| Monday, 24th March 2025, 2:58 pm

സാമൂഹ്യക്ഷേമ പെന്‍ഷന്‍: എട്ടുലക്ഷം ഗുണഭോക്താക്കളുടെ കേന്ദ്രവിഹിതം നല്‍കുന്നതില്‍ വലിയ വീഴ്ച; മുടങ്ങുന്നത് സംസ്ഥാനം കേന്ദ്രത്തിന് മുന്‍കൂറായി നല്‍കിയ പണം: ധനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാര്‍ മുന്‍കൂറായി പണം നല്‍കിയിട്ടും സാമൂഹ്യക്ഷേമ പെന്‍ഷനുകളിലെ കേന്ദ്രവിഹിതം ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ എത്തിക്കുന്നതില്‍ കേന്ദ്രം കാലതാമസം വരുത്തുകയാണെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍.

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന വിവിധ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളില്‍ ഉള്‍പ്പെടുന്ന ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വിധവാ പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെന്‍ഷന്‍ എന്നീ മൂന്നിനം സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളിലെ നാമമാത്രമായ 8,46,456 പേര്‍ക്ക് മാത്രമാണ് എന്‍.എസ്.എ.പി പദ്ധതി പ്രകാരമുള്ള 200 മുതല്‍ 500 രൂപ വരെയുള്ള കേന്ദ്രവിഹിതം ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

നിയമസഭയില്‍ ലിന്റോ ജോസഫ് എം.എല്‍.എ സമര്‍പ്പിച്ച സബ്മിഷനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കേന്ദ്രവിഹിതം ഉള്‍പ്പെടെയുള്ള തുക മുഴുവനും ഒരുമിച്ച് സംസ്ഥാനസര്‍ക്കാര്‍ നല്‍കുകയും കേന്ദ്രവിഹിതം പിന്നീട് കേന്ദ്രസര്‍ക്കാര്‍ റീ ഇമ്പേഴ്‌സ്‌മെന്റ് രീതിയില്‍ തിരികെ നല്‍കുകയും ചെയ്യുന്ന രീതിയായിരുന്നു 2022 ഡിസംബര്‍ വരെ സ്വീകരിച്ചിരുന്നത്.

എന്നാല്‍ കേന്ദ്രവിഹിതം കൃത്യമായി തിരികെ നല്‍കാതെ കുടിശിക എകദേശം 600 കോടി രൂപ കവിയുന്ന സാഹചര്യമുണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂറായി ചെലവഴിച്ച 121.54 കോടി രൂപ ഇനിയും തിരികെ ലഭിക്കാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

2023 ജനുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ കേന്ദ്രവിഹിതവുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന പുതിയ നിബന്ധനപ്രകാരം കേന്ദ്രവിഹിതം ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് കേന്ദ്രസര്‍ക്കാര്‍ നേരിട്ടുനല്‍കാമെന്ന നിലപാട് സ്വീകരിച്ചുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

എന്നാല്‍ ഇത്തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിഹിതം കൃത്യമായി ലഭിക്കാത്ത സ്ഥിതിയുണ്ടായതിനാല്‍ കേന്ദ്രവിഹിതത്തിന് ആനുപാതികമായ തുക കേന്ദ്രസര്‍ക്കാരിന്റെ അക്കൗണ്ടിലേക്ക് സംസ്ഥാനം മുന്‍കൂട്ടി നല്‍കാന്‍ തുടങ്ങിയെന്നും മന്ത്രി അറിയിച്ചു.

ഇതേത്തുടര്‍ന്ന് 2023 ജനുവരി മുതല്‍ സംസ്ഥാനസര്‍ക്കാര്‍ പ്രതിമാസം 1600 രൂപ നിരക്കില്‍ സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ സ്വന്തം ഫണ്ടില്‍ നിന്നും അനുവദിക്കുമ്പോള്‍, കേന്ദ്രവിഹിതം ഇല്ലാത്ത പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് അതേ തുക ഒറ്റത്തവണയായി ലഭിക്കുകയും അതേസമയം, സംസ്ഥാനവിഹിതവും കേന്ദ്രവിഹിതവും ലഭിക്കുന്ന ഗുണഭോക്താക്കള്‍ക്ക് സംസ്ഥാനവിഹിതമായ 1100-1400 രൂപമാത്രം കൃത്യമായി ലഭിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായെന്നും അദ്ദേഹം മറുപടി നല്‍കി.

അതേസമയം കേന്ദ്രവിഹിതമായ 200-500 രൂപ സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് മുന്‍കൂറായി നല്‍കിയിട്ട് പോലും ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ മിക്കപ്പോഴും കാലതാമസം വരുത്തുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ചില ഗുണഭോക്താക്കള്‍ക്ക് കേന്ദ്രവിഹിതമായ 200-500 രൂപ സംസ്ഥാന വിഹിതത്തോടൊപ്പം ലഭ്യമാകാത്ത സാഹചര്യമുണ്ടാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരവധി തവണ ഈ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അത് പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. പഴയ രീതിയില്‍ 8,46,456 ഗുണഭോക്താക്കളുടെ കേന്ദ്രവിഹിതവും സംസ്ഥാനവിഹിതവും വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രം അനുവദിച്ചാല്‍ മാത്രമേ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുകയുള്ളൂവെന്നും മന്ത്രി അറിയിച്ചു.

സമൂഹത്തിലെ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സാമൂഹ്യ സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യം നിറവേറ്റുന്നതിന്റെ ഭാഗമായി സംസ്ഥാനസര്‍ക്കാര്‍ 55 ലക്ഷത്തിലധികം വരുന്ന ഗുണഭോക്താക്കള്‍ക്ക് സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനുകള്‍ അനുവദിച്ച് വരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Content Highlight: KN Balagopal’s response to the Assembly submission regarding social welfare pensions

Latest Stories

We use cookies to give you the best possible experience. Learn more