| Friday, 15th August 2025, 8:48 am

നെഞ്ചിലേറ്റേണ്ടത് വിഭജനഭീതിദിന ആഹ്വാനങ്ങളല്ല, രാഷ്ട്രത്തിന്റെ സാംസ്‌കാരിക വൈവിധ്യം; സ്വാതന്ത്ര്യദിനത്തില്‍ കെ.എന്‍. ബാലഗോപാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: 79ാം സ്വാതന്ത്ര്യദിനത്തില്‍ നെഞ്ചിലേറ്റേണ്ടത് രാഷ്ട്രത്തെ വിഭജിക്കുന്നതിനായി സിദ്ധാന്തം ചമച്ചവരുടെ വിഭജനഭീതിദിന ആഹ്വാനങ്ങളല്ലെന്ന് സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍.

മറിച്ച് ഈ നാടിന്റെ സാംസ്‌കാരിക വൈവിധ്യങ്ങളുടെ നിറച്ചാര്‍ത്തായിരിക്കണം നാം നെഞ്ചിലേറ്റേണ്ടതെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ സര്‍വകലാശാലകളില്‍ ഓഗസ്റ്റ് 14 വിഭജനഭീതി ദിനമായി ആചരിക്കണമെന്ന ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ ആഹ്വാനത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പരാമര്‍ശം.

ഇന്ത്യ എന്ന ദേശരാഷ്ട്രത്തിന്റെ അഖണ്ഡതയും ഐക്യവും സംരക്ഷിച്ച്, ഇത്രയും കാലവും ഒന്നായി നിലനിര്‍ത്തിയ ഭരണഘടനയെയും ജനാധിപത്യത്തെയും ചേര്‍ത്തുപിടിച്ചുകൊണ്ട് നമുക്ക് ഈ സ്വാതന്ത്ര്യദിനം ആഘോഷിക്കാമെന്നും മന്ത്രി കുറിച്ചു. സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം.

വിഭജനത്തിന്റെ ഇരുണ്ട രാത്രികളല്ല, സ്വാതന്ത്ര്യത്തിന്റെ സുന്ദരമായ പ്രഭാതങ്ങളാണ് നാം ആഘോഷിക്കേണ്ടതെന്ന് റവന്യൂ മന്ത്രി കെ. രാജനും പറഞ്ഞു. സ്വാതന്ത്ര്യാനന്തരം നാം നേടിയെടുത്ത ഇന്ത്യയെന്ന ഒരുമ അതേ സമഭാവനയില്‍ നിലനിര്‍ത്താന്‍ ഓര്‍മപ്പെടുത്തുന്ന ദിനമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്‍. ബിന്ദു ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം ഇന്ത്യ-പാക് വിഭജനത്തിന്റെ പശ്ചാത്തലത്തിലാണ് വിഭജനഭീതി ദിനം ആചരിക്കാന്‍ ഗവര്‍ണര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്ക് സര്‍ക്കുലര്‍ നല്‍കിയത്. പിന്നാലെ സര്‍ക്കുലര്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയനും ഉള്‍പ്പെടെ പ്രസ്താവനയിറക്കി.

സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിത്തമില്ലാത്ത ബ്രിട്ടീഷ് രാജിന് പാദസേവ ചെയ്തവര്‍ക്കാണ് സ്വാതന്ത്ര്യ ദിനത്തെ താഴ്ത്തിക്കെട്ടേണ്ടതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

ഓഗസ്റ്റ് 14ന് വിഭജന ഭീതിയുടെ ഓര്‍മദിനമായി ആചരിക്കാന്‍ വി.സിമാര്‍ക്ക് സര്‍ക്കുലറയച്ച ഗവര്‍ണറുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും അത്തരമൊരു അജണ്ട നടപ്പാക്കാനുള്ള വേദിയായി നമ്മുടെ സര്‍വകലാശാലകളെ വിട്ടുകൊടുക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

തുടര്‍ന്ന് വിഭജനഭീതി ദിനം ആചരിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ സംസ്ഥാനത്തെ കോളേജുകള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. മന്ത്രി ആര്‍ ബിന്ദുവിന്റേതായിരുന്നു നിര്‍ദേശം.

Content Highlight: It is not the calls of the Partition terror day that should be taken to heart: K.N. Balagopal on Independence Day

We use cookies to give you the best possible experience. Learn more