്‍ സൗജന്യ യാത്രയ്ക്കായി ബസ്സുകളില്‍ തള്ളിക്കയറുന്നുവെന്നായിരുന്നു ഗതാഗത മന്ത്രി സി.പി. ജോണിന്റെ പ്രസ്താവന. ആശുപത്രിയുടെ കാര്യം വരുമ്പോള്‍ ഇതേ സ്ത്രീകള്‍ തന്റെ അച്ഛനെയും ഭര്‍ത്താവിനെയും കൊണ്ട് സര്‍ക്കാര്‍ ആശുപത്രിയുടെ വരാന്തയില്‍ കിടക്കുകയാണെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യ ബസ് ജീവനക്കാരുടെ യൂണിയന്‍ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

സര്‍ക്കാര്‍ സ്‌കൂളില്‍ സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്. സര്‍ക്കാര്‍ സ്‌കൂളിലേക്കും ഫീസ് വേണ്ടാത്ത സ്വകാര്യ സ്‌കൂളിലേക്കും പോലും അയക്കാതെ ഫീസ് കൊടുക്കേണ്ട സ്‌കൂളിലേക്കാണ് മക്കളെ പഠിപ്പിക്കാന്‍ വിടുന്നത്. ആശുപത്രിയുടെ കാര്യം വരുമ്പോള്‍ ഇതേ സ്ത്രീ തന്റെ അച്ഛനെയും ഭര്‍ത്താവിനെയും കൊണ്ട് ഗവണ്‍മെന്റ് ആശുപത്രിയില്‍ വരാന്തയില്‍ കിടക്കുകയാണെന്നും സി.പി. ജോണ്‍ പറഞ്ഞു.

സ്വകാര്യ ബസ് വിട്ട് സ്ത്രീകള്‍ പ്രിയദര്‍ശിനി കാത്തുനിന്ന് തിക്കി തിരക്കി പോകുന്നതിന്റെ കാരണം കുടുംബിനികള്‍ക്ക് കയ്യില്‍ കാശില്ലാത്തതുകൊണ്ടാണ്. ഈ ബസ്സിന് കാശില്ലാത്ത സ്ത്രീ സ്വകാര്യ സ്‌കൂളിലേക്ക് കുട്ടികളെ വിടുകയാണെന്നും സി.പി.ജോണ്‍ പറയുന്നു.

Content Highlight: KN Balagopal slams CP John

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more