| Friday, 21st November 2025, 4:24 pm

കേരളത്തിന്റേത് പൂച്ച പെറ്റ് കിടക്കുന്ന ഖജനാവല്ല

സംഗീത്. കെ

ഇടതുഭരണത്തിന് കീഴില്‍ കേരളം കൈവരിച്ച നേട്ടങ്ങളെ കുറിച്ചും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ചും ധനമന്ത്രി കെ.എന്‍. ബാലഗോപാലുമായി സംഗീത് കെ. നടത്തിയ അഭിമുഖത്തിന്‍റെ പൂർണരൂപം

സംഗീത് കെ: കടക്കണി മൂലം ആത്മഹത്യയെ നോക്കി കാണുന്ന ഒരു കുടുംബത്തിന്റെ അവസ്ഥയിലാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി എന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.

അങ്ങനെയാണെങ്കിൽ കടക്കെണിയിൽപ്പെട്ടുഴലുന്ന ഗൃഹനാഥനാണ് അങ്ങ്. ഇതിനെ കുറിച്ച് എന്താണ് പറയാനുള്ളത്? കേരളത്തിലെ ജനങ്ങൾ എന്ന നിലയിൽ ഞങ്ങൾ ആശങ്കപ്പെടേണ്ടതായിട്ടുള്ള ഒരു സാഹചര്യം നിലവിലുണ്ടോ?

കെ.എൻ. ബാലഗോപാൽ: അടുത്ത കാലത്ത് വന്ന റിപ്പോർട്ടുകളടക്കം കടക്കണി മൂലം ബുദ്ധിമുട്ടുന്ന ഒരു സ്ഥലമല്ല കേരളം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. പൊതുവിൽ കേരള സർക്കാരിന്റെ ഇക്കണോമിക് പെർഫോമൻസിനെ ഇപ്പോൾ വന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ജനങ്ങൾ വിശ്വസിക്കുന്നുണ്ട്. ജനങ്ങൾക്ക് കോൺഫിഡൻസ് ഉണ്ട്.

ധനകാര്യ മന്ത്രി എന്ന നിലയിൽ എനിക്ക് അതിന്റെ ഇംപാക്ട് അറിയാം. ഓരോ മേഖലയിലും നമുക്കത് അറിയാൻ സാധിക്കും. അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോർട്ട് അനുസരിച്ചിട്ട് നിലവിൽ കേരളത്തിന്റെ കടം ഏറ്റവും താഴെയൊന്നുമല്ല. കേരളത്തെക്കാൾ അധികം കടമുള്ള പത്ത് സംസ്ഥാനങ്ങളുടെ കണക്ക് അതിൽ കൊടുത്തിട്ടുണ്ട്.

എന്ന് മാത്രമല്ല കൊവിഡ് സമയത്ത് 39% വരെ കേരളത്തിന് ആകെ കടവുണ്ടായിരുന്നു. അത് കൊവിഡ് കാലത്ത് വരുമാനം കുറഞ്ഞതിനാൽ എല്ലാവർക്കും കടമുണ്ടായിരുന്നു. അതിൽ നിന്നും നമ്മൾ ഇംപ്രൂവ് ചെയ്ത് 34 ശതമാനത്തിലേക്കെത്തി. 30 ശതമാനത്തിലേക്ക് എത്തണം എന്നാണ്. കേന്ദ്ര സർക്കാരിന് 59 വർഷം കടമുണ്ടായിരുന്നു.

കടം കൺട്രോൾ ചെയ്യാൻ പറ്റുന്നു എന്നുള്ളത് പ്രധാനപ്പെട്ട കാര്യമാണ്. കടം കുറയുന്നു എന്ന് മാത്രമല്ല ഔട്ട്സ്റ്റാൻഡിങ് ആയിട്ടുള്ള കടം വളരെ കുറവാണ്. പൊതുവിൽ ഇങ്ങനെ വരുന്ന കടം എന്നുള്ളതല്ലാതെ നിലവിൽ നമുക്ക് ബാധ്യത വളരെ കുറവാണ്. സാധാരണഗതിയിൽ ആകെയുള്ള കടം ഇപ്പോൾ 6 ലക്ഷം കോടി വരെ എത്തേണ്ടതാണ്. എന്നാൽ 4 ലക്ഷത്തി എഴുപതിനായിരം കോടിക്ക് അപ്പുറം പോവില്ല.

ഇപ്പോൾ സംസ്ഥാനത്തിന്റെ കടം നിയന്ത്രണാതീതമായെന്ന് ബി.ജെ.പിക്കാരും കോൺഗ്രസുകാരും പറയുന്നുണ്ട്. സംസ്ഥാനത്തിന്റെ കടം 6 ലക്ഷം കോടിയിലേക്ക് പോകുമെന്ന് അവർ പ്രതീക്ഷിക്കാൻ ഒരു കണക്കുണ്ട് കാരണം കഴിഞ്ഞ 30 വർഷത്തെ കടത്തിന്റെ പ്രോഗ്രസ്സ് നോക്കുമ്പോൾ, ഓരോ അഞ്ച് വർഷത്തിലും കടം 90 ശതമാനമോ നൂറ് ശതമാനമോ ആയി ഉയരുന്നുണ്ട്. അതാണ് പ്രാക്ടീസ്.

എന്നാൽ ഇപ്പോൾ അത് 60% ഉള്ളൂ. കാരണം കടം എടുക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ പല നിയന്ത്രണങ്ങളും വന്നു. കടമെടുക്കുന്ന ചില മേഖലകളിൽ നിയന്ത്രണം കുറഞ്ഞു, ചില മേഖലകളിൽ നിയന്ത്രണം കൂടുതൽ ശക്തമായി.

കെ.എന്‍. ബാലഗോപാല്‍

കിഫ്ബിയും പെൻഷൻ കമ്പനിയും നേരത്തെ ചെയ്ത കാര്യങ്ങൾക്ക് പോലും, മുമ്പ് കടമെടുത്തത് പോലും രണ്ടാം പിണറായി സർക്കാരിന് കൊടുക്കേണ്ടി വന്നു. ഇതുകൊണ്ടെല്ലാം ഈ വർഷം അവസാനം കടം 4 ലക്ഷത്തി എഴുപതിനായി കോടിയിൽ നിൽക്കും.

ഇതെല്ലാം ഇപ്പോൾ തകരും, ഇതിനെ തകർത്ത് ഞങ്ങൾക്ക് അധികാരത്തിലെത്താം എന്ന് വിചാരിക്കുന്ന യു.ഡി.എഫുകാരുടെ ഒരു മനോഭാവമുണ്ട്. എല്ലാം ഇപ്പോൾ തകരും തകരും എന്ന് പറഞ്ഞ് നടക്കുകയാണവർ.

കേരളത്തിന്റെ ഖജനാവിൽ പൂച്ച പെറ്റു കിടക്കുകയാണ് അവിടെ ഒന്നുമില്ലെന്നാണ് പ്രതിപക്ഷ നേതാവ് ഉൾപ്പെടെ അസംബ്ലിയിൽ പറഞ്ഞത്.

ക്ഷേമപെൻഷൻ 2,000 രൂപയാക്കി വർധിപ്പിക്കാനും സ്ത്രീകൾക്ക് സുരക്ഷാ പദ്ധതി പ്രഖ്യാപിക്കാനും മറ്റെല്ലാ മേഖലയിലും വർധനവ് കൊണ്ടുവരാനും സാധിച്ചത് ധനകാര്യ കാര്യങ്ങളിൽ കൃത്യമായ ഒരു ചിട്ട ഉള്ളതുകൊണ്ടായിരിക്കണമല്ലോ.

വരുന്ന ആറു മാസം കൂടി ഞങ്ങളുടെ ഈ ഗവൺമെന്റ് തന്നെയാണ് ഈ ആനുകൂല്യങ്ങളെല്ലാം കൊടുക്കേണ്ടത്. അവസാന മാസത്തിലാണ് ഈ പ്രഖ്യാപനമെങ്കിൽ ഞങ്ങൾ നാടകം കളിക്കുകയാണെന്ന് അവർക്ക് പറയാം. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ല. ഈ സർക്കാരിന്റെ കാലാവധി അവസാനിക്കാനിരിക്കുന്ന ആറ് മാസവും, അത് കഴിഞ്ഞ് തുടർന്നും കൊടുക്കാൻ പറ്റുന്ന തരത്തിലേക്ക് കാര്യങ്ങൾ പ്ലാൻ ചെയ്തിട്ടുണ്ട്. വികസന കാര്യങ്ങൾക്കും അതേപോലെ സാധാരണക്കാരുടെ കാര്യങ്ങൾക്കും പണം കൊടുക്ക ക്കാൻ പറ്റുന്ന രീതിയിലേക്ക് കാര്യങ്ങൾ പ്ലാൻ ചെയ്തിട്ടുണ്ട.

പക്ഷേ ഇവർ വിചാരിക്കുന്നത് എന്താണ്? ആദ്യം മുതൽക്കുതന്നെ ബി.ജെ.പിയും കോൺഗ്രസും ആഗ്രഹിച്ചത് ഈ സർക്കാർ സ്റ്റക്കാകും. നിന്നുപോകും ബ്രേക് ഡൗണാകും എന്നൊക്കെയാണ്. അല്ലെങ്കിൽ വീട് ജപ്തി ചെയ്തുപോകും എന്ന് നേരത്തെ പറഞ്ഞിരുന്നില്ലേ, ആ സമയത്ത് വില കുറച്ച് ലേലത്തിൽ പിടിക്കാം എന്നെല്ലാമാണ് അവർ ചിന്തിച്ചുകൂട്ടിയത്.

എന്നാൽ അവരുടെ ആ പരിപാടിയൊന്നും നടക്കുന്നില്ല. ഇത് മികച്ച രീതിയിൽ മുമ്പോട്ട് പോകുമെന്ന് മാത്രമല്ല, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെക്കാൾ മെച്ചപ്പെട്ട തരത്തിലേക്ക് നമ്മൾ ഇംപ്രൂവ് ചെയ്യുന്നുണ്ട്. . ഇനി വരുന്ന ഒരു അഞ്ചോ പത്തോ വർഷം കണക്കിലെടുക്കുമ്പോൾ കേരളത്തിന്റെ സാമ്പത്തിക വളർച്ച മികച്ച രീതിയിൽ ഉയർന്നുവരും.

മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിട്ടുണ്ട്. ഏറ്റവും വലിയ തുറമുഖം ഇവിടെ വന്നു. റോഡ് കണക്ടിവിറ്റി, ഫാക്ടറികൾ കെട്ടിടങ്ങൾ, മറ്റ് ബിൽഡിങ്ങുകൾ, റിസർച്ച് സെന്ററുകൾ… ഇതെല്ലാം സംസ്ഥാനത്തിന്റെ എക്കോണമിക് പെർഫോർമെൻസ് കൂട്ടും. കൂടുതൽ നല്ല ജോലികൾ ഇവിടെ വരും, കൂടുതൽ ആളുകൾ വരും. ഇപ്പോഴുള്ളതിനേക്കാൾ പതിന്മടങ്ങ് മെച്ചപ്പെടുമെന്നാണ് എന്റെ പ്രതീക്ഷ.

ഇതൊരിക്കലും കടം കയറിയ വീടല്ല. ഇവർ പ്രതീക്ഷിക്കുന്നതിനേക്കാൾ നിയന്ത്രിച്ച് മുമ്പോട്ട് പോവുകയാണ്. കൃത്യമായി മാനേജ് ചെയ്യുന്ന സ്ഥലമാണ്. എല്ലാം നല്ലതുപോലെ വളർന്നുവരികയാണെന്നാണ് അനുഭവം കാണിക്കുന്നത്.

സംഗീത് കെ: കാര്യങ്ങൾ നമ്മൾ വസ്തുതാപരമായിട്ട് വിലയിരുത്തുകയാണെങ്കിൽ, ഇപ്പോൾ കേരളത്തെ സംബന്ധിച്ച് 6 ലക്ഷം കോടിയോളം കടമെടുക്കാവുന്ന ഒരു സാഹചര്യമുണ്ട്, നമ്മുടെ ചരിത്രം അതാണ് പറയുന്നത്. കഴിഞ്ഞ ഒരു 30 കൊല്ലത്തെ കണക്കെടുക്കുമ്പോൾ കടം ഇരട്ടിപ്പിക്കുന്ന കൾച്ചറിലാണ് നമ്മൾ പോയിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെ സ്ഥിതിയും അതുതന്നെയാണ്. കണക്കുകൾ പരിശോധിക്കുമ്പോൾ ഏറ്റവുമധികം കടമുള്ള സംസ്ഥാനം കേരളമല്ല, 15ാം സ്ഥാനത്തോ 14ാം സ്ഥാനത്തോ ആണ്.

നികുതി-നികുതിയിതര വരുമാനത്തിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. ജി.ഡി.പിയിലെ വളർച്ച ദേശീയ ശരാശരിയെക്കാൾ വളരെ കൂടുതലാണ്. പത്ത് കൊല്ലത്തിനിടയിൽ ഇരട്ടിയലധികമാകുന്ന രീതിയിലേക്ക് നമ്മൾ വളരുന്നുണ്ട്. ആളോഹരി വരുമാനത്തിലും വൻ കുതിച്ചുചാട്ടമാണുള്ളത്. ഈ കണക്കുകൾ എല്ലാം അനുകൂലമാകുമ്പോഴും ഒരു പെർസെപ്ഷണൽ ഡിസഡ്വാന്റേജ് ഉണ്ടാകുന്നുണ്ടെന്ന് താങ്കൾ കരുതുന്നില്ലേ? എന്തായിരിക്കും അതിന്റെ ഒരു കാരണം?

കെ.എൻ. ബാലഗോപാൽ: സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ വളരെ പണ്ടുതൊട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണ്. ഇപ്പോൾ മഹാരാഷ്ട്രയും കർണാടകയും പോലുള്ള സംസ്ഥാനങ്ങൾ ഇത് ചെയ്യുന്നുണ്ട്. തമിഴ്‌നാട് നേരത്തെ ചെയ്യുന്നുണ്ട്. കർഷക തൊഴിലാളികൾക്ക് 45 രൂപ പെൻഷൻ കൊടുത്തത് 80ൽ സഖാവ് ഇ.കെ നായനാർ മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ്. ഇതൊരിക്കലും പ്രൊഡക്ടീവായ കാര്യമല്ല എന്ന് ആന്നുതന്നെ വിമർശനം ഉയർന്നിട്ടുണ്ട്.

ഇന്ത്യയിൽ പി.എസ്.സി വഴി നടക്കുന്ന നിയമനങ്ങളിൽ 60 ശതമാനവും കേരളത്തിലാണ്. മൂന്ന് ശതമാനത്തിൽ താഴെയാണ് നമ്മുടെ ജനസംഖ്യ. ആശുപത്രിയിലെണെങ്കിൽ 42 ലക്ഷം പേർക്ക് 5 ലക്ഷം രൂപ ചികിത്സയ്ക്കായി കാരുണ്യ പദ്ധതി വഴി ചെലവാക്കുന്നുണ്ട്. ലൈഫ് പദ്ധതി ഇതുപോലെ നടപ്പിലാക്കുന്ന ഒരു സംസ്ഥാനവുമില്ല. 5 ലക്ഷത്തോളം വീട് ഇതിനോടകം തന്നെ പൂർത്തീകരിച്ചു.

ഇങ്ങനെ പണം ചെലവാക്കിയാൽ എങ്ങനെ മുന്നോട്ട് പോകാൻ പറ്റുമെന്ന എന്നുള്ള ആശങ്കയാണ് അവർക്ക്. സർക്കാർ ജീവനക്കാർക്ക് മുതൽ ഏറ്റവും സാധാരണക്കാർക്ക് വരെ കൊടുക്കുക. അവരുടെ ഭാഷയിൽ പറഞ്ഞാൽ വാരിക്കോരി കണക്കില്ലാതെ കൊടുക്കുന്ന ഒരു സമീപനം ശരിയല്ല എന്നാണ് നമ്മുടെ കൺവെൻഷണൽ റൈറ്റ് വിങ് എക്കണോമിസ്റ്റുകളുടെ അഭിപ്രായം. ആ അഭിപ്രായം വെച്ചുകൊണ്ടാണ് അവർ ഇതെല്ലാം പറയുന്നത്.

എന്നാൽ ഇതെല്ലാം കൊടുക്കാൻ പറ്റുകയും നമുക്ക് കാര്യങ്ങൾ നടത്തിക്കൊണ്ടു പോകാൻ പറ്റുകയും ചെയ്യുന്നതിന്റെ ഒരു എക്കണോമിക്‌സ് അവർക്ക് ഇതുവരെ മനസ്സിലായിട്ടില്ല.

മറുവശത്ത് കേരളത്തിന് തനതായിട്ടുള്ള നികുതി വരുമാനം വർധിച്ചു എന്ന് പറയുമ്പോഴും കേന്ദ്രത്തിൽ നിന്ന് കിട്ടേണ്ട നികുതി വരുമാനം വലിയ തോതിൽ വെട്ടിക്കുറച്ചു. ഞാൻ ധനകാര്യമന്ത്രി ആകുന്ന വർഷം നമുക്ക് ഗ്രാൻഡും മറ്റുമായി കിട്ടിയത് 31000 കോടി രൂപയാണ്. എന്നാൽ ഈ വർഷം അത് 6,800 കോടിയോ മറ്റോ ഉള്ളൂ. ഗ്രാൻഡുകൾ അത്രത്തോളം വെട്ടിക്കുറച്ചു. കടമെടുക്കുന്നതിന്റെ പരിധി വെട്ടിക്കുറച്ചു.

ഓരോന്ന് വെട്ടിക്കുറയ്ക്കുമ്പോഴും അത് നമ്മളെ ഇല്ലാതാക്കുമെന്നാണ് അവർ ചിന്തിക്കുന്നത്. ഇത് നമുക്ക് ബുദ്ധിമുട്ടുണ്ടാക്കും, എന്നാൽ നമ്മളെ ഇല്ലാതാക്കുന്നില്ല.

മറ്റ് സംസ്ഥാനങ്ങൾ പരിശോധിച്ചാൽ ഒഡീഷയ്ക്ക് ഒരു വർഷം 30,000 കോടി രൂപയാണ് ഖനി വിഭവങ്ങൾക്കുള്ള റോയൽറ്റി. അവർക്ക് സ്റ്റീലും കൽക്കരിയും ഉണ്ട്. കൽക്കരിയും ഇരുമ്പ് അയിരും ഉള്ള സ്ഥലത്ത് കിട്ടുന്ന 30,000 കോടി പോലുള്ള ഒരു വരുമാനവും കേരളത്തിനില്ല. ഇതൊന്നും ഇല്ലാഞ്ഞിട്ടുകൂടിയാണ് നമ്മൾ ഈ കാര്യം ചെയ്യുന്നത്.

ഇതൊക്കെ ഇല്ലാഞ്ഞിട്ട് പോലും കേരളത്തിന് ആകെയുള്ള നമ്മുടെ റവന്യൂ വരുമാനം 100 രൂപ ആണെങ്കിൽ അതിൽ 75 രൂപയും കേരളം തനതായി ഉണ്ടാക്കുകയാണ്. ഈ വർഷവും കഴിഞ്ഞ വർഷം ഒക്കെ 25 രൂപയിൽ താഴെ അല്ലെങ്കിൽ 25 ശതമാനത്തിൽ താഴെ മാത്രമേ കേന്ദ്രത്തിന്റെതായ ട്രാൻസ്‌ഫേഴ്‌സ് വരുന്നുള്ളൂ. കണക്കുകൾ പരിശോധിക്കുമ്പോൾ ബിഹാറിന് അത് 70 ശതമാനമാണ് കേന്ദ്രം കൊടുക്കുന്നത്. ബാക്കിയുള്ള 30 മാത്രമാണ് സംസ്ഥാനം തനതായി ഉണ്ടാക്കുന്നത്.

ഇന്ത്യയിലെ സംസ്ഥാനങ്ങൾ എടുത്താൽ ശരാശരി 100 രൂപ ഒരു സംസ്ഥാനത്തിന് വരുമാനം ഉണ്ടെങ്കിൽ 53 രൂപയും സെൻട്രൽ ട്രാൻസ്‌ഫേഴ്‌സ് ആണ് കേരളത്തിന് മാത്രമേ 25 ഉള്ളൂ.

ഇപ്പോൾ ലഭിക്കുന്ന 25 എന്നത് 50 ആവുകയാണെങ്കിൽ തന്നെ ധനകാര്യ വകുപ്പ് എന്ന നിലയിൽ ഒരു വർഷം കിട്ടുന്നതിനകത്ത് 40,000 കോടിയോളം അധികം വരും. ഇപ്പോ നിലവിൽ കൊടുത്തു തീർക്കാനുണ്ട് എന്ന് പറയുന്ന ഡി.എ കുടിശിക കുറച്ചല്ലാതെ ഒരു പണവും ഔട്ട്സ്റ്റാൻഡിങ് കടവും കേരളത്തിനില്ല അത് തന്നെ 30,000 കോടിയിൽ താഴെ ഉള്ളൂ.

ഇവർ വലിയ പ്രചരണം ഒക്കെ ഇടക്കിടക്ക് പറയുന്നുണ്ട്. ഞാൻ എല്ലാത്തിനും ഒന്നും മറുപടി പറയാൻ നിൽക്കുന്നില്ല. കാരണം വണ്ടി കൃത്യമായി ഓടിക്കൊണ്ടിരിക്കുന്നുണ്ട്. അവർ വിചാരിക്കുന്നതിനേക്കാൾ നന്നായി കാര്യങ്ങൾ ചെയ്യാനും പറ്റുന്നുണ്ട് ഇനിയും നന്നായി ചെയ്യും. അതിന് നല്ലൊരു ടീം വർക്കും ഈ എൽ.ഡി.എഫിന്റെ ഒരു പൊളിറ്റിക്‌സും ആണ് അതിന് കാരണം. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഗവൺമെന്റും ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥന്മാരും നമ്മുടെ എല്ലാ വകുപ്പുകളും ജനങ്ങളും ചേർന്ന് നടത്തുന്ന ഒരു കാര്യമാണ്. അത് ഒരു മാതൃകയാണ്.

അത് മുന്നോട്ട് കൊണ്ടുപോകുമ്പോൾ ഇങ്ങനെയുള്ള പെർസെപ്ഷൻ നടത്താനായിട്ട് ശ്രമിക്കുന്നു. പക്ഷേ പെർസെപ്ഷൻ ഒക്കെ നടത്തുമ്പോഴും ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും അടക്കം ഏറ്റവും മികച്ചതിന്റെ പല റെക്കോഡുകളും നമുക്കുണ്ട്.

കടക്കണിയിൽ ആണെങ്കിൽ നമ്മുടെയടുത്ത് പണം ഉണ്ടാവില്ല. അമേരിക്കയിൽ പോലും കഴിഞ്ഞ 45 ദിവസമായിട്ട് ട്രഷറി അടച്ചിരിക്കുകയാണ്. പണമില്ലാത്തകൊണ്ട് മാത്രമല്ല അവിടുത്തെ പാർലമെന്റ് നിയമം പാസാക്കാത്തകൊണ്ട് കൂടിയാണ്. പ്രതിസന്ധിയുള്ളതുകൊണ്ട് തന്നെയാണല്ലോ ഇതൊക്കെ സംഭവിക്കുന്നത്. വലിയ രാജ്യങ്ങൾ പോലും ഇത്തരം നയങ്ങൾ കാരണം ബുദ്ധിമുട്ടുമ്പോഴാണ് നമ്മുടെ ഈ കേരളം ഈ പ്രശ്‌നങ്ങൾക്കെല്ലാം ഉള്ളിൽ നിന്നുകൊണ്ട് ഇതെല്ലാം ചെയ്യുന്നത്. ആ സാഹചര്യത്തിലാണ് ഇവർ ഇത്തരം പ്രചരണങ്ങൾ നടത്തുന്നത്.

ഇപ്പോൾ തന്നെ ക്ഷേമപെൻഷൻ 2,000 ആക്കി ഉയർത്തുകയും വനിതാ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചപ്പോൾ പ്രതിപക്ഷ നേതാവിന്റെയും മുൻ പ്രതിപക്ഷ നേതാവിന്റെയും പ്രതികരണം എന്തായിരുന്നു. ഇനി അടുത്തതായി വരുന്ന ഞങ്ങളുടെ സർക്കാരിനെ തകർക്കാനാണ് ഇപ്പോഴേ ഇതൊക്കെ ചെയ്യുന്നത് എന്നാണ് അവർ പറഞ്ഞത്. അടുത്ത സർക്കാർ അവരുടേതാണെന്ന് സ്വപ്‌നം കാണുകയാണ്.

ഇത് കഴിഞ്ഞ തവണ ശ്രീ രമേശ് ചെന്നിത്തല പറഞ്ഞായിരുന്നു. ജനങ്ങൾ പറഞ്ഞു നിങ്ങൾ വരണ്ട. എൽ.ഡി.എഫ് ഒരു കാര്യം പറഞ്ഞാൽ എൽ.ഡി.എഫ് അത് ചെയ്യും. വലിയ ബാധ്യതയുള്ള സമയത്ത് അത്തരമൊരു പ്രഖ്യാപനം വന്നപ്പോഴാണ് രമേശ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്.

ഇപ്പോൾ അതിനേക്കാളും വലിയ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട ഒരു സമയമാണ്. ഞങ്ങൾ വന്നു കഴിഞ്ഞാൽ ശമ്പളം കുറയ്ക്കുമെന്നാണ് അവർ അന്ന് പറഞ്ഞത്. എൽ.ഡി.എഫ് തുടർന്നുവന്നതുകൊണ്ട് തന്നെയാണ് ശമ്പളവും പെൻഷനും കൊടുത്തത്. അത്ര വലിയ ഉത്തരവാദിത്തമായിരുന്നു. വലിയ ഉത്തരവാദിത്തം എന്ന് പറഞ്ഞാൽ 1,15,000 കോടിയോളമായിരുന്നു ഒരു വർഷം ശരാശരി ഒന്നാം പിണറായി സർക്കാരിന്റെ ചെലവ്. മുമ്പത്തേതിനെ അപേക്ഷിച്ച് നോക്കുമ്പോൾ ഇത് വളരെ വലുതായിരുന്നു. ഓരോ വർഷവും 50,000 കോടിയിലധികം കേന്ദ്രം വെട്ടിക്കുറച്ചു. എന്നിട്ടും 1,15,000 കോടിയെന്നുള്ളച് 1,75,000 കോടിയായി ശരാശരി ചെലവ് വർധിച്ചു. ജനങ്ങൾക്കറിയാം എൽ.ഡി.എഫ് വന്നാൽ ഇക്കാര്യങ്ങൾ മുഴുവനും ചെയ്യും.

യു.ഡി.എഫ് പറയുന്നതെന്താണ്, ഞങ്ങളെ ബുദ്ധിമുട്ടിക്കാൻ വേണ്ടിയാണ് ഇതെല്ലാം കൂട്ടുന്നത്, ഇതൊന്നും കൊടുക്കാൻ പറ്റുന്നതല്ല എന്നാണ്.

അപ്പോഴും എൽ.ഡി.എഫ് പറയുന്നതെന്താണ്, ഞങ്ങൾ ഈ കാര്യം ചെയ്യാൻ പറ്റുന്നവർ തന്നെയാണ്. ചെയ്തുപൂർത്തിയാക്കിയ അനുഭവം ഉണ്ട്. ഞങ്ങൾക്കിത് ചെയ്യാൻ പറ്റും. ആ കൃത്യമായ കണക്കുകൂട്ടലോടു കൂടി തന്നെയാണ് ഈ കാര്യങ്ങൾ ചെയ്യുന്നത്. അതുകൊണ്ട് അവർ അതിനെപ്പറ്റി ആലോചിച്ച് വളരെ ബുദ്ധിമുട്ടാതിരിക്കുന്നതായിരിക്കും നല്ലത്. അവർക്ക് ജനങ്ങൾക്കൊപ്പം നിൽക്കാൻ താത്പര്യം ഇല്ലാത്തുകൊണ്ടാണ് ഈ പെർസെപ്ഷൻ ഉണ്ടാക്കാൻ ശ്രമിക്കുന്നത്.

കേന്ദ്ര സർക്കാരിന്റെയും ബി.ജെ.പിയുടെയും സമീപനവും ഇതുതന്നെയാണ്. ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷനും ഇതേ കാര്യം തന്നെയാണ് ആവർത്തിക്കുന്നത്. അദ്ദേഹവും തെറ്റായ കണക്കുകളുമാണ് പറയുന്നത്. ഈ പറഞ്ഞ ആറ് ലക്ഷം കോടിയാണ് ബാധ്യത എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ, ഇന്ത്യയുടെ സി.എ.ജിയുടെ അക്കൗണ്ടിനെക്കാളും വലിയ അക്കൗണ്ട് അല്ലല്ലോ. അതിനകത്തുള്ള പണത്തെക്കാളും കൂടുതലാണ് പറയുന്നത്. ഇതെല്ലാം പറയുന്നത് വെറുതെ തെറ്റിദ്ധാരണയുണ്ടാക്കാനാണ്.

കെന്‍ ബാലഗോപാല്‍ | നരേന്ദ്ര മോദി

പക്ഷേ നമുക്ക് ഈ നേട്ടങ്ങളെല്ലാം ഉണ്ടാക്കാൻ പറ്റിയത്, 70കളിൽ ഇന്ത്യൻ ശരാശരിയേക്കാൾ 30 ശതമാനമായിരുന്നു കേരളത്തിന്റെ ആളോഹരി വരുമാനം. ഇപ്പോൾ അതിലും മികച്ച രീതിയിലേക്ക് എത്താൻ പറ്റി. അങ്ങനെയെത്താൻ സാധിച്ചത് വലിയ തോതിലുള്ള സോഷ്യൽ ഇൻവെസ്റ്റ്‌മെന്റ് കൊണ്ടാണ്. ഇത് കൂടുതൽ കൂടുതൽ ശക്തിപ്പെട്ട് മുന്നോട്ടു പോവുകയാണ് വേണ്ടത്. അതിന് വേണ്ടത് ഇടതുപക്ഷത്തിന്റെ ഒരു വളരെ ഇക്വിറ്റബിൾ ആയ, ജനങ്ങളെയെല്ലാം ചേർത്തുപിടിക്കുന്ന നയങ്ങൾ തന്നെയാണ്. മതനിരപേക്ഷമായ സമാധാനപൂർണമായ ജീവിതം ഉള്ളൊരു സമൂഹവും വളരെ പ്രധാനപ്പെട്ട കാര്യമാണ്. വ്യവസായം വരണമെങ്കിലടക്കം അതൊക്കെ വേണം. ഇതെല്ലാം ഉറപ്പാക്കാൻ പറ്റുന്നു എന്നുള്ളത് തന്നെയാണ് ഈ നേട്ടത്തിന്റെ കാരണം.

സാമൂഹ്യ ക്ഷേമത്തിൽ അധിഷ്ഠിതമായിട്ടുള്ള ഒരു ഇടതുപക്ഷ സാമ്പത്തിക നയം, അത്തരത്തിലൊരു ഒരു നയമാണ് ആളുകൾക്ക് സാമൂഹ്യ ക്ഷേമ പെൻഷൻ കൊടുക്കുക, ലളിതമായി പറഞ്ഞാൽ ആളുകളുടെ വാങ്ങൽ ശേഷിയെ, പർച്ചേസിങ് പവർ പാരിറ്റിയെ പരമാവധി ഇംപ്രൂവ് ചെയ്യുക, അതിലൂടെ സ്റ്റേറ്റിനെ ഒരു ആക്ടീവ് എക്കണോമി ആയിട്ട് നിലനിർത്തുക അതിലൂടെ വളർച്ച കൈവരിക്കുക എന്ന് പറയുന്ന ഒരു സാഹചര്യം. പക്ഷേ നമ്മുടെ കേന്ദ്രത്തിന്റെ ഒക്കെ നയം കുറച്ചുകൂടെ ഉദാരമാണ്. സ്വകാര്യവത്കരണത്തിന് കുറച്ചുകൂടെ അനുകൂലമാണ്. വിദേശ മൂലധനത്തെ പറ്റി ആണെങ്കിലും അവരുടെ നിലപാടുകൾക്ക് കേരളത്തിന്റെ നിന്ന് വലിയ വ്യതിയാനമുണ്ട്.

സംഗീത് കെ: ഇത്തരത്തിലുള്ള ഒരു നയവ്യതിയാനമാണോ, നമ്മളെ ആ നയത്തിന്റെ ഒരു കള്ളിയിലേക്ക് നമ്മളെയും ചേർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണോ ഇങ്ങനെ ഒരു പ്രതികാര നടപടി ഉണ്ടാകുന്നത്?

കെ.എൻ. ബാലഗോപാൽ: യഥാർത്ഥത്തിൽ ഈ സാമൂഹ്യ ക്ഷേമത്തിലധിഷ്ഠിതമായ എന്ന് പറയുന്നതിനേക്കാളും നല്ലത് മനുഷ്യ കേന്ദ്രീകൃതമാണ് കേരളത്തിന്റെ വികസനം എന്ന് പറയുന്നതായിരിക്കും. എല്ലാ മനുഷ്യനും സഹായം എത്തിക്കുക. ഇപ്പോൾ അതിദാരിദ്ര്യം ഇല്ലായ്മ ചെയ്യാൻ വേണ്ടി വലിയൊരു പ്രവർത്തനം നമ്മൾ ഇപ്പോൾ നടത്തി. അത് ചൈന ഒരു സോഷ്യലിസ്റ്റ് ആദ്യം തന്നെ നേരത്തെ നടത്തിയിട്ടുണ്ട്.

ഞാൻ എം.എൽ.എയും മന്ത്രിയുമൊക്കെ ആവുന്നതിന് മുമ്പ് ഒരു പൊളിറ്റിക്കൽ ഡെലിഗേഷന്റെ ചൈന സന്ദർശിച്ചിരുന്നു. അവിടെ അതിദാരിദ്യ നിർമാർജനത്തിന്റെ ഭാഗമായി ഒരു വില്ലേജ് ഞങ്ങൾ പോയി കണ്ടു.

വളരെ ദാരിദ്ര്യം ഉണ്ടായിരുന്നതാണ്. സുഖമില്ലാത്ത ആളുകളാണ്. വരുമാനമുണ്ടാക്കാൻ പറ്റാത്ത ആളുകളാണ്. അവർക്ക് ലോക്കലൈസ്ഡ് ആയി, ചെറിയ തോതിൽ ജോലികളെല്ലാം ചെയ്ത് വരുമാനമുണ്ടാക്കാൻ സപ്പോർട്ടൊക്കെയുള്ള ഒരു ചൈനീസ് വില്ലേജ്. ഇവിടെ നമ്മൾ ആദിവാസികൾ എന്നെല്ലാം പറയും പോലെ ഗോത്രരീതിയുള്ള ആളുകളുണ്ട്. സോഷ്യലിസ്റ്റ് രാജ്യങ്ങൾ മാത്രമാണ് ഇത്തരമൊരു സീമപനം സ്വീകരിച്ചത്.

കേരളത്തിലും നമ്മളത് ചെയ്തു. ചെയ്തു എന്ന് കപടമായി പറയുന്നതല്ല യു.ഡി.എഫിന്റെ പഞ്ചായത്തും എൽ.ഡി.എഫിന്റെ പഞ്ചായത്തും എല്ലാ പഞ്ചായത്തുകളും ഉൾപ്പെടെ ചെയ്തതാണ് ആ കാര്യം. ഇത് ജനങ്ങളെ കേന്ദ്രീകരിച്ചാണ്. അല്ലാതെ പത്രങ്ങളിൽ വാർത്തയും പരസ്യവും മാത്രം കൊടുത്തല്ലല്ലോ. താഴ്ത്തട്ടിൽ നിന്നുതന്നെയാണ് ഇത് ചെയ്തത്.

ഇത് വേറൊരു തരത്തിൽ ചെയ്യാമെന്ന് നരേന്ദ്ര മോദി ഗവൺമെന്റ് കാണിച്ചിട്ടുണ്ട്. 2019ൽ ആണെന്ന് തോന്നുന്നു ട്രംപ് ഇന്ത്യ സന്ദർശിച്ചപ്പോൾ അഹമ്മദാബാദ് സന്ദർശിച്ചു. അവിടെ ദാരിദ്ര്യം ഇല്ല എന്ന് കാണിക്കാൻ അവർ ചെയ്തത് എന്താണ്? 200 കോടി മുടക്കി രണ്ട് സൈഡിലും മതില് കെട്ടി. അഹമ്മദാബാദിന്റെ സ്ട്രീറ്റുകളിലെ ചേരികൾ കാണാതിരിക്കാൻ മതിൽ കെട്ടി. എന്നിട്ട് പറഞ്ഞു ഇവിടെ വളരെ സമ്പന്നമാണെന്ന്. അമേരിക്കൻ പ്രസിഡന്റ് വന്നപ്പോൾ ഇത്രയും നല്ലൊരു സ്ഥലമില്ല. എന്നാൽ നമ്മളങ്ങനെയല്ല. റൂട്ട് കോസിലാണ് നമ്മൾ പിന്നെ ചികിത്സിക്കുന്നത്. ഇവിടെ ഏത് സ്ഥലത്തും നിങ്ങൾ പൊയ്‌ക്കോളൂ… നിങ്ങൾ പത്രക്കാരും ടെലിവിഷൻകാരും ഒക്കെ എത്രയോ സ്ഥലത്ത് ചെറിയൊരു കാര്യം പോലും വലിയ വാർത്തയാക്കാറുണ്ട്.

ഗുജറാത്തില്‍ ചേരികള്‍ മതില്‍ കെട്ടി മറയ്ക്കുന്നു

ഇപ്പോൾ ബീഹാറിൽ പോയി വന്ന പത്രപ്രവർത്തകർ ചില റിപ്പോർട്ടുകൾ കൊടുക്കുന്നത് കണ്ടു. കാണുന്നവർ അമ്പരന്ന് നിൽക്കുകയാണ്. ഈ ബീഹാർ എന്തായിരുന്നു? ബീഹാറാണ് അശോക ചക്രവർത്തിയുടെ പഴയ രാജ്യം ലോകത്തെ ഏറ്റവും സമ്പന്നമായ ചക്രവർത്തിമാർ എത്രയോ വർഷം മുമ്പ്, ക്രിസ്തുവിനും 2,000 വർഷം മുമ്പ് ജീവിച്ച, പ്രവർത്തിച്ച അത്രയും സമ്പന്നമായ സ്ഥലത്തെ ഇപ്പോഴത്തെ സ്ഥിതിയാണ് കഴിഞ്ഞ ദിവസം ടെലിവിഷൻനിൽ കാണിക്കുന്നത്. എത്രയും റിസോഴ്‌സസ് ഉള്ള സ്ഥലത്ത് കൃത്യമായ ഒരു പ്ലാനിങ് ആണെങ്കിൽ കുറച്ചുകൂടെ മുന്നേ വരാമെന്നല്ലേ അത് കാണിക്കുന്നത്.

കേരളത്തിന്റെ ഒരു പശ്ചാത്തലത്തലമെടുക്കുമ്പോൾ, നമ്മുടെ ലിമിറ്റഡ് റിസോഴ്‌സസ് പ്രധാനമായിട്ടും നമ്മുടെ ഹ്യൂമൻ ക്യാപ്പിറ്റൽ ആണ്. വിദ്യാഭ്യാസം, പഠിത്തം, റിസേർച്ച് ഡെവലപ്‌മെന്റ്, ജോലി ചെയ്യാനുള്ള സ്വഭാവം. നമുക്ക് നേട്ടങ്ങളുമുണ്ട് പോരായ്മകളുമുണ്ട്. നേട്ടങ്ങൾ മാത്രമുള്ള സൊസൈറ്റി ആണെന്നൊന്നും ഒരു സൊസൈറ്റിയെ കുറിച്ചും ഞാൻ പറയില്ല.

അതിനകത്ത് നിന്നുകൊണ്ട് നമ്മുടെ പൂർവികർ ചെയ്ത പ്രവർത്തനങ്ങൾ… 100 വർഷം മുമ്പ് സ്വാമി വിവേകാനന്ദൻ ഭ്രാന്താലയം എന്ന് പറഞ്ഞ ഒരു സ്ഥലം, ദേശീയ വരുമാനത്തെക്കാളും പകുതി അല്ലെങ്കിൽ മുക്കാൽ ഭാഗം മാത്രം ഉണ്ടായിരുന്ന സ്ഥലം ഇത്രയും മാറിയത് കേരളത്തിലെ ജനങ്ങൾ ഒരുമിച്ച് ചേർന്ന് പ്രവർത്തിച്ചുകൊണ്ടാണ്. ഇടതുപക്ഷ രാഷ്ട്രീയത്തിന് അതി വലിയ പങ്കുണ്ട്.

സ്വന്തമായി ഭൂമി മുതൽ വിദ്യാഭ്യാസ അവകാശം വരെ കിട്ടിയ ഒരു പശ്ചാത്തലം ഉണ്ട്. അങ്ങനെ ഉണ്ടായി വന്ന ഒരു സ്ഥലമാണ്. ആ സ്ഥലത്തെ സംബന്ധിച്ച് ഇവർ നടത്തുന്ന പ്രചരണങ്ങൾക്ക് വലിയ അടിസ്ഥാനം ഇല്ല എന്നാണ് ഞാൻ പറയുന്നത്.

സെൻട്രൽ ഗവൺമെന്റിന്റെ രീതി അല്ല അത്. കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും പൊളിറ്റിക്‌സ് നമ്മൾ ഈ പറഞ്ഞപോലെ അവർക്ക് മനസ്സിലാവില്ല. ഞാൻ അതാ പറഞ്ഞത് സോഷ്യൽ വെൽഫെയറിൽ അധിഷ്ഠിതമായി എന്ന് പറയുമ്പോൾ മനുഷ്യ കേന്ദ്രീകൃതമായിട്ടാണ്. ഓരോ മനുഷ്യനെയും സംരക്ഷിക്കാതെ ഡെവലപ്‌മെന്റ് വന്നിട്ട് എന്താ കാര്യം. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്മാർ ഇപ്പോൾ ഇന്ത്യയിലുണ്ട്. ഇന്ത്യ ചെറിയ രാജ്യമൊന്നുമല്ല. ജനസംഖ്യ കൊണ്ട് ലോകത്തിന്റെ ഒന്നാതാകുന്നതിൽ ചൈനയ്‌ക്കൊപ്പം നിൽക്കുകയാണ്. അങ്ങനെ നിൽക്കുന്ന ഒരു രാജ്യത്ത് വലിയ മാർക്കറ്റും ലോക മാർക്കറ്റിന്റെ കൺട്രോളും ഒക്കെ ഉള്ള തരത്തിലേക്കുള്ള ബിസിനസുകൾ ഉണ്ട്. ആ പണമൊക്കെ ഉണ്ടപ്പോൾ തന്നെ ഇവിടെ സാധാരണക്കാരന് ജീവിക്കാൻ വയ്യാത്ത ഒരു അവസ്ഥയല്ല ഉണ്ടാവേണ്ടത്. അങ്ങനെ അവസ്ഥ ഉണ്ട്. അവിടെയാണ് നമ്മളും അവരും തമ്മിലുള്ള വ്യത്യാസം.

അവരുടെ പൊളിറ്റിക്കൽ അണ്ടർസ്റ്റാൻഡിങ്ങും ഡെവലപ്‌മെന്റ് പരിപ്രേക്ഷ്യവും തമ്മിലുള്ള വ്യത്യാസം ഇത്രയേ ഉള്ളൂ. എല്ലാവർക്കും ജീവിക്കാൻ പറ്റുന്നതായിരിക്കണം. മഹാത്മാ ഗാന്ധി മുതൽ എല്ലാ ലോക മതാചാര്യന്മാരും നമ്മൾ പഠിക്കുന്ന എല്ലാ മതഗ്രന്ഥങ്ങളിലും ഉൾപ്പെടെയുള്ള കാര്യങ്ങളും എല്ലാം പറയുന്നത് എന്താണ്? ഏറ്റവും ദരിദ്രനായ ഒരാൾക്ക് വരെ ജീവിതത്തിന് സൗകര്യം കൊടുക്കുക എന്നുള്ളതാണ്. എല്ലാ മതവിശ്വാസത്തിന്റെ ഉൾപ്പെടെ പ്രസംഗങ്ങളിലും അവരുടെ പഠനങ്ങളിലും ഉള്ളത്. അവർ പഠിപ്പിക്കുന്നത് ഇവിടെ അത് ചെയ്യാൻ ശ്രമിക്കുന്ന ഒരു ഗവൺമെന്റ് ആണ്.

ഏറ്റവും സാധാരണക്കാരന്റെ വരെ ജീവിതം മെച്ചതായിരിക്കണം. അല്ലെങ്കിൽ ഇതുകൊണ്ട് കാര്യമില്ല. അതിന്റെ പ്രവർത്തനമാണ് നടക്കുന്നത്. ആ പ്രവർത്തനം ജീവിതത്തിൽ നമ്മൾ നേരിട്ട് കാണുകയാണ്. എന്തെല്ലാം കപട പ്രചരണങ്ങൾ നടത്തിയാലും നേരിട്ട് ഇത് അനുഭവിക്കുന്ന ജനങ്ങൾക്ക് അറിയാം എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

സംഗീത് കെ: ഗുജറാത്തിലെ സാനന്ദ് എന്ന് പറയുന്ന സ്ഥലത്ത് മൈക്രോണ്‍ എന്ന സെമി കണ്ടക്ടര്‍ ജയന്റിന്റെ ഒരു വലിയ പ്രോജക്ട് വരുന്നുണ്ട്. ഏതാണ്ട് 2.75 ബില്യണ്‍ ഡോളറിന്റെ ഒരു പദ്ധതിയാണത്. എന്നാല്‍ അതില്‍ രണ്ട് ബില്യണ്‍ ഡോളര്‍ കേന്ദ്രം കൊടുക്കുന്ന സബ്സിഡിയാണ്. 5,000 തൊഴിലുകള്‍ അതിലൂടെ ഉണ്ടാക്കുമെന്നാണ് അവകാശപ്പെടുന്നത്. അതായത് ഒരു തൊഴിലിന് വേണ്ടി ഏകദേശം 3.2 കോടി രൂപയാണ് കേന്ദ്രം സബ്‌സിഡി കൊടുക്കന്നത്

ഇത്തരത്തിലുള്ള ഒരു വികസന മാതൃക കേരളവും പിന്തുടരണം എന്ന ഒരു നിലപാടാണ് കേന്ദ്രത്തിനുള്ളതെങ്കില്‍ അല്ലെങ്കില്‍ ഇത്തരത്തിലാണ് തൊഴില്‍ നിര്‍മിക്കപ്പെടേണ്ടത് എന്നൊരു നയമാണ് അവര്‍ക്കുള്ളതെങ്കില്‍, കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് മാത്രം അതില്‍ വിയോജിച്ചു നില്‍ക്കാന്‍ സാധിക്കുമോ?

കെ.എന്‍. ബാലഗോപാല്‍: വളരെ പ്രസക്തമായ ചോദ്യമാണിത്. സെമികണ്ടക്ടറിന്റെ കാര്യമെടുക്കുമ്പോള്‍ ചിപ്പുകളും മറ്റും നിര്‍മിക്കുന്ന ഫാബ് ലാബുകള്‍ ഏറെ ചെലവേറിയതാണ്. അതിനായി നല്ല സ്ഥലം ആവശ്യമാണ്, വെള്ളം ആവശ്യമാണ്. ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റാണ് പ്രധാനം.

ഇപ്പോള്‍ ഗുജറാത്തില്‍ വന്ന ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റില്‍ പതിനായിരത്തോളം കോടി രൂപ ഗവണ്‍മെന്റ് സബ്‌സിഡിയാണ്.  ആ സബ്സിഡി കേരളത്തിനും കൊടുക്കാമല്ലോ. കേരളത്തില്‍ ഇത സാധനങ്ങള്‍ ചെയ്യാമല്ലോ. അവിടെ ഇതെല്ലാം എങ്ങോട്ടാണ് പോകുന്നത്.

മറുവശത്ത് ഞാന്‍ ഒരു കാര്യം പറയാം, രണ്ട് മാസം മുമ്പ് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ഒരു ട്വീറ്റ് പങ്കുവെച്ചിരുന്നു. ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന സെമി കണ്ടക്ടര്‍ ഇന്‍വെസ്റ്റ്മെന്റ് നടന്നത് കേരളത്തിലാണ് എന്ന്. ഇതുവെച്ച് നോക്കുമ്പോള്‍ വലിയ തുകയൊന്നുമല്ല.

അശ്വിനി വൈഷ്ണവ്

കൊട്ടാരക്കര ക്യാമ്പസില്‍ മൂന്ന് പേര്‍ ചേര്‍ന്ന് തുടങ്ങിയ നേത്ര സെമി എന്ന സെമി കണ്ടക്ടറില്‍ കുറച്ച് ക്യാപിറ്റല്‍ ഇന്‍ഫ്യൂസ് ചെയ്തു 117 കോടിയോ മറ്റോ ആണ്. ഇന്ത്യയിലെ ഏറ്റവും വലിയ സെമികണ്ടക്ടര്‍ ഇന്‍വെസ്റ്റ്മെന്റ് വന്നിരിക്കുന്നത് ഇപ്പോഴാണെന്നാണ് അശ്വിന് വൈഷ്ണവ് പറഞ്ഞിരിക്കുന്നത്.

ഗുജറാത്തില്‍ സെമി കണ്ടക്ടര്‍ റിസര്‍ച്ച് പോലുള്ള കാര്യങ്ങള്‍ വരുമ്പോള്‍ അതൊരിക്കലും ഒരു ഇന്ത്യന്‍ സംരംഭം എന്ന നിലയിലല്ല അവതരിപ്പിക്കപ്പെടുന്നത്. ഇന്ത്യയില്‍ നടക്കുന്ന റിസര്‍ച്ച്, പ്രത്യേകിച്ചും സെമി കണ്ടക്ടര്‍ റിസര്‍ച്ചുകള്‍ കൂടുതല്‍ സമയമെടുക്കുന്നതാണ്. ഇത് കേരളത്തിലെ ഒരു ചെറുപ്പക്കാരനോ അല്ലെങ്കില്‍ അവരുടെ ഗ്രൂപ്പോ, കേരളത്തിലെ ഒരു ഇന്‍വെസ്റ്ററോ, ഒരു റിസര്‍ച്ചറോ ആണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാക്കിയത്. അതുകൊണ്ട് തന്നെ, ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ള ആളുകള്‍ കേരളത്തില്‍ ഉണ്ടെന്നുള്ളതാണ് വസ്തുത.

ഇതുപോലുള്ള വലിയ പ്രൊജക്റ്റുകള്‍ ഗുജറാത്തിലും മറ്റ് സ്ഥലങ്ങളിലും ചെയ്തതുപോലെ ഇവിടെയും നടപ്പാക്കാന്‍ കഴിയും. ഉദാഹരണത്തിന്, ഭൂകമ്പത്തില്‍ തകര്‍ന്നുപോയ ഭുജ്ജ് പോലുള്ള സ്ഥലങ്ങളില്‍ ഇപ്പോള്‍ വന്നിട്ടുള്ള നിക്ഷേപം വളരെ വലുതാണ്. ഈ നിക്ഷേപങ്ങള്‍ എങ്ങനെയാണ് വരുന്നതെന്നാല്‍, അത് പ്രധാനമായും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കൈയെടുത്ത്, പ്രത്യേകിച്ചും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതാണ്.

ഇപ്പോള്‍ കേരളത്തിലും ധാരാളം നിക്ഷേപങ്ങള്‍ വരുന്നുണ്ട്. അമിതമായി പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങളെ നമ്മള്‍ അധികം പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍, വിജ്ഞാനാധിഷ്ഠിതമായ ഇവിടെ നിക്ഷേപങ്ങള്‍ ധാരാളമായി എത്തുന്നുണ്ട്. ’15 കോടിയുടെ കാര്‍ വാങ്ങി, നമ്പറിന് ഇത്ര കോടി കൊടുത്തു’ എന്നൊക്കെ പറഞ്ഞ് നിങ്ങള്‍ വായിക്കുന്നത്, അത്രയും വരുമാനമുള്ള കമ്പനികള്‍ കേരളത്തിലും ഡെവലപ്പ് ചെയ്തുവരുന്നു എന്നതിന്റെ സൂചനയാണ്. ടെക്‌നോപാര്‍ക്ക്, കോഴിക്കോട്ടെ സൈബര്‍പാര്‍ക്ക്, കൊച്ചിയിലെ ഇന്‍ഫോപാര്‍ക്ക് എന്നീ ഐ.ടി. പാര്‍ക്കുകള്‍ ഉള്‍പ്പെടെ ഈ മേഖലയില്‍ വന്‍ വികസനം നടക്കുന്നു. അല്ലാതെയും ധാരാളം വ്യവസായങ്ങള്‍ കേരളത്തിലേക്ക് എത്തുന്നുണ്ട്.

സൈബര്‍പാര്‍ക്ക് – കോഴിക്കോട്

ഇവിടെ വികസനത്തിനോ അവസരങ്ങള്‍ക്കോ കുറവില്ല. എന്നിരുന്നാലും, നമുക്ക് അനുവദിച്ചു കിട്ടിയ കേന്ദ്രത്തിന്റെ വലിയ പദ്ധതികള്‍ പോലും അവര്‍ മുന്നോട്ട് കൊണ്ടുപോകാത്ത ഒരു അവസ്ഥയുണ്ട്. ഉദാഹരണത്തിന്, പാലക്കാട് കോച്ച് ഫാക്ടറിക്ക് വി.എസ്. ഗവണ്‍മെന്റിന്റെ കാലത്ത് 450-500 ഏക്കര്‍ സ്ഥലം നല്‍കിയിട്ടും, അവര്‍ ഒന്നും ചെയ്തില്ല. ആ സ്ഥലം ഇപ്പോള്‍ ഉപയോഗിക്കുന്നില്ല. നമ്മള്‍ കൊടുത്ത ആ സ്ഥലം നമുക്ക് ഉപയോഗിക്കാന്‍ പോലും അവര്‍ തരുന്നില്ല.

ഇപ്പോഴാണെങ്കില്‍, വന്ദേ ഭാരത് പോലുള്ള ട്രെയിനുകളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കയറുന്നത് കേരളത്തിലാണ്. മൂന്നാമത്തെ വണ്ടി വന്നപ്പോഴും അത് നിറയെ ആളുകളാണ്. അങ്ങനെയുള്ള കോച്ചുകള്‍ പോലും ഉണ്ടാക്കാന്‍ കഴിവുള്ള യൂണിറ്റുകള്‍ ഇവിടെ തുടങ്ങിയിട്ടും അവ പ്രവര്‍ത്തിക്കുന്നില്ല. സംസ്ഥാനം സ്ഥലമടക്കം മറ്റ് സൗകര്യങ്ങളും നല്‍കിയിട്ടും, അത് തുടങ്ങാനായി ശ്രദ്ധയോ ഇക്വിറ്റിയോ കേന്ദ്രം നല്‍കുന്നില്ല എന്ന പ്രശ്‌നമുണ്ട്.

ഈ ഗുജറാത്തിലെ നിക്ഷേപവുമായി ബന്ധപ്പെട്ട വിഷയത്തില്‍, ഞാന്‍ അടിവരയിടുന്നത് ഇതാണ്: കേരളത്തില്‍ ഈ മേഖലയില്‍ കഴിവുള്ള ആളുകളുണ്ട്. ഇന്ത്യയില്‍ ഏറ്റവും വലിയ റിസര്‍ച്ച് നടക്കുന്ന കമ്പനിയും നിക്ഷേപമുള്ള കമ്പനിയും ഇവിടെയുണ്ട്. അതുകൊണ്ട്, ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ പ്രൊമോഷനും കൂടുതല്‍ സ്ഥലങ്ങളിലേക്കെത്തിക്കാനുള്ള ഒരു നയം ഉണ്ടാവണം.

ഈ വെല്ലുവിളികള്‍ക്കിടയിലും, കേന്ദ്രത്തില്‍ നിന്ന് ഒരു ഫണ്ട് പോലും ലഭിക്കാതിരുന്നിട്ടും, ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖങ്ങളില്‍ ഒന്നും ലോകത്തെ പത്തോ പതിനഞ്ചോ തുറമുഖങ്ങളില്‍ ഒന്നുമായ വിഴിഞ്ഞം നമ്മള്‍ യാഥാര്‍ത്ഥ്യമാക്കി. സംസ്ഥാന ഗവണ്‍മെന്റ് സ്വന്തം തോളില്‍ ഏറ്റെടുത്ത ഒരു വലിയ പദ്ധതിയാണിത്. ഈ ബുദ്ധിമുട്ടുകള്‍ക്കിടയിലും, ധനകാര്യ വകുപ്പ് ഉള്‍പ്പെടെയുള്ളവര്‍ കാര്യങ്ങള്‍ കണ്ടെത്തി. നമ്മുടെ ഗവണ്‍മെന്റിന്റെ മുഖ്യമന്ത്രിയും മന്ത്രിസഭയും എടുത്ത ശക്തമായ നിലപാടാണ് വിഴിഞ്ഞം യാഥാര്‍ത്ഥ്യമാക്കിയത്.

അതായത്, ഈ സാമ്പത്തിക പരിമിതികള്‍ക്കിടയിലും, കേന്ദ്രത്തിന്റെ ഈ വലിയ അവഗണനയ്ക്കിടയിലും ഇവിടെ വികസനം നടക്കുന്നുണ്ട് എന്നുള്ളതാണ് മറ്റൊരു പ്രധാനപ്പെട്ട വസ്തുത.

സംഗീത് കെ: ഇടതുപക്ഷത്തിന്റെ സാമ്പത്തിക നയം മനുഷ്യകേന്ദ്രീകൃതമായ വികസനമാണെന്ന് പറഞ്ഞല്ലോ. അങ്ങനെയാണെങ്കില്‍ പെന്‍ഷന്‍ പദ്ധതികളിലും മറ്റു കാര്യങ്ങളിലും മാത്രം ഫോക്കസ് ചെയ്യുക എന്നുള്ളതാണ് നിങ്ങള്‍ ചെയ്യേണ്ടത്. പക്ഷേ പ്രത്യേകിച്ചും പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഈ രണ്ട് ടേമും നമ്മള്‍ എടുത്തു പരിശോധിക്കുമ്പോള്‍, കേരളത്തില്‍ വലിയ പ്രൊഡക്ടുകള്‍ ഒരു സ്ഥലത്ത് പാരലല്‍ ആയി നടക്കുന്നുണ്ട്. അവിടെ മൂലധനം സ്വീകരിക്കുന്നു അല്ലെങ്കില്‍ സ്വകാര്യ മൂലധനത്തോട് സന്ധി ചെയ്യുന്നു. നവലിബറല്‍ നയങ്ങള്‍ നടപ്പാക്കുന്നു. ഇടത് പക്ഷത്തിന് വലിയ തോതില്‍ വലത് വ്യതിയാനം സംഭവിക്കുന്നു എന്ന തരത്തിലുള്ള പല ആക്ഷേപങ്ങളും കൂടി ഉയരുന്നുണ്ട്. അപ്പോള്‍ ഇതെങ്ങനെയാണ് കോഎക്സിസ്റ്റ് ചെയ്യാന്‍ കഴിയുക?

കെ.എന്‍. ബാലഗോപാല്‍: സമൂഹത്തില്‍ തൊഴില്‍ ഉണ്ടാവുകയും വരുമാനം വര്‍ധിക്കുകയും ചെയ്താല്‍ മാത്രമേ ആ പണം പൊതുജനങ്ങള്‍ക്ക് ലഭിക്കുകയും അത് കാര്യക്ഷമമായി പുനര്‍വിതരണം ചെയ്യപ്പെടുകയും അതുവഴി മാര്‍ക്കറ്റ് സജീവമാവുകയും ചെയ്യുകയുള്ളൂ. മാര്‍ക്കറ്റ് ഇക്കോണമി തള്ളിക്കളഞ്ഞുകൊണ്ടുള്ള ഒരു സമീപനമല്ല ഞങ്ങളുടേത്. ലോകത്തെ പ്രമുഖ സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ പോലും സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം കമ്പോള സമ്പദ്‌വ്യവസ്ഥയുടെ പ്രാധാന്യം തിരിച്ചറിഞ്ഞിട്ടുണ്ട്.

ഉദാഹരണത്തിന്, ചൈനയില്‍ ഏറ്റവും കൂടുതല്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുകയും, അവര്‍ വെറും സ്‌ക്രൂ ഡ്രൈവര്‍ ടെക്നോളജിയില്‍ ഒതുങ്ങാതെ, ടെസ്ലയേക്കാള്‍ കൂടുതല്‍ ഇലക്ട്രിക് കാറുകള്‍ വില്‍ക്കുകയും, ടെക്നോളജി, ഹെവി ഇന്‍ഡസ്ട്രീസുകള്‍, എയര്‍ക്രാഫ്റ്റ് നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ പോലും മുന്നേറുകയും, ആഗോള കമ്പോളത്തെ പരിഗണിക്കുകയും ചെയ്യുന്നു. കേരളത്തിന്റെ ചരിത്രം പരിശോധിച്ചാല്‍, 1957ലെ ആദ്യ മന്ത്രിസഭയുടെ ദീര്‍ഘവീക്ഷണമാണ് മാവൂര്‍ ഗ്വാളിയര്‍ റേയണ്‍സ്, തോഷിബ ആനന്ദ് പോലുള്ള പല സ്വകാര്യ കമ്പനികളെയും ഇവിടേക്ക് ആകര്‍ഷിച്ചത്. ഭക്ഷ്യ എണ്ണയുടെ കുറവുണ്ടായിരുന്ന കേരളത്തില്‍, 57ലെ സര്‍ക്കാര്‍ ഓയില്‍ പാം പ്ലാന്റേഷന്‍ ആരംഭിക്കാന്‍ ആലോചിച്ചു എന്നത് ഫ്യൂച്ചര്‍ നോക്കി കാഴ്ചപ്പാടെടുക്കുന്ന ഇടതുപക്ഷത്തിന്റെ സമീപനം വ്യക്തമാക്കുന്നു. വികസന വിരുദ്ധരെന്ന പഴയ വിമര്‍ശനത്തില്‍ നിന്ന് മാറി, ഇപ്പോള്‍ വന്‍കിട കമ്പനികളുമായി ചേര്‍ന്ന് വികസനം നടത്തുന്നു എന്ന പുതിയ ആരോപണത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.

വന്‍കിട കമ്പനികള്‍ വന്നോട്ടെ, അവര്‍ നാട്ടിലെ നിയമങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണം, കൊള്ളയടിക്കാന്‍ അനുവദിക്കില്ല, ഇന്ത്യന്‍ ഭരണഘടനയുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഏതൊരു സ്ഥാപനത്തിനും ഇവിടെ എല്ലാ പിന്തുണയും ലഭിക്കും. ഇന്ത്യാ ഗവണ്‍മെന്റിന്റെ നിയമനുസരിച്ചല്ലേ കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ പറ്റുകയുള്ളൂ. ഇനി ഈ ഗവണ്‍മെന്റ് അല്ല ഏതൊരു ഗവണ്‍മെന്റ് ആയാലും ഇന്ത്യയിലെ ഭരണഘടനയക്കകത്ത് നിന്ന് പ്രവര്‍ത്തിക്കുന്ന തരത്തിലേക്കുള്ള എല്ലാ സുരക്ഷാ കാര്യങ്ങളും മാനദണ്ഡങ്ങളും വെച്ച് തന്നെയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. വലിയ കമ്പനികള്‍ വരുമ്പോള്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കുമെന്നത് യാഥാര്‍ത്ഥ്യമാണ്, എന്നാല്‍ നാടിനെ നശിപ്പിക്കുന്ന കരാറുകള്‍ക്ക് ഞങ്ങള്‍ വഴങ്ങുകയില്ല; വ്യവസായം ലോകത്ത് എവിടെയുമുണ്ട്, നമുക്കും അത് ആവശ്യമാണ്. ഇത് നല്ല കാര്യങ്ങള്‍ വരുമ്പോള്‍ മൂക്കു മുറിച്ച് ശകുനം മുടക്കുന്നു എന്ന് പറയുന്ന ന്യായങ്ങളാണ് യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും. അതിന് യാതൊരു അടിസ്ഥാനവുമില്ല.

വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യമെടുത്താല്‍, പിണറായിയുടെ ഒന്നും രണ്ടും സര്‍ക്കാരുകള്‍ വന്നില്ലായിരുന്നെങ്കില്‍ അത് പൂര്‍ത്തിയാകുമായിരുന്നില്ല. നായനാര്‍, വി.എസ്. ഗവണ്‍മെന്റുകളുടെ കാലത്ത് ഘട്ടം ഘട്ടമായി മുമ്പോട്ട് പോയതാണ്. അന്ന് യു.പി.എ. സര്‍ക്കാരാണ് തടസമുണ്ടായിക്കിയത്. എ.കെ. ആന്റണിയായിരുന്നു പ്രതിരോധമന്ത്രി. അന്ന് അനുമതി ലഭിച്ചിരുന്നെങ്കില്‍ പത്ത് വര്‍ഷം മുമ്പെങ്കിലും വരേണ്ടതാണ്. കേന്ദ്രം വയബിലിറ്റി ഗ്യാപ് ഫണ്ട്  തരാതിരുന്നിട്ടും, ഇതാദ്യമായാണ് ഇങ്ങനെ തരാതിരിക്കുന്നത്. എന്നിട്ടും നമ്മള്‍ പോര്‍ട്ട് ഉദ്ഘാടനം ചെയ്തു എന്നതും ശ്രദ്ധേയമാണ്.

വിഴിഞ്ഞം തുറമുഖം

ലോകത്തിലെ എല്ലാ പ്രധാന സാമ്പത്തിക വികസന കേന്ദ്രങ്ങളും വലിയ തുറമുഖങ്ങള്‍ക്ക് ചുറ്റുമാണ് വളര്‍ന്നുവന്നത്; മൂന്ന് ലക്ഷം ടണ്‍ കയറ്റാവുന്ന ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ അടുക്കുന്ന വിഴിഞ്ഞം വന്നാല്‍ അതിന്റെ ചുറ്റുപാടും വലിയ ഡെവലപ്മെന്റ് ഉണ്ടാകും, അതില്‍ നിന്നുള്ള നികുതി വരുമാനമാണ് സര്‍ക്കാരിന് ലഭിക്കുക. സമ്പദ്വ്യവസ്ഥ ചലിച്ച്, കൃഷിയും വ്യവസായങ്ങളും നടന്ന്, കമ്പോളം വലുതാവുകയും നികുതി ലഭിക്കുകയും ചെയ്താല്‍ മാത്രമല്ലേ സര്‍ക്കാരുകളുടെ കയ്യില്‍ പണമുണ്ടാവുകയുള്ളൂ. എക്കോണമി ചലിച്ചാല്‍ മാത്രമേ സര്‍ക്കാരിന്റെ കൈവശം പണം ഉണ്ടാകൂ.

റബ്ബറിന് 200 രൂപ തറവിലയാക്കിയത് വലിയൊരു കുതിച്ചുചാട്ടമാണ്, ഞാന്‍ ധനകാര്യ മന്ത്രിയായി വന്ന ശേഷം, രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്താണ്  അഞ്ച് വര്‍ഷം കൊണ്ട് 50 രൂപ വര്‍ധിപ്പിച്ച് 170 രൂപയാക്കിയത്. റബ്ബറിന് 50 രൂപ വര്‍ധിക്കുമ്പോള്‍ ടാപ്പിങ് നിര്‍ത്തിയവര്‍ അത് പുനരാരംഭിക്കുകയും, അതുവഴി 2,000-5,000 കോടി രൂപയുടെ സാമ്പത്തിക ചലനം കമ്പോളത്തില്‍ ഉണ്ടാക്കുകയും ചെയ്യും. നെല്ലിന് 30 രൂപയാക്കിയതും സാധാരണക്കാര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളും ഇതിന് പൂരകമാകും.

എങ്കിലും, ഈ കൊടുക്കലുകളെല്ലാം ഒരു ‘സൈഡ് എഫക്ട്’ ആയി നിലനില്‍ക്കുമ്പോള്‍ തന്നെ, ഇന്‍ഫ്രാസ്ട്രക്ച്ചറും ഫാക്ടറികളും നിര്‍മാണ സംവിധാനങ്ങളുമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വന്നാല്‍ മാത്രമേ വികസനം കൂടുതല്‍ വരിരയുള്ളൂ. മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെ വന്ന് ജോലി ചെയ്യുമെന്നോ വിദേശ സര്‍വകലാശാലകളില്‍ നിന്നുള്ള കുട്ടികള്‍ ഇവിടെ പഠിക്കാന്‍ വരുമെന്നോ ഇപ്പോള്‍ പറഞ്ഞാല്‍ അത്ഭുതം തോന്നാം; എന്നാല്‍, നിലവില്‍ 5,000ത്തോളം കുട്ടികള്‍ ഇവിടെ വന്ന് പഠിക്കുന്നുണ്ട്. നമ്മുടെ എഞ്ചിനീയറിംഗ്, പ്രൊഫഷണല്‍, ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ ഒന്നാംതരം അധ്യാപകരും നല്ല സിലബസ്സും ഉണ്ട്; നോര്‍ത്ത് ഇന്ത്യയിലെ ഗ്രാമങ്ങളില്‍ പോയാല്‍ പല ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലും ബ്രാക്കറ്റില്‍ ‘കേരള ടീച്ചേഴ്‌സ്’ എന്ന് എഴുതിവെച്ചിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. നമ്മുടെ പ്രൊഫഷണല്‍ കോളേജുകളില്‍ കൂടുതല്‍ കുട്ടികള്‍ ചേരാനും കേരളം ഒരു എഡ്യൂക്കേഷന്‍ ഹബ്ബായി വളരാനും സാധ്യതയുണ്ട്, അടുത്ത അഞ്ച് വര്‍ഷത്തിനിടെ നമ്മുടെ സര്‍വകലാശാലകളില്‍ ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റലുകള്‍ക്കായി ഫണ്ട് വെച്ചിട്ടുണ്ട്.

അതുപോലെ, നല്ലതും ചെലവ് കുറഞ്ഞതുമായ ചികിത്സാ സംവിധാനം ഉള്ളതിനാല്‍ പുറത്തുനിന്നുള്ള ആളുകള്‍ ചികിത്സക്കായി ഇവിടേക്ക് വരും. ഹെല്‍ത്തിനും എജ്യൂക്കേഷനും ടൂറിസത്തിനും വെല്‍നസ് ട്രീറ്റ്മെന്റ്, ആയുര്‍വേദം ഉള്‍പ്പെടെയുള്ളവയ്ക്കും ഗവണ്‍മെന്റ് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. അമേരിക്കന്‍ നയങ്ങള്‍ കാരണം ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ തിരികെ പോകേണ്ട സാഹചര്യം വന്നപ്പോള്‍, ഇവിടെത്തന്നെ നല്ല ഡെവലപ്മെന്റ് ഉണ്ടെന്നും, ഇവിടെയിരുന്ന് ബിസിനസ് ചെയ്യാനും റിസര്‍ച്ച് ചെയ്യാനും സൗകര്യങ്ങള്‍ വന്നാല്‍ ഇവിടെത്തന്നെ തുടരാനും പുതിയ തലമുറയിലെ ചെറുപ്പക്കാര്‍ താത്പര്യപ്പെടുന്നുണ്ട്.

ലോകത്തെ മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണ് കേരളം, ഇവിടെ കാര്യങ്ങള്‍ ചെയ്യാം. ഈ തരത്തില്‍ കേരളത്തിന് വലിയൊരു മാറ്റം ഉണ്ടാകാന്‍ പോകുന്ന ഘട്ടമാണ് വരാന്‍ പോകുന്നത്, ഈ മാറ്റം തുടങ്ങിക്കഴിഞ്ഞു, അതിന് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സഹായിക്കും. ഈ ഡെവലപ്മെന്റും അടിസ്ഥാന സൗകര്യങ്ങളും കമ്പനികളും സ്ഥാപനങ്ങളും വന്നില്ലെങ്കില്‍ വരുമാനം ഉണ്ടാവില്ല. വരുമാനം ഉണ്ടെങ്കില്‍ മാത്രമേ വളരെ ബുദ്ധിമുട്ടുള്ള ആളുകള്‍ക്ക് പോലും നമുക്ക് സൗകര്യങ്ങള്‍ എത്തിച്ചു കൊടുക്കാന്‍ പറ്റുകയുള്ളൂ. ഉള്ളത് വെച്ച് കഞ്ഞിവെച്ച് കൊടുക്കുന്നതിനേക്കാള്‍, കൂടുതല്‍ സുഭിക്ഷമായി ആളുകള്‍ക്ക് കൊടുക്കാന്‍ സാധിക്കുക എന്നുള്ളതാണ് ഗവണ്‍മെന്റിന്റെ വികസന കാഴ്ചപ്പാട്.

സംഗീത് കെ: കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ കൈക്കൊള്ളുന്ന ഇതേ നയം അവര്‍ തുടര്‍ന്നും ഇതുപോലെ മുമ്പോട്ട് കൊണ്ടുപോകുന്നു എന്ന് കരുതുക. അതുപോലെ ഇടതുപക്ഷം ഇപ്പോള്‍ നിലവില്‍ കേരളത്തില്‍ ഉണ്ടാക്കിയിരിക്കുന്ന ഈ മനുഷ്യകേന്ദ്രീകൃതമായ വികസനത്തിന്റെ അല്ലെങ്കില്‍ സാമൂഹ്യക്ഷേമ പദ്ധതികളെല്ലാം തന്നെ ഒരു പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ അവര്‍ക്കും ഇത് തുടരാതെ മുമ്പോട്ട് പോകാന്‍ സാധിക്കില്ല.

ഇ.എം.എസ് സര്‍ക്കാര്‍ ഉണ്ടാക്കിയ ആദ്യത്തെ ആ പശ്ചാത്തലം പിന്നീട് വന്ന എല്ലാ സര്‍ക്കാരുകള്‍ക്കും തുടരേണ്ടതായി വന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഇതേ നയവുമായി മുമ്പോട്ട് പോവുകയാണെങ്കില്‍ മറ്റൊരു സര്‍ക്കാര്‍ ഇവിടെ അധികാരത്തിലെത്തിയാല്‍ അതെങ്ങനെ സാധ്യമാകും. അവരുടെയും കൂടെ ഒരു പൊതുവായ പ്രശ്നമല്ലേ ഇത്? ആ തരത്തില്‍ ആ പ്രശ്നത്തെ ആളുകളില്‍ എത്തിക്കാന്‍ ഇടതുപക്ഷം പരാജയപ്പെടുന്നുണ്ടോ?

കെ.എന്‍. ബാലഗോപാല്‍: ഇടതുപക്ഷം എല്ലാവരെയും കൂട്ടിച്ചേര്‍ത്ത് മുന്നോട്ട് പോകാന്‍ തന്നെയാണ് എല്ലായ്‌പ്പോഴും ശ്രമിക്കുന്നത്. പല കാര്യങ്ങളിലും അത്തരമൊരു യോജിപ്പില്‍ എത്തിച്ചേരാന്‍ സാധിച്ചിട്ടുമുണ്ട്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട ഫണ്ടുകളുടെ കാര്യത്തില്‍ വലിയ പ്രശ്‌നങ്ങളുണ്ട്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും കളക്ട് ചെയ്യുന്ന നികുതിയാണ് കേന്ദ്രം വീതം വെക്കുന്നത്. അത് കേന്ദ്രത്തിന് മാത്രമായുള്ളതല്ല, ഓരോ സംസ്ഥാനത്തെയും ജനങ്ങളില്‍ നിന്നാണ് അത് ശേഖരിക്കുന്നത്. ഇങ്ങനെ വിതരണം ചെയ്യുമ്പോള്‍ ഉള്ള കണക്കുകള്‍ പരിശോധിച്ചാല്‍, പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയുടെ ആകെ വരുമാനത്തിന്റെ ഏകദേശം 64% ഓളം കേന്ദ്ര സര്‍ക്കാരിനാണ് ലഭിക്കുന്നത്. ബാക്കിയുള്ളതാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലഭിക്കുന്നത്.

എന്നാല്‍, രാജ്യത്തെ ആകെ ചെലവിന്റെ 63% മുതല്‍ 65% വരെ വഹിക്കേണ്ടി വരുന്നത് സംസ്ഥാന സര്‍ക്കാരുകളാണ്. അതായത്, മൂന്നില്‍ രണ്ട് ഭാഗം ചെലവ് ഞങ്ങള്‍ വഹിക്കണം, പക്ഷേ ഞങ്ങള്‍ക്ക് കിട്ടുന്നത് മൂന്നില്‍ ഒന്ന് വരുമാനം മാത്രമാണ്. കേന്ദ്ര ഗവണ്‍മെന്റിനാകട്ടെ, മൂന്നില്‍ രണ്ട് വരുമാനം ലഭിക്കുമ്പോള്‍ ചിലവാക്കേണ്ടത് മൂന്നില്‍ ഒന്ന് മാത്രമാണ്. ഇതൊരു ശരിയായ രീതിയല്ല. അതുകൊണ്ടാണ് ഈ വരുമാനം എടുത്ത് താഴോട്ട് വിതരണം ചെയ്യാനുള്ള നിയമങ്ങള്‍ നിലവിലുള്ളത്.

ആ നിയമങ്ങള്‍ പ്രകാരം, പത്താം ധനകാര്യ കമ്മീഷന്റെ സമയത്ത് കേരളത്തിന് ലഭിച്ചിരുന്നത് 100 രൂപ താഴോട്ട് കൊടുത്താല്‍ 3.82 പൈസ ആയിരുന്നു. എന്നാല്‍, ഇപ്പോള്‍ നമുക്ക് കിട്ടുന്നത് വെറും 1.90 പൈസയാണ്. കഴിഞ്ഞ അഞ്ച് ധനകാര്യ കമ്മീഷനുകള്‍ വന്നപ്പോഴേക്കും വന്ന വലിയൊരു വെട്ടിക്കുറവാണിത്. ഈ 1.90 പൈസയുടെ കുറവ് എന്ന് പറഞ്ഞാല്‍, കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് ഏകദേശം 27,000 കോടി രൂപയുടെ കുറവാണ്.

അതായത്, ഇതിന്റെ അത്രയും കൂടെ കേരളത്തിന് കിട്ടേണ്ടതായിരുന്നു, അത് ഇല്ലാതാക്കി. കൂടാതെ, കടമെടുപ്പിന്റെ കാര്യത്തിലും നിയന്ത്രണങ്ങള്‍ വന്നു. കിഫ്ബി പോലുള്ള സ്ഥാപനങ്ങള്‍ ഉണ്ടാക്കിയാണ് നമ്മള്‍ ഏറ്റവും കൂടുതല്‍ ദീര്‍ഘകാല നിക്ഷേപങ്ങള്‍ നടത്തിയത്. കിഫ്ബി എടുത്ത കടം മുഴുവന്‍ സംസ്ഥാനത്തിന്റെ ബോറോയിങ്ങില്‍ കൊണ്ടുവന്നു. ആ ബോറോയിങ് വെട്ടിക്കുറച്ചതുകൊണ്ട് കഷ്ടപ്പെട്ട സര്‍ക്കാരാണ് ഈ രണ്ടാം പിണറായി സര്‍ക്കാര്‍. എന്നിട്ടും നമ്മള്‍ സാമ്പത്തികമായി താഴോട്ട് പോയില്ല.

ഇത്തരം പ്രശ്‌നങ്ങളെല്ലാം കാണിച്ച് ഞങ്ങള്‍ പ്രതിപക്ഷവുമായി ചേര്‍ന്ന് സംയുക്തമായി നിയമസഭയില്‍ പ്രമേയം പാസാക്കിയിട്ടുണ്ട്. ജി.എസ്.ടി. സംബന്ധിച്ച് ഏറ്റവും പുതിയതായി കൊണ്ടുവന്ന വെട്ടിക്കുറവ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളെ സംബന്ധിച്ച്, കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളുള്‍പ്പടെ എട്ട് സംസ്ഥാനങ്ങളും ചേര്‍ന്നുകൊണ്ട് സംയുക്തമായി ആലോചന നടത്തുകയും അഭിപ്രായം പറയുകയും ചെയ്തിട്ടുണ്ട്. എന്നാലും കേന്ദ്ര ഗവണ്‍മെന്റ് അവരുടെ തീരുമാനം നടപ്പിലാക്കി എന്നത് വേറെ കാര്യം. സംസ്ഥാനത്തിന്റെ കയ്യിലുണ്ടായിരുന്ന സെയില്‍സ് ടാക്‌സ് പോലുള്ള വരുമാനമാര്‍ഗ്ഗം എടുത്തുകൊണ്ട് പോയി ജി.എസ്.ടി. ആക്കി മാറ്റിയതോടെ, ഒരു സംസ്ഥാന ധനകാര്യ മന്ത്രിക്കും ഒരു സംസ്ഥാന ബഡ്ജറ്റിനും ഒന്നും ചെയ്യാന്‍ പറ്റാത്ത സ്ഥിതിയിലാക്കി.

അതിനെതിരെയെല്ലാം കളക്ടീവായിട്ട് ഞങ്ങള്‍ പ്രതികരിക്കുന്നുണ്ട്. പക്ഷേ, രാഷ്ട്രീയം സാധാരണഗതിയില്‍ പ്രതിപക്ഷത്തിന് കുറച്ച് കൂടുതല്‍ ഉണ്ടാകുമല്ലോ. മുഖ്യമന്ത്രിയും മന്ത്രിമാരും എം.എല്‍.എ.മാരു ചേര്‍ന്ന് ഞങ്ങള്‍ ദല്‍ഹിയില്‍ സമരം നടത്തിയപ്പോള്‍ പ്രതിപക്ഷം സഹകരിച്ചില്ല. അവര്‍ ഇവിടുത്തെ രാഷ്ട്രീയം മാത്രമാണ് കണ്ടത്. എന്നാല്‍, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കന്മാരും ഫാറൂഖ് അബ്ദുള്ളയെ പോലുള്ള സീനിയറായ ആളുകളും വന്ന് ഞങ്ങളുടെ സമരത്തിന് പിന്തുണ നല്‍കിയത് വളരെയധികം അംഗീകാരം പിടിച്ചുപറ്റിയ കാര്യമാണ്.

അതിനുശേഷം കര്‍ണാടകത്തിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പിന്നീട് ഇതേ ആവശ്യത്തിനായി സമരത്തിന് പോവുകയുണ്ടായി. ഞങ്ങള്‍ സുപ്രീം കോടതിയില്‍ പോയി. ഒരിക്കലും ആശയപരമായി കേന്ദ്ര ഗവണ്‍മെന്റുമായി ഞങ്ങള്‍ കോംപ്രമൈസ് ചെയ്യുകയല്ല. വ്യക്തപരമായി മന്ത്രിമാരെ കാണുമ്പോള്‍ സംസാരിക്കുകയും മറ്റ് ചെയ്യുമ്പോഴും, അതൊരു അഡ്മിനിസ്‌ട്രേറ്റീവ് കള്‍ച്ചറാണ്. അങ്ങനെ ചെയ്യുമ്പോഴും രാഷ്ട്രീയപരമായും ആശയപരമായും ഒരിക്കലും ഞങ്ങള്‍ കോംപ്രമൈസ് ചെയ്യില്ല.

രാഷ്ട്രീയപരമായി, കേന്ദ്രത്തിന്റെ ഏത് നയമാണെങ്കിലും അതിപ്പോള്‍ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയെ ബാധിക്കുന്ന പി.എം.ശ്രീ പോലുള്ള വിവാദ നയമായാലും, ഏറ്റവും ശക്തമായി എതിര്‍ക്കുന്നതും സുപ്രീം കോടതിയില്‍ പോയതും കേരളമാണ്. ഇപ്പോള്‍ ഭരണഘടനാ ബെഞ്ചിന് മുന്നിലുള്ളത് കേരളം കൊടുത്ത കേസ് മാത്രമാണ്. ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റാണ് അതിന്റെ എല്ലാ കാര്യങ്ങളും ചെയ്തത്. മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയായ ഞാനും മറ്റ് മന്ത്രിമാരും എപ്പോഴും നിരന്തരമായി ഈ നിലപാട് തന്നെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്.

അങ്ങനെ, ഫിസിക്കല്‍ റിലേഷനിലെയും സെന്‍ട്രല്‍-സ്റ്റേറ്റ് റിലേഷന്‍ഷിപ്പിലെയും ഏറ്റവും സീരിയസായ കേസ് ഭരണഘടനാ ബെഞ്ചിന്റെ മുന്നിലേക്ക് എത്തിക്കുന്നതിലേക്ക് ഞങ്ങള്‍ കാര്യങ്ങള്‍ കൊണ്ടുപോയിട്ടുണ്ട്, സമരവും ചെയ്യുന്നുണ്ട്. ഇതിലൊന്നും സംസ്ഥാനത്തെ പ്രതിപക്ഷത്തിന്റെ സഹായം കിട്ടുന്നില്ല. എന്നാല്‍, ഇപ്പോള്‍ എസ്.ഐ.ആര്‍. വിഷയത്തിലാണെങ്കില്‍, ഇത് സംസ്ഥാനത്തിന്റെ പ്രശ്‌നമായതുകൊണ്ടുതന്നെ ഞങ്ങള്‍ ഓള്‍ പാര്‍ട്ടി മീറ്റിങ്ങുകള്‍ വിളിക്കുകയും എല്ലാവരെയും സഹകരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ, പ്രതിപക്ഷം പലപ്പോഴും, ‘മോന്‍ ചത്താലും വേണ്ടില്ല മരുമോളുടെ കണ്ണീര് കണ്ടാ മതി’ എന്ന് പറയുന്ന പോലെയാണ് പെരുമാറുന്നത്. അത് അവരുടെ സമീപനമാണ്, എന്നാല്‍ ഇടതുപക്ഷത്തിന്റെ സമീപനം അതല്ല.

ഒരു ഉദാഹരണം പറയാം, ദേശീയപാത വീതികൂട്ടുന്ന കാര്യം ചര്‍ച്ച ചെയ്തപ്പോള്‍, സാധാരണഗതിയില്‍ പ്രതിപക്ഷം അതിനെ എതിര്‍ക്കാനാണ് സാധ്യത. എന്നാല്‍, അന്നത്തെ സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി, ഉമ്മന്‍ ചാണ്ടി ഗവണ്‍മെന്റ് വിളിച്ച യോഗത്തില്‍, നാലുവരി പാതയോ ആറുവരി പാതയോ ആക്കാനായി സ്ഥലമേറ്റെടുക്കുന്നതിന് ഞങ്ങളെല്ലാം കൂടെ നില്‍ക്കും എന്നാണ് പറഞ്ഞത്. പ്രതിപക്ഷമാണ് എന്നതുകൊണ്ട് ഞങ്ങള്‍ അതിനെ തകര്‍ക്കാന്‍ ശ്രമിച്ചില്ല. എന്നാല്‍, യു.ഡി.എഫ്. ചെയ്തതെന്തെന്നാല്‍, അതിനുശേഷം ഈ സ്ഥലമേറ്റെടുക്കാന്‍ വന്നപ്പോള്‍ മലപ്പുറത്തും കോഴിക്കോടും കണ്ണൂരിലും എത്രയോ സ്ഥലത്ത് വലിയ സമരങ്ങളായിരുന്നു ഉണ്ടാക്കിയത്.

ഇപ്പോള്‍ ജനങ്ങള്‍ക്ക് ആ സംശയം മാറി എന്ന് മാത്രമല്ല, അവര്‍ക്ക് വലിയ സന്തോഷവുമാണ്. ആ സമീപനം എടുക്കുന്നവരാണ് അവര്‍, എന്നാല്‍ ഞങ്ങള്‍ അങ്ങനെയൊരു സമീപനമല്ല എടുക്കുന്നത്. എല്ലാവരെയും കൂട്ടി യോജിപ്പിച്ചു കൊണ്ടുപോകാന്‍ തന്നെയാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. കേന്ദ്രം ഇപ്പോള്‍ എടുക്കുന്ന ഈ സമീപനം ഇങ്ങനെ മുന്നോട്ടുപോയാല്‍, രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പരസ്പര ബന്ധത്തെയും ദുര്‍ബലപ്പെടുത്തും.

ഇതിന്റെ ഫലം എന്തെന്നാല്‍, ഒരു സംസ്ഥാനം എന്ന നിലയില്‍ കേരളത്തിന് അര്‍ഹമായത് കിട്ടുന്നില്ല എന്ന തോന്നല്‍ കേരളത്തിനും, മഹാരാഷ്ട്രയ്ക്ക് കിട്ടേണ്ടത് മഹാരാഷ്ട്രയ്ക്കും ഒഡീഷയ്ക്ക് കിട്ടേണ്ടത് ഒഡീഷയ്ക്കും കിട്ടുന്നില്ല എന്നൊരു തോന്നലുണ്ടാകുന്നു. സാമ്പത്തികമായി മുന്നോട്ട് വന്നിട്ടുള്ള സൗത്ത് ഇന്ത്യന്‍ സ്റ്റേറ്റുകള്‍ക്ക് പൊതുവെ ഈ തോന്നല്‍ ഉണ്ടാകുന്നു. കാരണം, നമുക്ക് ഇനി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവര്‍ തന്ന് സഹായിക്കേണ്ട കാര്യമില്ല; നമുക്ക് നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. അവര്‍ സ്‌കൂള്‍ കെട്ടാന്‍ പണം തരാം എന്ന് പറഞ്ഞാല്‍ കേരളത്തിന് അത് ആവശ്യമില്ല. ആശുപത്രിയുടെ കാര്യത്തിലും അങ്ങനെയാണ്. ഇതുപോലുള്ള കാര്യങ്ങള്‍ക്ക് ക്രൈറ്റീരിയ വെച്ചിട്ട് അത് വേണമെങ്കില്‍ തരാം എന്ന നയമാണ് കേന്ദ്രത്തിന്.

എന്നാല്‍, നമ്മുടെ പ്രശ്‌നം അതിനേക്കാള്‍ വലുതാണ്; പ്രായം ഏറെയുള്ളവര്‍ കൂടുതലുള്ള സംസ്ഥാനം വേറെയില്ല. അതുകൊണ്ട്, ‘ജറിയാട്രിക് ഇഷ്യൂ’ ഉള്‍പ്പെടെയുള്ള നമുക്ക് വേണ്ട പതിനായിരക്കണക്കിന് കോടിയുടെ കാര്യങ്ങള്‍ നോക്കാന്‍ ഇപ്പോഴും അവിടെ തിയറിയായിട്ടില്ല. കേന്ദ്രം കാണുന്നത് ഒരു പഴയ കണ്‍വെന്‍ഷണല്‍ രീതിയാണ്. നമ്മള്‍ പറയുന്നത്, ഫ്‌ലെക്‌സിബിലിറ്റി വേണം, സ്റ്റേറ്റ് ടു സ്റ്റേറ്റ് വ്യത്യാസം വേണം. എല്ലാം ഒരൊറ്റ രീതിയിലാക്കിയാല്‍ പറ്റില്ല, വികേന്ദ്രീകൃതമായ ഒരു പ്ലാനിങ് അവിടെയില്ല. അപ്പോള്‍ അതിന്റെ പേരില്‍ രാജ്യത്തിന്റെ മൊത്തത്തിലുള്ള യോജിപ്പിനെ ദുര്‍ബലപ്പെടുത്താനാണ് ബി.ജെ.പി. ഗവണ്‍മെന്റ് ശ്രമിക്കുന്നത്; അവര്‍ തിരിച്ചറിയാത്ത ഒരു അപകടമാണിത്.

സംഗീത് കെ: കേരളം ചില പര്‍ട്ടിക്കുലര്‍ വള്‍ണറബിലിറ്റീസ് നേരിടുന്ന ഒരു സംസ്ഥാനമാണ്. ഒന്നാമതായി നമുക്ക് ഭൂമി താരതമ്യനെ കുറവാണ്. കോസ്റ്റ് ലൈന്‍ ഉണ്ടെങ്കില്‍ അതിന്റെ കൂടെ കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍ വരും. ഇപ്പുറത്ത് വനം ഉണ്ടെങ്കില്‍ വനത്തിന്റെ ബഫര്‍ സോണ്‍ ബുദ്ധിമുട്ടുകള്‍ വരും. ഈ സാഹചര്യത്തില്‍ നമ്മളെ സംബന്ധിച്ച് വലിയ വ്യവസായങ്ങള്‍ എന്നത് കേരളത്തെ സംബന്ധിച്ച് വലിയ തോതില്‍ പ്രായോഗികമാകുന്ന ഒരു കാര്യമല്ല.

അതേസമയം നമുക്ക് പ്രതീക്ഷയോടെ നോക്കാന്‍ പറ്റുന്ന ഒരു സാധ്യത എന്ന് പറയുന്നത്, ഉദാഹരണമായി ആപ്പിള്‍ മൂന്ന് ട്രില്യണ്‍ ഡോളര്‍ വലിപ്പമുള്ള ഒരു കമ്പനിയാണ്. പക്ഷേ ഒരു ഫോണ്‍ പോലും അവര്‍ സ്വന്തമായി നിര്‍മിക്കുന്നില്ല. 50 ബില്യണ്‍ ഡോളര്‍ വലുപ്പമുള്ള ഫോക്സ്‌കോണ്‍ എന്ന് പറയുന്ന കമ്പനിയാണ് അവരുടെ എല്ലാ ഫോണുകളും മാനുഫാക്ചര്‍ ചെയ്യുന്നത്. റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റിലും ഇന്നൊവേഷനിലും ഫോക്കസ് ചെയ്യുന്ന അവരുടെ മാതൃ കമ്പനിയാണ് വലിയ കമ്പനിയായി തുടരുന്നത്. ആ തരത്തില്‍ ഇന്നൊവേഷനില്‍ ഫോക്കസ് ചെയ്യുന്ന അതുപോലെതന്നെ റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റില്‍ ഫോക്കസ് ചെയ്യുന്ന ഹൈ വാല്യൂ സര്‍വീസ് എക്സ്പോര്‍ട്ടില്‍ ഫോക്കസ് ചെയ്യുന്ന ഒരു നോളജ് എക്കണോമി ആയിട്ട് കേരളത്തെ മാറ്റിത്തീര്‍ക്കുക എന്നുള്ളത് മാത്രമാണ് നമ്മുടെ മുമ്പിലുള്ള വഴി.

അതേസമയം തന്നെ കേരളത്തിലെ വ്യവസായത്തോട് ചേര്‍ത്ത് നമ്മള്‍ എക്സസീവ് ട്രേഡ് യൂണിയന്‍സത്തെ പറ്റിയും എപ്പോഴും പറയാറുണ്ട്. പക്ഷെ സ്വാഭാവികമായിട്ടും ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ശരാശരി 320 രൂപയ്ക്ക് വരെ തൊഴിലാളിയെ കിട്ടും എന്ന് അസ്യൂം ചെയ്ത് ഇവിടെ വരുന്ന ഒരാള്‍ക്ക് ഇവിടെ എത്തുമ്പോള്‍ അത് 1000ത്തിലോ 1500ലോ റിയല്‍ ടൈമില്‍ കാണേണ്ടി വരുമ്പോള്‍ ഇവിടുന്ന് ഓടിപ്പോകേണ്ടി വരുന്നതാണ് ആ സാഹചര്യം. ഇതെല്ലാം നമ്മള്‍ നമ്മുടെ അവകാശങ്ങള്‍ നേടിയെടുത്തതിന്റെ പശ്ചാത്തലത്തിലാണ്. പക്ഷെ അപ്പോഴും ഇതൊരു ആക്ഷേപം ആയിട്ടാണ് വരുന്നത്. അപ്പോ ആ തരത്തില്‍ ഒരു നോളജ് എക്കണോമിയിലേക്കുള്ള ട്രാന്‍സ്ഫോര്‍മേഷന്‍ എന്തെങ്കിലും ഭാവനാപൂര്‍ണമായ പദ്ധതികള്‍ ഇടതുപക്ഷത്തിന്റെ ഭാഗത്തു നിന്നുണ്ടോ?

കെ.എന്‍. ബാലഗോപാല്‍: നോളജ് എക്കോണമി എന്ന ആശയം ഇപ്പോള്‍ ഏറ്റവും ശക്തമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് കേരളം നിലകൊള്ളുന്നത്. എല്ലാ സമ്പദ്വ്യവസ്ഥകളും അതിന്റെ ഓരോ ഘട്ടത്തിലും അറിവിനെ ആശ്രയിച്ചിട്ടുള്ളതാണ്. മനുഷ്യന്‍ പൂജ്യം കണ്ടുപിടിച്ചതും, ഉരുണ്ടുപോകുന്ന ചക്രം കണ്ടെത്തിയതും, തീ കണ്ടുപിടിച്ചതുമെല്ലാം ഓരോ ഘട്ടങ്ങളിലെ മുന്നേറ്റങ്ങളാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം, ഞങ്ങള്‍ക്ക് പരിസ്ഥിതി മലിനീകരണമുള്ള വ്യവസായങ്ങള്‍ വേണ്ട എന്ന് തീരുമാനിക്കുന്നതിന് വ്യക്തമായ കാരണങ്ങളുണ്ട്. നമ്മുടെ ഭൂപ്രകൃതിയുടെ പ്രത്യേകതകള്‍, തീരദേശത്തിന്റെ സാന്നിധ്യം, 30 ശതമാനത്തോളം വനമേഖല, 30 ശതമാനത്തോളം എസ്റ്റേറ്റുകള്‍ എന്നിങ്ങനെയുള്ള ഘടകങ്ങള്‍ പ്രധാനമാണ്. അതുകൊണ്ടാണ് ഇന്ത്യയിലെ ഏറ്റവും മെച്ചപ്പെട്ട എയര്‍ ക്വാളിറ്റി നമുക്കുള്ളത്. നമ്മുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ മലിനീകരണമുണ്ടെന്ന് പറയുന്ന സ്ഥലത്തുപോലും അന്താരാഷ്ട്ര നിലവാരത്തേക്കാള്‍ വളരെ കുറഞ്ഞ അളവിലാണ് മലിനീകരണം.

ഏത് നിക്ഷേപകനെ സംബന്ധിച്ചും ഏറ്റവും പ്രധാനപ്പെട്ട കാര്യം നിയമവാഴ്ചയാണ് കേരളത്തില്‍ അത് വളരെ നല്ല നിലയിലാണ്. ഇവിടെ വംശീയതയുടെയോ വര്‍ഗീയതയുടെയോ പ്രശ്‌നങ്ങളില്ല. ആളുകള്‍ക്ക് പള്ളിയിലും അമ്പലത്തിലും പോകുന്നതിനോ പോകാതിരിക്കുന്നതിനോ തടസ്സമില്ല. പോകാതിരിക്കുന്നതിന് തടസമില്ല. ഇഷ്ടമുള്ള കടയില്‍ പോയി ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിനും ഇവിടെ പ്രശ്‌നമില്ല.

അങ്ങനെ, കേരളം ഇന്ത്യയിലെ മറ്റു സ്ഥലങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമായ ഒരു കോസ്‌മോപൊളിറ്റന്‍ സമൂഹം ആണ്. വളരെ പണ്ട് കാലം മുതല്‍ക്കേ, സഹ്യപര്‍വതത്തിന്റെ അതിര്‍ത്തിയും കടല്‍ വഴിയുള്ള ബന്ധങ്ങളും ചൈനക്കാര്‍, റോമക്കാര്‍ തുടങ്ങി എല്ലാവരുടെയും അനുഭവങ്ങളും, എല്ലാ മതങ്ങള്‍ക്കും കടന്നുവരാന്‍ വാതായനം തുറന്നുകൊടുത്ത ചരിത്രവും നമുക്കുണ്ട്.

വാസ്‌കോ ഡ ഗാമ വന്ന സമയത്ത് അവരുടെ ദൗത്യങ്ങളിലൊന്ന് ഇന്ത്യയിലെ തദ്ദേശീയ ക്രിസ്ത്യാനികളെ പറ്റി മനസ്സിലാക്കുക എന്നതായിരുന്നു എന്ന പഴയ ഡയറിക്കുറിപ്പുകളില്‍ നിന്ന് അറിയാം; അതായത്, അവര്‍ വരുന്നതിനും എത്രയോ മുന്‍പ് ഇവിടെ ക്രിസ്ത്യന്‍ സമൂഹം നിലനിന്നിരുന്നു.

ഇങ്ങനെ വളരെ വ്യത്യസ്തമായ കാര്യങ്ങളുള്ള ഒരു കേരളത്തിന് നോളജ് എപ്പോഴും വളരെ പ്രധാനമാണ്. നമുക്ക് പൂജ്യം കണ്ടുപിടിച്ചതും ഗണിത ശാസ്ത്രജ്ഞന്മാരെപ്പറ്റിയുള്ള ചരിത്രവും ആദിശങ്കരന്റെ കാലത്തെ ഏറ്റവും പ്രാഗത്ഭ്യമുള്ള ആളുകളെ സൃഷ്ടിച്ച ചരിത്രവും ഉണ്ട്. എല്ലാം നമ്മളാണെന്നല്ല, കേരളവും അതൊക്കെ സൃഷ്ടിച്ചിരുന്നു. അതുകൊണ്ട് തന്നെ, ഈ നോളജ് എക്കോണമി ഇവിടെ വളരെ പ്രധാനപ്പെട്ട ഒന്നാണ്.

ഇപ്പോഴത്തെ സ്ഥിതിയില്‍, ലോകത്ത് എല്ലായിടത്തും പോയി പരിചയമുള്ളവരാണ് മലയാളികള്‍. ലോകത്തെ ഏത് ആശുപത്രിയില്‍ പോയാലും നിങ്ങള്‍ക്ക് മലയാളം സംസാരിക്കാന്‍ മിക്കവാറും സാധിക്കും. കാരണം അവിടെ നഴ്‌സുമാരും ആരോഗ്യ പ്രവര്‍ത്തകരും ഉണ്ടാകും. ഇത് കേരളത്തിന്റെ ഒരു പ്രത്യേകതയാണ്. വലിയ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളില്‍ നമ്മുടെ ആളുകളുണ്ടാകും. ഇത് കേരളത്തിന് ലഭിച്ചിട്ടുള്ള ഒരു വലിയ അഡ്വാന്റേജ് ആണ്. ആ കേരളീയര്‍ക്ക് ഇവിടെ വന്ന് കുറെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും.

ആഗോള ഭൗമരാഷ്ട്രീയ സാഹചര്യങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ നമ്മുടെ നാട്ടില്‍ നിന്ന് തന്നെ കാര്യങ്ങള്‍ ചെയ്യുന്നതിന് പ്രോത്സാഹനമാവുന്നുണ്ട്. മുമ്പ് 30 കൊല്ലം മുന്‍പൊക്കെ അമേരിക്കയിലും യൂറോപ്പിലുമെല്ലാം വന്ന ഒരു വികസനം നമ്മള്‍ കേട്ടറിഞ്ഞിട്ടേയുള്ളൂ. എന്നാല്‍, ഇപ്പോള്‍ ആപ്പിളിന്റെ ഏറ്റവും പുതിയ ഫോണ്‍ പുറത്തിറക്കുമ്പോള്‍ ഇന്ത്യയില്‍ കൂടിയാണ് ട്രൈ ചെയ്യുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചിലപ്പോള്‍ വാങ്ങുന്നത് കേരളത്തിലായിരിക്കും. ലോകത്തെ ഏറ്റവും പുതിയ വാഹനങ്ങള്‍ വാങ്ങുന്ന, മികച്ച പര്‍ച്ചേസിങ് പവര്‍ ഉള്ള ആളുകള്‍ കേരളത്തിലുണ്ട്. ലോകത്തെ വലിയ ടെക്നോളജി കമ്പനികള്‍ വരെ ഇവിടെ വരുന്നു. ഈ പശ്ചാത്തലം നമുക്കുണ്ട്.

നോളജ് എക്കോണമിയുടെ എല്ലാ പശ്ചാത്തലവും ഇവിടെയുണ്ട്. കൂടുതല്‍ മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങള്‍ നമുക്ക് പറ്റില്ല എന്നുള്ളത് നമ്മുടെ നിലപാടാണ്. ധാരാളം കാര്യങ്ങള്‍ വരുന്നുണ്ട്, ഇനിയും കൂടുതല്‍ കാര്യങ്ങള്‍ വരും. അതിന് നല്ല താമസ സൗകര്യങ്ങള്‍ നമുക്ക് കൂടുതല്‍ വേണം, ടൂറിസത്തിന്റെ ഫെസിലിറ്റികള്‍ വര്‍ധിപ്പിക്കണം. നമ്മുടെ ഫുഡ് ഇന്‍ഡസ്ട്രിക്ക് ലോകം മൊത്തം വലിയ സാധ്യതയാണുള്ളത്; ലോകം മൊത്തം ഇന്ന് എല്ലാ ഫുഡും കഴിക്കാന്‍ തുടങ്ങിയിരിക്കുന്നു. കഥകളി മുതല്‍ മോഹിനിയാട്ടം വരെ നമ്മുടെ കലാരൂപങ്ങള്‍ക്കും നമ്മുടെ സിനിമയ്ക്കും ഇപ്പോള്‍ പാന്‍-ഇന്ത്യന്‍ തലത്തിലും ലോകമെമ്പാടും അംഗീകാരമുണ്ട്. ഇതുപോലുള്ള കാര്യങ്ങള്‍ നല്ലതുപോലെ ഉപയോഗിച്ച് നമ്മുടെ പ്രദേശത്തെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ സാധിക്കും.

അതുകൊണ്ട്, നോളജ് എക്കോണമി തന്നെയായിരിക്കും ഇവിടെ ശക്തിപ്പെടുക. അതിന് ഏറ്റവും പ്രധാനപ്പെട്ടത് നല്ല ഇന്റര്‍നെറ്റ് കണക്ടിവിറ്റി, നല്ല വിദ്യാഭ്യാസം, എല്ലാ ഭാഷകളും പഠിക്കാനുള്ള സൗകര്യം, യാത്രാസൗകര്യം എന്നിവയാണ്. ലോകത്ത് ഇത്രയും അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന ഒരിടം കുറവാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്ള സംസ്ഥാനം കേരളമാണ്. ദേശീയപാതകളുടെയും റോഡുകളുടെയും കാര്യത്തിലും, വന്ദേ ഭാരത് ട്രെയ്‌നുകളുടെ യാത്രക്കാരുടെ എണ്ണത്തിലും കേരളം മുന്‍പന്തിയിലാണ്. ഈ പശ്ചാത്തലത്തില്‍, വിജ്ഞാന സമ്പദ്വ്യവസ്ഥയ്ക്ക് വലിയ സാധ്യതയുണ്ട്.

കേരളത്തില്‍ അങ്ങോളമിങ്ങോളം കണക്ടിവിറ്റി കൂടുതല്‍ മെച്ചപ്പെടുത്താനുള്ള കാര്യങ്ങള്‍ ഞങ്ങള്‍ ആലോചിക്കുന്നുണ്ട്. കെ-റെയില്‍ നേരത്തെ വന്നിട്ട് തടസം നേരിട്ടെങ്കിലും, ദല്‍ഹി മെട്രോയെപ്പോലെ വലിയ ഇന്‍വെസ്റ്റ്‌മെന്റുള്ള കൊച്ചി മെട്രോ വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം മെട്രോ ഞങ്ങള്‍ അനൗണ്‍സ് ചെയ്തു, അതിന്റെ കാര്യങ്ങള്‍ വരും. കോഴിക്കോടും മെട്രോയുടെ കാര്യങ്ങള്‍ വരും.

കേരളം മൊത്തം വളരെ വേഗത്തില്‍ കണക്ട് ചെയ്യാനുള്ള കാര്യങ്ങള്‍ വരുന്നു. കേരളത്തില്‍ നിന്ന് ലോകത്ത് എവിടേക്കും പോകാനുള്ള വലിയ തുറമുഖ സൗകര്യങ്ങള്‍ വരുന്നു. കേരളത്തിന്റെ എല്ലാ മേഖലയില്‍ നിന്നും ലോകത്ത് എവിടേക്കും ഫ്രീക്വന്റായി യാത്ര ചെയ്യാന്‍ പറ്റുന്ന തരത്തിലുള്ള വിമാന സൗകര്യങ്ങള്‍ ഉണ്ട്, ഇനിയും വരും. സത്യത്തില്‍, ഇത്രയും അടിസ്ഥാന സൗകര്യമുള്ള സ്ഥലം വളരെ കുറവാണ്. ഏത് ജോലിയും ചെയ്യാന്‍ പറ്റുന്ന തരത്തിലേക്കുള്ള നോളജ് ഉള്ള ആളുകളും ലോകപരിചയമുള്ളവരും നമുക്കുണ്ട്.

ടൂറിസത്തിന്റെ കാര്യമെടുത്താല്‍, സ്വിറ്റ്സര്‍ലന്‍ഡില്‍ ഒക്കെ പോയി നല്ല വായു കൊള്ളുന്നത് പോലെ, നല്ല ക്ലൈമറ്റ് ഉള്ള സ്ഥലങ്ങള്‍ക്ക് ലോകത്ത് ഡിമാന്‍ഡുണ്ട്. നമുക്കാണെങ്കില്‍ നമ്മുടെ ആയുര്‍വേദവും നല്ല ക്ലൈമറ്റും നമ്മുടെ സംസ്‌കാരവും എല്ലാം സഹായകരമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റ് ചെയ്യാന്‍ പറ്റുന്ന പല കാര്യങ്ങളും നമുക്കുണ്ട്. ഇപ്പോള്‍ ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ കാര്യത്തില്‍ നമ്മള്‍ മുന്നോട്ട് വരുന്നു, പഞ്ചായത്ത് വകുപ്പിന്റെ കെ-സ്മാര്‍ട്ട് പോലുള്ള സംവിധാനങ്ങള്‍ വഴി കാര്യങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്നു.

ചില പ്രവാസികള്‍ ഇവിടെ വന്ന് പറയുന്നുണ്ട്: ‘നേരത്തെ പോലെ അല്ല, ഞങ്ങളുടെ വീട്ടിലിരുന്ന് ഈ കാര്യമൊക്കെ ചെയ്യാം.’ ഈ നേട്ടങ്ങള്‍ നമ്മള്‍ നല്ലപോലെ ഉപയോഗിക്കണം. കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് കൂടുതല്‍ വേണം. അതിനാണ് ഫണ്ട് വേണ്ടത്ര കിട്ടാത്തതുകൊണ്ട് കിഫ്ബി പോലുള്ള മോഡലുകള്‍ നമ്മള്‍ ഉണ്ടാക്കിയത്. ഇനിയും സ്വകാര്യ മൂലധനം വരുന്ന തരത്തിലേക്ക്, നമ്മുടെ നാട്ടില്‍ തന്നെ വലിയ തോതില്‍ പണം ഇന്‍വെസ്റ്റ് ചെയ്യാന്‍ പറ്റുന്നവരുണ്ട്. അവര്‍ക്ക് ഇത് റിട്ടേണ്‍ കിട്ടുമോ, സുരക്ഷിതത്വം ഉണ്ടോ എന്നുള്ള സംശയമാണ് ഉണ്ടായിരുന്നത്. എന്നാല്‍, ഇപ്പോള്‍ അത് ലഭിക്കാനുള്ള ഉറപ്പുണ്ട്. ഇതൊക്കെ വരുമ്പോള്‍ നമുക്ക് നമ്മുടെ നാടിനെ ഒരു വലിയ കുതിച്ചുചാട്ടത്തിലേക്ക് കൊണ്ടുപോവാന്‍ സാധിക്കുമെന്ന് തന്നെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

സംഗീത് കെ: ഇപ്പോള്‍ ഒരു മലയാളിയെ കുറിച്ച് ഒരു സിംബോളിക് ആയ ചിത്രം വരയ്ക്കാന്‍ പറഞ്ഞാല്‍ ഇപ്പോഴത്തെ നാഷണല്‍ പെര്‍സെപ്ഷന്‍ അനുസരിച്ച് ഒരു കയ്യില്‍ മദ്യക്കുപ്പിയും ഇപ്പുറത്തെ കയ്യില്‍ ഒരു ലോട്ടറിയും ആയിട്ട് നില്‍ക്കുന്ന ആളെയായിരിക്കും നമ്മള്‍ വിഭാവനം ചെയ്യുക. കാരണം അത്രയും പ്രചരണം നടക്കുന്നുണ്ട്. നേരത്തെ മിനിസ്റ്റര്‍ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞത് കേട്ടു, 100 രൂപ ലോട്ടറിയിലൂടെ വരുമാനം വന്നാല്‍ അതില്‍ സര്‍ക്കാരിലേക്ക് എത്തുന്നത് മൂന്ന് രൂപയാണെന്ന്. അപ്പോള്‍ അതിനു മാത്രം ലോട്ടറി കേരളം വിക്കുന്നുണ്ടോ. അതല്ല നമുക്ക് മൂന്ന് രൂപ മാത്രം കിട്ടുകാണെങ്കില്‍ ലോട്ടറി നിരോധിക്കുന്നതിനെ കുറിച്ച് നമുക്ക് ആലോചിച്ചുകൂടെ?

കെ.എന്‍. ബാലഗോപാല്‍: എന്തിനാണ് ലോട്ടറി നിരോധിക്കേണ്ടത്? ലോട്ടറി ഉണ്ടാക്കുന്ന അപകടങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിശോധിക്കാവുന്നതാണ്. എന്നാല്‍, നിലവില്‍ ആളുകള്‍ ആത്മഹത്യ ചെയ്യുന്നത് പലപ്പോഴും ഓണ്‍ലൈന്‍ ലോട്ടറികളുമായി ബന്ധപ്പെട്ടാണ്. നമ്മുടെ ലോട്ടറി എന്നത് വളരെ വ്യവസ്ഥാപിതമായ ഒന്നാണ്. വാസ്തവത്തില്‍, നമ്മുടെ ലോട്ടറിക്ക് പ്രധാനമായി രണ്ടോ മൂന്നോ ധര്‍മങ്ങള്‍ നിര്‍വഹിക്കുന്നുണ്ട്. ഒന്ന്, ക്രൗഡ് ഫണ്ടിംഗ് എന്ന് പറയുന്നതുപോലെ, സമൂഹത്തിലുള്ള പണം ഒരുമിച്ച് കൂട്ടിച്ചേര്‍ക്കുന്ന ഒരു ജോലി ഇത് ചെയ്യുന്നു. ലോട്ടറി എടുക്കുന്നവര്‍ക്ക് കുറച്ചുപേര്‍ക്കെങ്കിലും സമ്മാനം ലഭിക്കും, ഏകദേശം 50% മുതല്‍ 60% വരെ സമ്മാനത്തുകയായി തിരിച്ചുപോവുന്നുണ്ട്. അതായത്, ആളുകളുടെ കയ്യില്‍ നിന്നുള്ള പണം ഒരുമിച്ച് ഒരു ഗ്രൂപ്പായി വരുമ്പോള്‍ അതില്‍ നിന്ന് സമ്മാനങ്ങള്‍ കൊടുക്കാം.

രണ്ടാമതായി, കേരളത്തില്‍ ഏകദേശം ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം വരെ ആളുകള്‍ ഇതിനെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്. അവര്‍ക്കുള്ള കമ്മീഷനാണ് ഇതിലെ പ്രധാനപ്പെട്ട ഒരു ഭാഗം. ഏറ്റവും പുതിയ കണക്കനുസരിച്ച് ഒരു വര്‍ഷം 4,000 കോടി രൂപയെങ്കിലും കമ്മീഷനായി പോകുന്നുണ്ട്. പിന്നീട് സര്‍ക്കാരിന് ഇതില്‍ നിന്ന് നികുതി ലഭിക്കുന്നു. കേന്ദ്ര ഗവണ്‍മെന്റ് ഇപ്പോള്‍ ടാക്‌സ് കൂട്ടിയിട്ടുണ്ട്, 40% കേന്ദ്ര ഗവണ്‍മെന്റിനും സംസ്ഥാന ഗവണ്‍മെന്റിനും തുല്യമായിട്ടാണ് പോകുന്നത്.

നേരത്തെ ഇതിന്റെ 3% അടുത്തായിരുന്നു സര്‍ക്കാരിന് ഒരു ചെറിയ തുകയായി ലഭിച്ചിരുന്നത്. എന്നാല്‍, ടാക്‌സ് കൂട്ടിയപ്പോള്‍ അത് കുറയുകയും, ഞങ്ങള്‍ കുറച്ച് ഡിസ്‌കൗണ്ട് കൂട്ടി കൊടുക്കുകയും ചെയ്തു. ലോട്ടറിയുടെ കാര്യത്തില്‍ ഒരു ഗവര്‍ണര്‍ ഒരിക്കല്‍, കേരളത്തിന്റെ വരുമാനം മദ്യം വിറ്റും ലോട്ടറി വിറ്റുമാണ് എന്ന് പറഞ്ഞിട്ടുണ്ട്, അദ്ദേഹം അങ്ങനെ പറയാന്‍ പാടില്ലായിരുന്നു.

ബഡ്ജറ്റ് തയ്യാറാക്കുമ്പോള്‍ നോണ്‍-ടാക്‌സ് റെവന്യൂവിന്റെ ഭാഗത്ത് ലോട്ടറി വില്‍ക്കുന്ന മുഴുവന്‍ പണവും വരും, കാരണം ഇത് ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റാണ്. എന്നിട്ട് ഈ ചിലവുകള്‍, അതായത് സമ്മാനവും കമ്മീഷനും ഒക്കെ ഇതില്‍ നിന്ന് പോകും. ശരിക്കും നമുക്ക് കിട്ടുന്നത്, ഇതിന്റെ എസ്റ്റാബ്ലിഷ്മെന്റ് എക്‌സ്‌പെന്‍സിനുള്ള പണം മാത്രമാണ്, ടാക്‌സ് വേറെ കിട്ടുന്നുമുണ്ട്. എങ്കിലും, ഇത്രയും പേര്‍ ലോട്ടറിയിലൂടെ ജീവിക്കുന്നു എന്നുള്ളതാണ് പ്രധാന കാര്യം. എവിടെ നോക്കിയാലും ആളുകള്‍ ലോട്ടറി ടിക്കറ്റ് വില്‍ക്കുന്നതിലൂടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നു. ഞാന്‍ വന്നതിനുശേഷം ലോട്ടറിയുടെ തുകയോ കൂടുതല്‍ അടിക്കുന്ന നമ്പറുകളോ വര്‍ധിപ്പിച്ചിട്ടില്ല.

ഇത്രയും വലിയൊരു കാര്യം ലോട്ടറി ചെയ്യുന്നുണ്ട്. ഇല്ലെങ്കില്‍ വല്ല ഓണ്‍ലൈനും മറ്റുമായി ആളുകള്‍ തട്ടിക്കും. ഇത് ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റ് ഗ്യാരണ്ടിയോടെ, സുരക്ഷിതത്വത്തോടെ ചെയ്യുന്ന ഒരു കാര്യമാണ്. ഇന്ത്യയില്‍ പേപ്പര്‍ ലോട്ടറി ഉള്ള മറ്റൊരു സംസ്ഥാനം ബംഗാളാണ്, പക്ഷേ അത് അവിടുത്തെ ഗവണ്‍മെന്റ് അല്ല നടത്തുന്നത്, പ്രൈവറ്റ് കമ്പനികളാണ്. ഗവണ്‍മെന്റ് നടത്തുന്ന സ്ഥാപനം എന്ന നിലയില്‍ ഇത് വളരെ മാന്യമായ ഒരു കാര്യമാണ്. പ്രായമായ ഒരാള്‍ക്കോ ജോലിയില്ലാത്ത ഒരു സ്ത്രീക്കോ 50-100 ടിക്കറ്റുകള്‍ വില്‍ക്കാന്‍ കഴിഞ്ഞാല്‍ അവര്‍ക്ക് അന്നത്തേക്ക് 500-700 രൂപ കിട്ടും. വൈകുന്നേരം ഇറങ്ങിപ്പോയി വില്‍ക്കുന്നവരുണ്ട്. ഇതവരുടെ വരുമാനം കൂടിയാണ്, നമ്മള്‍ ആ ഭാഗം കാണണം.

രണ്ടാമത്തെ കാര്യം, മദ്യം. മദ്യത്തിന് കഴിഞ്ഞ അഞ്ച് വര്‍ഷമായിട്ട് ഒരു ശതമാനം പോലും നികുതി കൂട്ടിയിട്ടില്ല, കൂട്ടാവുന്നതായിരുന്നു. എന്നാല്‍, ഇപ്പോള്‍ മയക്കുമരുന്നിന്റെ ഉപയോഗം കൂടുന്നു എന്ന വലിയ വിമര്‍ശനം ഇന്ത്യയിലും ലോകമെമ്പാടും ഉണ്ട്. ഡ്രഗ്ഗ് ഉണ്ടാക്കുന്ന അപകടങ്ങള്‍ വളരെ വലുതാണ്; സ്വന്തം അമ്മയെ ഗ്യാസ് സിലിണ്ടര്‍ എടുത്ത് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവങ്ങള്‍, പണത്തിനുവേണ്ടി സഹോദരങ്ങളെ കൊല്ലുന്നതൊക്കെയായിട്ടുള്ള കാര്യങ്ങള്‍ ഡ്രഗ്ഗിന്റെ പേരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

വളരെ മോശമായിട്ടുള്ള പലതരം അക്രമങ്ങള്‍ ഇത് കാരണം ഉണ്ടാകുന്നു. ഡ്രഗ്ഗിനെ നിയന്ത്രിക്കുക എന്നത് വളരെ പ്രധാനമാണ്, ഞങ്ങള്‍ കൂട്ടായി ശക്തമായ നിലപാടെടുത്ത് മുന്നോട്ട് പോകുന്നുണ്ട്. മദ്യത്തിന്റെ കാര്യത്തില്‍, അത് ഡ്രഗ്ഗിന്റെ കൂട്ടത്തില്‍ കൂട്ടേണ്ട. മനുഷ്യന്‍ മദ്യപിക്കുക എന്നത് ലോകത്ത് എവിടെയും ചെയ്യുന്ന കാര്യമാണ്. ലോകത്ത് എവിടെയായാലും, അപകടം കുറഞ്ഞ ലഹരി ഗവണ്‍മെന്റ് കണ്‍ട്രോളില്‍ പോവുകയാണ്. കേരളത്തില്‍ 100% സര്‍ക്കാരാണ് വില്‍ക്കുന്നത്. തമിഴ്‌നാടും കര്‍ണാടകയും ഇപ്പോള്‍ അങ്ങനെയാണ്. വ്യാജമദ്യത്തിന്റെ വരവും കള്ളമദ്യവും ഒഴിവാക്കി ചെയ്യുക എന്നതാണ് പ്രധാനം.

കേരളത്തിന്റെ വരുമാനത്തിന്റെ എത്രയോ ഇരട്ടിയാണ് ഓരോ സംസ്ഥാനങ്ങള്‍ക്കും മദ്യത്തിലൂടെ ലഭിക്കുന്നത് എന്ന് നോക്കുക. തമിഴ്‌നാടുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലുള്ളതിനേക്കാള്‍ അഞ്ചിരട്ടിയോളമാണ് അവിടുത്തെ മദ്യവില്‍പന ശാലകള്‍. ചെറിയ ചെറിയ സ്ഥലങ്ങളിലൊക്കെയുണ്ട്. എന്നാല്‍ നമുക്ക് അങ്ങനെയില്ല. നമ്മള്‍ വളരെ പരിമിതപ്പെടുത്തിയാണ് കടകള്‍ വെച്ചിട്ടുള്ളത്. ബാറുകള്‍ കുറച്ചുകൂടി നിയന്ത്രിതമാണ്, ബിവറേജസ് കോര്‍പ്പറേഷന്റെ കടകള്‍ കുറവാണ്, അവിടെ വെച്ച് കുടിക്കാന്‍ പറ്റുകയുമില്ല.

കര്‍ണാടകത്തിന്റെയും തമിഴ്നാടിന്റെയും തെലങ്കാനയുടെയും ആന്ധ്രയുടെയും ഒക്കെ വരുമാനം നോക്കിക്കോളൂ. യു.പിയിലൊക്കെ നേരത്തെ യാതൊരു നിയന്ത്രണവും ഇല്ലായിരുന്നു. ഇതൊക്കെ ഗവണ്‍മെന്റ് സിസ്റ്റത്തിലൂടെ വരുമ്പോള്‍ അവര്‍ക്ക് വരുമാനം എത്രയാണ്. ലോകത്തെല്ലാം ഈ മദ്യമുണ്ട് മദ്യത്തില്‍ നിന്നും ലോട്ടറിയില്‍ നിന്നുമുള്ള വരുമാനം മാത്രമായിട്ടല്ല കേരളത്തിന്റെ സ്ഥിതി. ലോട്ടറിയില്‍ നിന്നുള്ള വരുമാനം ഞാന്‍ പറഞ്ഞതുപോലെയാണ്. മദ്യത്തിന്റെ കാര്യത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി ടാക്‌സ് കൂട്ടിയിട്ടില്ല. ഞങ്ങള്‍ അതിലങ്ങ് വല്ലാതെ ആശ്രയിക്കുന്നില്ല എന്നുള്ളതുകൊണ്ടാണ്. എന്നാല്‍, നിയന്ത്രണം വേണം, വരുമാനം വേണം. അതുകൊണ്ട് ആ പറയുന്ന കാര്യങ്ങള്‍ ശരിയല്ല.

ഇതുപോലുള്ള കാര്യങ്ങള്‍ തെറ്റായ പ്രചരണത്തിന്റെ ഭാഗമാണ്. നേരത്തെ ഇതിനേക്കാള്‍ മോശമായ കാര്യങ്ങള്‍ കേരളത്തെപ്പറ്റിയും ഇവിടുത്തെ ആളുകളുടെ സ്വഭാവത്തെപ്പറ്റിയും സദാചാരത്തെപ്പറ്റിയും പ്രചരിപ്പിച്ചിരുന്നു. കേരളത്തിലെ ടൂറിസത്തെ പഴയ തായ്‌ലന്‍ഡ് ടൂറിസം പോലെക്കെ പ്രചരിപ്പിച്ച കാലമുണ്ട്. കേരളത്തില്‍ ബീഫ് കഴിക്കുന്നവരും വൃത്തികെട്ടവരും ആയതുകൊണ്ടാണ് പ്രളയം വന്നതെന്നും എല്ലാവരും ചാവണമെന്നും പറഞ്ഞ ബി.ജെ.പി അനുഭാവികളുണ്ടായിരുന്നു. പക്ഷേ, കേരളം എന്താണെന്നുള്ളത് ഇപ്പോള്‍ ലോകം അറിഞ്ഞുകൊണ്ടിരിക്കുകയാണല്ലോ.

സംഗീത് കെ:  ഈ സമീപകാലത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ഒരു ആക്ഷേപം എന്ന് പറയുന്നത് ആശുപത്രികള്‍ക്ക് പണം കൃത്യമായിട്ട് കിട്ടുന്നില്ല എന്നതാണ്. മെഡിക്കല്‍ കോളേജ് സംവിധാനങ്ങള്‍ തകര്‍ന്നിരിക്കുകയാണ്. അവിടെ പര്‍ച്ചേസുകള്‍ കൃത്യമായിട്ട് നടക്കുന്നില്ല. അപ്പോള്‍ സാമ്പത്തികമായിട്ട് ഒരു പ്രതിസന്ധിയും ഇല്ലെങ്കില്‍ എന്തുകൊണ്ട് ഈ കാര്യങ്ങള്‍ കൃത്യമായിട്ട് ചെയ്യാന്‍, ഡെലിവറി ചെയ്യാന്‍ നമുക്ക് കഴിയുന്നില്ല എന്നൊരു ആക്ഷേപം ഉയരുന്നണ്ടല്ലോ

കെ.എന്‍. ബാലഗോപാല്‍: നമുക്ക് സാമ്പത്തികമായി ബുദ്ധിമുട്ടില്ല എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. സാമ്പത്തികമായിട്ട്, കിട്ടാനുള്ള 50,000 കോടി തരാനുള്ളത് ഒരു വര്‍ഷം കട്ട് ചെയ്യുമ്പോള്‍ ബുദ്ധിമുട്ടുണ്ടാവില്ലേ? അവര് ശ്വാസം മുട്ടിച്ചാലും നമ്മള്‍ നടത്തിക്കൊണ്ടു പോകും എന്നാണ് ഞാന്‍ പറഞ്ഞുള്ളൂ. കിട്ടേണ്ടതാണ് നമുക്ക് അവകാശപ്പെട്ട രണ്ടര ലക്ഷം കോടി അഞ്ചു വര്‍ഷം കൊണ്ട് കേന്ദ്ര ഗവണ്‍മെന്റിന്റെ നയംധാരണം മൂലം കിട്ടിയിട്ടില്ല. അത് ധനകാര്യ മന്ത്രി എന്ന നിലയില്‍ എന്റെ വ്യക്തിപരമായ കാര്യമോ കുടുംബപരമായ കാര്യമല്ല.

എല്‍.ഡി.എഫിന്റെ മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെ കുടുംബപരമായ കാര്യമല്ല. കേരളത്തിന് കിട്ടേണ്ട പണം കേരളത്തിന് കിട്ടിയിട്ടില്ല എന്നുള്ളത് ആവര്‍ത്തിച്ചു പറയും, ഇനിയും പറഞ്ഞുകൊണ്ടിരിക്കും. അത് കിട്ടേണ്ടതാണ്. അത് കിട്ടിയാല്‍ ഇതിനേക്കാള്‍ എത്രയോ മാറ്റം ഉണ്ടാകും. ഇതായപ്പോള്‍ തന്നെ നമ്മള്‍ മാനേജ് ചെയ്തു പോകുമ്പോള്‍ ഇന്ത്യയിലെ മറ്റു സ്റ്റേറ്റുകളെക്കാളും മെച്ചപ്പെട്ട തരത്തില്‍ പോകുന്നു.

ഇവിടെ പക്ഷേ ഏതെങ്കിലും രംഗത്ത് നമ്മള്‍ പണം കൊടുക്കാതിരുന്നിട്ടില്ല. ഇപ്പോള്‍ നമ്മള്‍ ഈ അഞ്ചു വര്‍ഷം വരുമ്പോള്‍ 55,000 കോടി സാമൂഹിക ക്ഷേമ പെന്‍ഷന്‍ കൊടുക്കും. തൊട്ടുമുമ്പത്തെ അഞ്ച് വര്‍ഷമായിരുന്നു ഏറ്റവും കൂടുതല്‍ കൊടുത്തത്. അന്ന് 35,000 കോടിയാണ് കൊടുത്തത്. അത്രയും കൂടുതല്‍ സാമൂഹിക ക്ഷേമ പെന്‍ഷന്‍ മാറ്റി വെക്കുന്ന ഒരു സ്ഥലമാണിത്.

ആശുപത്രി രംഗത്ത് എത്ര ഞങ്ങള്‍ ശരാശരി, ഈ കേരളത്തിന്റെ ആകെ ബഡ്ജറ്റില്‍ ഏറ്റവും വലുത് വിദ്യാഭ്യാസമാണ്, രണ്ടാമത്തേത് ആരോഗ്യമാണ്. ആരോഗ്യ ബഡ്ജറ്റില്‍ വെക്കുന്നത് കൂടാതെയാണ് ഈ കാരുണ്യ പോലുള്ള പദ്ധതികള്‍ ഉള്ളത്. ശരാശരി 1500 കോടി വര്‍ഷം കൊടുക്കും. അത്രയും പണം കൊടുക്കുന്നുണ്ട്. നേരത്തെ, തൊട്ടുമുമ്പത്തെ ഗവണ്‍മെന്റ് ഇതിന്റെ പകുതിയേ ഉണ്ടായിരുന്നുള്ളൂ. ഹെല്‍ത്ത് അഷുറന്‍സ് കൊണ്ടുവന്നപ്പോഴാണ്. അന്ന് 600 കോടിയൊക്കെ പഴയ കൊവിഡ് സമയത്ത് മുഴുവന്‍ നമ്മള്‍ കൊടുത്തു തീര്‍ത്തു. അതിനുമുമ്പ് തീരെ കൊടുക്കത്തില്ലായിരുന്നു. ഇത്രയൊന്നുമില്ല. അപ്പോള്‍ കണക്കുകള്‍ നോക്കണം.

ഒന്നാം പിണറായി സര്‍ക്കാരാണ് ഏറ്റവും കൂടുതല്‍ കാര്‍ഡിയോളജിയും മറ്റതും ഒക്കെ ചെയ്തത്. അതിനുശേഷം ഇപ്പോഴാണ്. ഇപ്പോള്‍ കേരളത്തിലെ എല്ലാ ജില്ലകളിലും കാര്‍ഡിയോളജി സെന്റര്‍ ഉണ്ട്, കാത്ത് ലാബ് ഉണ്ട്. അന്ന് ഒരു മാസം ചെയ്യുന്ന 7,000 ഓപ്പറേഷന്‍ ആണ് കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് നടന്നിരുന്നത്. അതിനു മുമ്പത്തെ കാലത്തും 3,000 പോലും ഇല്ല. കഴിഞ്ഞ ഗവണ്‍മെന്റ് കാലത്ത് 7,000 ആണ് ഒരു മാസം ഹാര്‍ട്ട് ഓപ്പറേഷന്‍. ഇപ്പോള്‍ അത് 19,000 വരെ ആയതായി.

പണ്ട് മരുന്നില്ല എന്ന് പറഞ്ഞാല്‍ പെന്‍സിലിനോ ഇന്‍സുലിനോ ജെലൂസിലോ പാരാസെറ്റമോളോ ഇല്ലെന്നാ. ഇപ്പോള്‍ ഇല്ലെന്ന് പറഞ്ഞാല്‍ എന്താണ്? 42 ലക്ഷം കുടുംബങ്ങള്‍ക്ക് സ്റ്റെന്റ് സൗജന്യമായി കൊടുക്കുക എന്ന് പറഞ്ഞാല്‍, 2 ലക്ഷമോ ഒന്നര ലക്ഷമോ രൂപയുടെ വിലയുള്ള സാധനം സൗജന്യമായി കൊടുക്കുന്ന ഒരു സ്റ്റേറ്റില്‍ അത് സൗജന്യമായി കൊടുക്കുന്നതില്‍ ഒരാഴ്ച താമസിച്ചുപോയി എന്നാണ്. ഞാന്‍ പറയുന്നത് ഒരാഴ്ച താമസിച്ചു എന്നുള്ളത് പറഞ്ഞോട്ടെ. പക്ഷേ ഇത്രയും കൊടുക്കുകയാണ്. ഇല്ലാത്ത പ്രചരണങ്ങള്‍ ആരോഗ്യ വകുപ്പിനെ അവമാനിക്കാന്‍ വേണ്ടി, സര്‍ക്കാരിനെ അപമാനിക്കാന്‍ വേണ്ടി ഇല്ലാത്ത പ്രചരണം നടത്തുകയാണ്.

കേരളത്തില്‍ ഇപ്പോള്‍ പുതുതായിട്ട് വന്ന ഹോസ്പിറ്റല്‍ നോക്കൂ. ഹോസ്പിറ്റലുകള്‍ എല്ലാ ജില്ലയിലും കാര്‍ഡിയോളജി വന്ന സംവിധാനം ഇപ്പോഴാണ് വന്നച്. എല്ലാ ജില്ലയിലും മെഡിക്കല്‍ കോളേജ്. 10 മെഡിക്കല്‍ കോളേജ് വരെ നേരത്തെ ഞങ്ങള്‍ തുടങ്ങുമെന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പറഞ്ഞു. കൊല്ലത്തെയാണ് ആദ്യത്തെ ഇ.എസ്.ഐ മെഡിക്കല്‍ കോളേജ് ഇവര്‍ അനൗണ്‍സ് ചെയ്തത്. അവിടെ ക്ലിനിക്കല്‍ പരിശോധന ശൈലജ ടീച്ചര്‍ മന്ത്രി ആയതിനു ശേഷമാണ് പനിക്ക് മരുന്ന് കൊടുക്കാന്‍ തുടങ്ങിയത്. മെഡിക്കല്‍ കോളേജ് ഉദ്ഘാടനം ചെയ്തു. പനിക്ക് മരുന്ന് കൊടുക്കാന്‍ തുടങ്ങിയത് ശൈലജ ടീച്ചര്‍ മന്ത്രിയായതിന് ശേഷമാണ്. ഞാന്‍ അന്ന് സി.പി.ഐ.എമ്മിന്റെ ജില്ലാ സെക്രട്ടറിയാണ്.

ഇന്നിപ്പോള്‍ കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജിലും, എല്ലാ ജില്ലയിലും അവിടെ പോസ്റ്റ് കൊടുത്തു. 1000 പോസ്റ്റ് എങ്കിലും വേണം ഒരു മെഡിക്കല്‍ കോളേജില്‍. ഇനിയും വേണമെന്നുള്ള ഡിമാന്‍ഡ് ഉണ്ട്. ഇതിനകത്തു നിന്നാണ് നമ്മള്‍ ചെയ്യുന്നത്. ഇതെല്ലാം നമ്മള്‍ ചെയ്യുകയാണ്. ഇപ്പോള്‍ ഹെല്‍ത്തിന് കഴിഞ്ഞ ദിവസം തന്നെ 250ഓളം പോസ്റ്റാ കഴിഞ്ഞ ദിവസം കൊടുത്തത്, ടീച്ചിങ് ഉയര്‍ന്ന പോസ്റ്റ്. ഇതെല്ലാം കൊടുക്കുന്ന ഒരു സ്റ്റേറ്റ് ആണ്. അപ്പോള്‍ ഇത് കൊടുക്കുന്നില്ല എന്നല്ല. നേരത്തെ ഉള്ളതിന്റെ എത്രയോ മൂന്നോ നാലോ അഞ്ചോ മടങ്ങ് കൊടുക്കുന്നുണ്ട്. ഡിമാന്‍ഡ് ഇനിയും കൂടുതലാണ്, മുഴുവന്‍ ആള്‍ക്കും കിട്ടാന്‍ വേണ്ടിയിട്ടുള്ള ഡിമാന്‍ഡ് ഉണ്ടാകും. പക്ഷേ ഇത്രയും കൊടുക്കുന്നു എന്നുള്ള കാര്യം ചെറുതല്ല.

കൊവിഡ് സമയത്തെ മുഴുവന്‍ പണവും കൊടുത്തു തീര്‍ക്കേണ്ടി വന്നു. ഇനിയും കൊടുക്കാനുണ്ട്, കൊടുക്കുന്നുണ്ട്. അപ്പോള്‍ അതിനകത്ത് ബഡ്ജറ്റ് വെച്ചത് 700 കോടി, കൊടുക്കേണ്ടി വന്നത് 1500 കോടി. ധനകാര്യ വകുപ്പിന്റെ രീതി അനുസരിച്ചാല്‍ ബഡ്ജറ്റ് വെച്ചത് കൊടുത്താല്‍ മതിയല്ലോ. പക്ഷേ അങ്ങനെ കൊടുത്താല്‍ ഈ ചികിത്സ നടക്കുമോ? അങ്ങനെ കൊടുക്കുന്നുണ്ട്. അപ്പോള്‍ അങ്ങനെ ചെയ്യുകയാണ്. ഞാന്‍ ഈ പറഞ്ഞതാണ്. പാരാസെറ്റമോള്‍ കിട്ടാനില്ല എന്ന് പറഞ്ഞൊരു കാലത്തു നിന്നും സ്റ്റെന്റ് ഒരാഴ്ച താമസിച്ചു എന്ന് പറയുന്ന കാലത്തേക്ക് കേരളം മാറി. അത്രയും വലിയ ഒരു കവറേജ് ആണ് ഹെല്‍ത്ത് സെക്ടറിന് കൊടുക്കുന്നത്.

തയ്യാറാക്കിയത്: ആദര്‍ശ് എം.കെ

Content Highlight: KN Balagopal Interview

സംഗീത്. കെ

ഡയറക്ടര്‍ ഇന്‍സ്പിരിറ്റ് ഐ.എ.എസ് അക്കാദമി

We use cookies to give you the best possible experience. Learn more