| Monday, 10th August 2026, 11:27 pm

പ്രതിപക്ഷ ഉപനേതാവ്: സ്പീക്കര്‍ പറഞ്ഞത് പദവിയുടെ അന്തസ്സിന് ഒട്ടും നിരക്കുന്നതല്ല: കെ.എന്‍. ബാലഗോപാല്‍

റെന്വര്‍ പി

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവിന്റെ മുറിയുമായി ബന്ധപ്പെട്ട് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടത്തിയ പരാമര്‍ശങ്ങള്‍ അനുചിതമാണെന്ന് കെ.എന്‍. ബാലഗോപാല്‍ എം.എല്‍.എ. പ്രതിപക്ഷ ഉപനേതാവിന്റെ മുറി ആവശ്യപ്പെട്ട് കത്തൊ അഭ്യര്‍ത്ഥനയോ നല്‍കിയിട്ടില്ലെന്നും ബാലഗോപാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

എല്‍.ഡി.എഫിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയുകയോ തീരുമാനമെടുക്കുകയോ ചെയ്യുക എന്നതല്ല സ്പീക്കറുടെ ചുമതല. സ്പീക്കറുടേത് ഭരണഘടനാ പദവിയാണ്. ആ കസേരയിലിരുന്ന് ഇത്തരം അടിസ്ഥാനരഹിതമായ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതും സാങ്കല്‍പ്പിക കഥകള്‍ മെനയുന്നതിന് സഹായിക്കുന്ന അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതും ആ പദവിയുടെ അന്തസ്സിന് ഒട്ടും നിരക്കുന്നതല്ലെന്നും ബാലഗോപാല്‍ അഭിപ്രായപ്പെട്ടു.

‘പ്രതിപക്ഷ ഉപനേതാവിന്റെ മുറിയുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കര്‍ നടത്തിയ പരാമര്‍ശങ്ങള്‍ തികച്ചും അനുചിതമാണ്. പ്രതിപക്ഷ ഉപനേതാവിന്റെ മുറിയോ, എന്തിന് പി.എ.സി ചെയര്‍മാന്റെ മുറി പോലുമോ ആവശ്യപ്പെട്ട് ഒരു കത്തോ അനൗദ്യോഗികമായ ഒരു അഭ്യര്‍ത്ഥനയോ നല്‍കിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം,’ ബാലഗോപാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

അങ്ങനെ ഒരു കത്ത് നല്‍കിയിട്ടുണ്ടെങ്കില്‍ അത് ജനങ്ങള്‍ക്ക് മുന്നില്‍ പരസ്യപ്പെടുത്താന്‍ ദുഷ്പ്രചരണങ്ങള്‍ നടത്തുന്നവരെ വെല്ലുവിളിക്കുകയാണെന്നും ബാലഗോപാല്‍ പറഞ്ഞു.

‘എല്‍.ഡി.എഫിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയുകയോ തീരുമാനമെടുക്കുകയോ ചെയ്യുക എന്നതല്ല സ്പീക്കറുടെ ചുമതല. കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കേണ്ട, വളരെ ഉന്നതമായ ഒരു ഭരണഘടനാ പദവിയാണത്. ആ കസേരയിലിരുന്ന് ഇത്തരം അടിസ്ഥാനരഹിതമായ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതും സാങ്കല്‍പ്പിക കഥകള്‍ മെനയുന്നതിന് സഹായിക്കുന്ന അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതും ആ പദവിയുടെ അന്തസ്സിന് ഒട്ടും നിരക്കുന്നതല്ല,’ ബാലഗോപാല്‍ അഭിപ്രായപ്പെട്ടു.

‘വസ്തുതകള്‍ മനസ്സിലാക്കി, ഇനിയെങ്കിലും പദവിയുടെ ഔന്നത്യം കാത്തുസൂക്ഷിക്കുന്ന പക്വമായ സമീപനമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്ന് ഓര്‍മ്മിപ്പിക്കുന്നു,’ എന്നും ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ ഉപനേതാവിന് മുറി നിഷേധിച്ചിട്ടില്ലെന്നും പ്രതിപക്ഷ ഉപനേതാവിന്റെ മുറി ഉപനേതാവിന് തന്നെ ലഭിക്കുമെന്നും തിരുവഞ്ചൂര്‍ ഇന്ന് (ഓഗസ്റ്റ് 10, തിങ്കള്‍) പറഞ്ഞിരുന്നു. ഉപനേതാവാരെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞാല്‍ പ്രശ്‌നം തീരുമെന്നും തിരുവഞ്ചൂര്‍ അഭിപ്രായപ്പെട്ടിരുന്നു.

കെ.എന്‍. ബാലഗോപാലിന് പി.എ.സി ചെയര്‍മാന്‍ എന്ന നിലക്ക് ഒരു മുറിയുണ്ട്. ഉപ നേതാവ് തര്‍ക്കം എല്‍ഡിഎഫിലെ ആഭ്യന്തര കാര്യമാണെന്നും പ്രതിപക്ഷ ഉപ നേതാവാണ് എന്നുപറഞ്ഞ് പ്രതിപക്ഷ നേതാവിന്റെ ഒരു കത്ത് കൊണ്ടുവന്നാല്‍ മുറി അപ്പോള്‍ നല്‍കുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.

ബാലഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രതിപക്ഷ ഉപനേതാവിന്റെ മുറിയുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കര്‍ നടത്തിയ പരാമര്‍ശങ്ങള്‍ തികച്ചും അനുചിതമാണ്. പ്രതിപക്ഷ ഉപനേതാവിന്റെ മുറിയോ, എന്തിന് പി.എ.സി ചെയര്‍മാന്റെ മുറി പോലുമോ ആവശ്യപ്പെട്ട് ഒരു കത്തോ അനൗദ്യോഗികമായ ഒരു അഭ്യര്‍ത്ഥനയോ നല്‍കിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അങ്ങനെ ഒരു കത്ത് നല്‍കിയിട്ടുണ്ടെങ്കില്‍ അത് ജനങ്ങള്‍ക്ക് മുന്നില്‍ പരസ്യപ്പെടുത്താന്‍ ദുഷ്പ്രചരണങ്ങള്‍ നടത്തുന്നവരെ വെല്ലുവിളിക്കുകയാണ്.

എല്‍.ഡി.എഫിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയുകയോ തീരുമാനമെടുക്കുകയോ ചെയ്യുക എന്നതല്ല സ്പീക്കറുടെ ചുമതല. കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കേണ്ട, വളരെ ഉന്നതമായ ഒരു ഭരണഘടനാ പദവിയാണത്.

ആ കസേരയിലിരുന്ന് ഇത്തരം അടിസ്ഥാനരഹിതമായ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതും സാങ്കല്‍പ്പിക കഥകള്‍ മെനയുന്നതിന് സഹായിക്കുന്ന അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതും ആ പദവിയുടെ അന്തസ്സിന് ഒട്ടും നിരക്കുന്നതല്ല. വസ്തുതകള്‍ മനസ്സിലാക്കി, ഇനിയെങ്കിലും പദവിയുടെ ഔന്നത്യം കാത്തുസൂക്ഷിക്കുന്ന പക്വമായ സമീപനമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്ന് ഓര്‍മ്മിപ്പിക്കുന്നു.

Content Highlight: KN Balagopal About Speaker Thiruvanchoor Radhakrishnan’s Remark o Opposition

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more