തിരുവനന്തപുരം: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവയുദ്ധം സാമ്പത്തിക മേഖലയില്‍ കൊവിഡ് മഹാമാരിയേക്കാള്‍ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍.
ഗുലാത്തി ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ സംഘടിപ്പിച്ച ‘കൊവിഡിന് ശേഷം കേരളത്തിന്റെ വികസനം നേരിടുന്ന വെല്ലുവിളികള്‍ ബജറ്റിന്റെ കാഴ്ചപാടിലൂടെ’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ട്രംപിന്റെ തീരുവയുദ്ധത്തിന്റെ അനന്തരഫലങ്ങള്‍ കേരളത്തിന്റെ കയറ്റുമതി അധിഷ്ടിത മേഖലകള്‍ക്ക് ദോഷകരമാകുമെന്നും പരിപാടിയില്‍ ധനമന്ത്രി പറഞ്ഞു.
രാജ്യത്തിന് മേല്‍ തീരുവ ചുമത്തുന്ന തീരുമാനവുമായി യു.എസ് പ്രസിഡന്റ് മുന്നോട്ട് പോയാല്‍ കേരളത്തില്‍ നിന്നുള്ള കയറ്റുമതി ഉത്പന്നങ്ങളായ സുഗന്ധദ്രവ്യങ്ങള്‍, തേയില, സമുദ്രോത്പന്നങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം തിരിച്ചടി നേരിടുമെന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്.
‘സുഗന്ധദ്രവ്യങ്ങള്‍, തേയില, സമുദ്രോത്പന്നങ്ങള്‍ തുടങ്ങിയ കയറ്റുമതിയെ ബാധിക്കും. അതിഗുരുതരമായ ഈ പ്രശ്‌നത്തെ സാമ്പത്തിക വിദഗ്ധര്‍ ഗൗരവത്തോടെ കാണണം. ജനങ്ങള്‍ക്കിടയില്‍ ഈ വിഷയം എത്തിച്ച് ശക്തമായ പ്രതിരോധമുയര്‍ത്തണം.
ഭീമന്‍ കോര്‍പ്പറേറ്റ് കമ്പനികളുടെ പ്രതിസന്ധി പരിഹരിക്കാനാണ് അവികസത, വികസ്വര രാജ്യങ്ങളുടെ വിപണി ചൂഷണം ചെയ്യുന്നത്,’ കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.
കാര്‍ഷിക, പാലുത്പന്ന ഇറക്കുമതിക്കായി ഇന്ത്യന്‍ വിപണി തുറന്നു കൊടുക്കാന്‍ യു.എസും ഓസ്‌ട്രേലിയയും പോലുള്ള വികസിത രാജ്യങ്ങള്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും മന്ത്രി ആരോപിച്ചു.
‘ഓസ്‌ട്രേലിയയില്‍ നിന്നും ലിറ്ററിന് 30 രൂപക്ക് പാല്‍ ഇറക്കുമതി ചെയ്യുമെന്നാണ് കേള്‍ക്കുന്നത്. നമ്മളിവിടെ കര്‍ഷകര്‍ക്ക് 50 രൂപയിലേറെ നല്‍കുന്നു. പാല്‍ ഇറക്കുമതി നമ്മുടെ സാമ്പത്തികസ്ഥിതിയില്‍ വലിയ പ്രത്യാഘാതമുണ്ടാക്കും. ക്ഷീരമേഖല തകരും. രാജ്യത്തെ പാവപ്പെട്ടവര്‍ ദുരിതത്തിലാകും,’ മന്ത്രി മുന്നറിയിപ്പ് നല്‍കി.
കേരളം കടക്കെണിയില്‍ ആണെന്ന പ്രചരണം തെറ്റാണെന്നും കൊവിഡിന് ശേഷം കടമെടുപ്പ് കുറയുകയാണെന്നും കെ.എന്‍. ബാലഗോപാല്‍ പരിപാടിയില്‍ പറഞ്ഞു. കടപെരുപ്പത്തിന്റെ തോത് നിയന്ത്രിക്കുന്നതില്‍ വിജയിച്ചുവെന്നും ഓരോ അഞ്ചുവര്‍ഷത്തിലും കേരളത്തിന്റെ പൊതുകടം ഇരട്ടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: KN Balagopal says Trump’s tariff war will be a bigger crisis than Covid, Kerala will also suffer setback