പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ പ്രളയവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് ലഭിച്ചില്ലെന്ന് സി.പി.ഐ.എം നേതാക്കള്‍. എം.എല്‍.എയും മുന്‍ ധനമന്ത്രിയുമായ കെ.എന്‍. ബാലഗോപാല്‍, റാന്നി മുന്‍ എം.എല്‍.എയും സി.പി.ഐ.എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുമായ രാജു എബ്രഹാം എന്നിവരാണ് ഈ കാര്യം പറഞ്ഞത്.
മുന്നറിയിപ്പ് ലഭിച്ചില്ലെന്നാണ് ജനങ്ങളില്‍ നിന്ന് പരാതി ലഭിച്ചതെന്ന് കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. പ്രദേശ വാസികള്‍ക്ക് പ്രളയത്തില്‍ വലിയ നാശ നഷ്ടമുണ്ടായിട്ടുണ്ട്. അവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ബാലഗോപാല്‍ പറഞ്ഞു. റാന്നിയില്‍ പ്രളയ ബാധിത പ്രദേശത്ത് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹം.
റാന്നിയിലെ ജനങ്ങളെ പ്രളയം രൂക്ഷമായി ബാധിക്കാന്‍ കാരണം മുന്നറിയിപ്പില്ലാതെ മൂഴിയാര്‍, കാരിക്കയം അണക്കെട്ടുകള്‍ തുറന്നുവിട്ടതണെന്ന് നേരത്തെ രാജു എബ്രഹാം പറഞ്ഞിരുന്നു. റാന്നിയിലുണ്ടായത് സര്‍ക്കാര്‍ സ്‌പോണ്‍സേഡ് വെള്ളപ്പൊക്കമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
യാതൊരു മുന്നറിയിപ്പും ഇല്ലാതെ മൂഴിയാര്‍ അണക്കെട്ടും കാരിക്കയം അയ്യപ്പ പ്രോജക്റ്റിന്റെ അണക്കെട്ടും തുറന്നുവിട്ടു. അതാണ് തീവ്ര മഴയ്ക്ക് അപ്പുറത്തേക്ക് റാന്നി ടൗണിനെ മുക്കുന്ന തരത്തില്‍ അതിഗുരുതരമായ പ്രത്യാഘാതം ഉണ്ടായിരിക്കുന്നത്. ഏതാണ്ട് ആയിരത്തോളം വീടുകള്‍ മുങ്ങുന്ന തരത്തില്‍ റാന്നിയിലും ആറന്മുളയിലും പമ്പാവാലി മുതല്‍ റാന്നി വരെയുള്ള പ്രദേശങ്ങളിലും ഇത് ബാധിച്ചെന്നും രാജു എബ്രഹാം പറഞ്ഞു.
സാധാരണഗതിയില്‍ അണക്കെട്ട് തുറക്കുന്നതിന് മാനുവല്‍ ഉണ്ട്. അണക്കെട്ട് തുറക്കുന്നതിനു മുമ്പ് അനൗണ്‍സ്‌മെന്റ് കൃത്യമായിട്ട് നടത്തുന്ന ഒരു പതിവ് എല്ലാ കാലഘട്ടങ്ങളിലും ഉണ്ട്. റാന്നിയിലും ഉണ്ടായിട്ടുണ്ട്. പക്ഷേ ഇത്തവണ അണക്കെട്ട തുറക്കുന്നതിന്റെ അനൗണ്‍സ്‌മെന്റോ മുന്നറിയിപ്പോ ഉണ്ടായിട്ടില്ല. സോഷ്യല്‍ മീഡിയയിലും ഇത്തരത്തില്‍ അണക്കെട്ട് തുറക്കുന്നതിന്റെ ഒരു മുന്നറിയിപ്പ് ഉണ്ടായിട്ടില്ലെന്നും റാന്നി മുന്‍ എം.എല്‍.എ ചൂണ്ടിക്കാട്ടി.
റാന്നി മുങ്ങി കഴിഞ്ഞ ശേഷമാണ് പത്തനംതിട്ട ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. വളരെ ഗുരുതരമായ വീഴ്ചയാണ് ഇക്കാര്യത്തില്‍ അധികൃതരുടെ ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും സി.പി.ഐ.എം നേതാവ് അഭിപ്രായപ്പെട്ടു.
കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഇക്കാര്യത്തില്‍ പൂര്‍ണ്ണ ഉത്തരവാദിയാണ്. തീവ്രമഴയെ സംബന്ധിച്ചിടത്തോളം അത് കണ്ടുപിടിക്കാന്‍ ഒട്ടേറെ ശാസ്ത്രീയമായ മാര്‍ഗങ്ങളുണ്ട്. പക്ഷേ അത്തരത്തിലുള്ള ഒരു നടപടിയും സ്വീകരിച്ചില്ല എന്നുള്ളത് അതി മറ്റൊരു ഗുരുതരമായിട്ടുള്ള വിഷയമാണ്. അതുകൊണ്ടുതന്നെ ഒരു സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഡ് വെള്ളപ്പൊക്കം എന്ന് വേണമെന്നുണ്ടെങ്കില്‍ ഈ മഹാ പ്രളയത്തെക്കുറിച്ച് പറയാമെന്നും രാജു എബ്രഹാം അഭിപ്രായപ്പെട്ടു.
നാശനഷ്ടം വന്ന മുഴുവന്‍ കടകളുടെയും നഷ്ടം പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കണം. സര്‍ക്കാര്‍ അത് ഏറ്റെടുക്കണമെന്നും സി.പി.എം നേതാവ് ആവശ്യപ്പെട്ടു.
കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഏതെങ്കിലും ഒരു മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലോ റെഡ് അലേര്‍ട്ടോ അനൗണ്‍സ്‌മെന്റോ ഉണ്ടായിരുന്നെങ്കിലോ ഈ സാധനങ്ങളൊക്കെ കടക്കാര്‍ മാറ്റുമായിരുന്നു. ഈ ആയിരക്കണക്കിന് വീടുകളില്‍ വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടുപോവാതിരിക്കുന്നതിനുള്ള സംവിധാനം വീട്ടുകാര്‍ ചെയ്യുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ക്യാമ്പുകളില്‍ കഴിയുന്ന ആളുകള്‍ക്ക് ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. എന്നാല്‍ ക്യാമ്പുകളില്‍ പോകാത്ത നൂറുകണക്കിന് വീട്ടുകാര്‍ ഇവിടെ ഉണ്ട്. അങ്ങനെയുള്ള വീട്ടുകാര്‍ക്ക് ഭക്ഷണസാധനങ്ങള്‍ കൊടുക്കാനുള്ള സംവിധാനം പോലും ഇതുവരെ റെവന്യൂ വകുപ്പ് ഒരുക്കിയിട്ടില്ലെന്ന് രാജു എബ്രഹം ആരോപിച്ചു. ‘റെവന്യൂ വകുപ്പ് തന്നെ ഉണ്ടോ എന്നൊരു സംശയത്തിലാണ് ഇപ്പോള്‍,’ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒരു പ്രളയത്തെ നേരിടാനുള്ള ഒരുക്കങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയിട്ടില്ലെന്നും രാജു എബ്രഹം ആരോപിച്ചു. എല്ലാം വാചകമടിയിലൂടെയുള്ള ഒരുക്കങ്ങള്‍ മാത്രമാണ് ചെയ്തിട്ടുള്ളത്. ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
Content Highlight: KN Balagopal and Raju Abraham About Flood In Ranni