| Saturday, 23rd August 2025, 6:06 pm

എന്താണ് ബീഹാറില്‍ 65 ലക്ഷം പേരെ 'കാണാതാക്കിയ' തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം

കെ.എം. വേണുഗോപാലന്‍

സത്യത്തില്‍ എന്താണ് പ്രത്യേക തീവ്ര (വോട്ടര്‍ പട്ടികാ) പരിഷ്‌കരണം അഥവാ SIR (സ്പെഷ്യല്‍ ഇന്റെന്‍സീവ് റിവിഷന്‍ ഓഫ് എക്ടറല്‍ റോള്‍സ്)

ബീഹാറില്‍ നിലവില്‍ വോട്ടര്‍മാരായ 65 ലക്ഷം പേരെ 01-01-2025 മുതല്‍ പ്രാബല്യത്തോടെ ‘പുതുക്കിയ’ കരട് വോട്ടര്‍ പട്ടികയില്‍ ‘കാണാതാക്കി’യിരിക്കുന്നു അവരില്‍ 35 ലക്ഷം പേര്‍ ഉപജീവനം തേടി മറ്റ് സംസ്ഥാനങ്ങളില്‍ കൂലിപ്പണിയെടുത്ത് കുടുംബം പോറ്റുന്നവരും സ്വന്തം ഗ്രാമങ്ങളില്‍ സ്ഥിരമായ മേല്‍വിലാസങ്ങള്‍ ഉള്ളവരുമാണ്. അവരുടെ കയ്യില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മേല്‍വിലാസങ്ങള്‍ പരിശോധിച്ച് ഒപ്പിട്ട് നല്‍കിയ EPIC കാര്‍ഡുകള്‍ അടക്കമുള്ള തിരിച്ചറിയല്‍ രേഖകള്‍ ഇപ്പോഴും ഉണ്ട്.

എന്നിട്ടും പൗരത്വം സംശയാസ്പദം എന്ന നിലയ്ക്കും, പൗരത്വം തെളിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുതുതായി നിഷ്‌കര്‍ഷിച്ച 11 രേഖകളുടെ ലിസ്റ്റില്‍ ചിലതെങ്കിലും നിര്‍ബന്ധമാണ് എന്ന നിലയ്ക്കുമാണ് അവരുടെ പേരുകള്‍ കരട് പട്ടികയില്‍ ഉള്‍പ്പെടുത്താതിരിക്കുന്നത്.

അതിലും വിചിത്രമായ സംഗതി ഇത്തരത്തില്‍ ‘കടുംവെട്ട് ‘വെട്ടിയ പേരുകളുടെ ഉടമസ്ഥര്‍ക്ക് നേരിട്ട് യാതൊരറിയിപ്പും നല്‍കാനോ ഓരോ കേസിലും കാരണങ്ങള്‍ അറിയിക്കാനോ ഒരു ബാധ്യതയും തങ്ങള്‍ക്കില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടാണ്.

എസ്.ഐ.ആര്‍ സംബന്ധിച്ച ഹരജികളില്‍ സുപ്രീം കോടതി രണ്ട് ദിവസങ്ങള്‍ വാദം കേട്ട ശേഷം നല്‍കിയ ഇടക്കാല ഉത്തരവില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദങ്ങള്‍ അംഗീകരിച്ചില്ല. ഇത് മാത്രമല്ല പേരുകള്‍ നീക്കം ചെയ്യപ്പെട്ട 65 ലക്ഷം പേരുടെ പൂര്‍ണ വിവരങ്ങളും ഒഴിവാക്കലിന്റെ കാരണങ്ങളും ബൂത്ത് തിരിച്ചുള്ള വിശദാംശങ്ങളോടെ പൊതുമണ്ഡലത്തില്‍ ലഭ്യമായ വിധത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നും കോടതി വ്യവസ്ഥ ചെയ്തിരിക്കുന്നു

വോട്ടര്‍മാര്‍ ജീവിച്ചിരിപ്പില്ലെന്ന ‘വിശ്വസനീയമായ വിവരങ്ങ’ളുടെ അടിസ്ഥാനത്തിലാണ് 65 ലക്ഷത്തിലെ 22 ലക്ഷം പേരുകള്‍ നീക്കിയതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം പൊളിക്കാന്‍ ആ വിഭാഗത്തില്‍പ്പെടുത്തിയ ഏതാനും വോട്ടര്‍മാരെ നേരിട്ട് സുപ്രീം കോടതിയില്‍ ഹാജരാക്കാന്‍ ഹരജിക്കാരുടെ പക്ഷത്തുനിന്നും യോഗേന്ദ്ര യാദവിന് സാധിച്ചു.

യോഗേന്ദ്ര യാദവ്

അക്കൂട്ടത്തില്‍, പരസ്യമായി സാക്ഷ്യം നല്‍കിയ സി.പി.ഐ (എം.എല്‍) പ്രവര്‍ത്തകനും ദളിത് സമുദായാംഗവുമായ മിന്റു പാസ്വാനെപ്പോലെ ആയിരക്കണക്കിന് മിന്റുമാര്‍ ഉണ്ടെന്ന് സി.പി.ഐ (എം.എല്‍) ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ ചൂണ്ടിക്കാട്ടുന്നു.

65 ലക്ഷത്തില്‍ ഏഴ് ലക്ഷത്തിന് മേല്‍ വോട്ടര്‍മാര്‍ ‘ഇരട്ടവോട്ട്’ അല്ലെങ്കില്‍ രണ്ടിലധികം ഇടത്ത് വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന ‘കണ്ടെത്ത’ലിന്റെ അടിസ്ഥാനത്തിലാണ് കരട് പട്ടിക പ്രകാരം അയോഗ്യരാക്കപ്പെട്ടത് എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു.

യഥാര്‍ത്ഥ ചിത്രം പുറത്തുവരാതിരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എത്ര തന്നെ ദുസ്സാഹസങ്ങള്‍ കാട്ടിയാലും നിയമത്തിന്റെ മുന്നില്‍ നിന്നും അത്ര എളുപ്പത്തില്‍ കുതറിമാറാന്‍ കഴിയില്ല.

ബീഹാറിലെ ബി.ജെ.പി-സംഘപരിവാര്‍ വിരുദ്ധ ബഹുജനാടിത്തറയുടെ ഭാഗമായ മുസ്‌ലിം, ദളിത്, യാദവ വിഭാഗങ്ങളില്‍പ്പെട്ട വോട്ടര്‍മാരെ പൊതുവിലും, ദരിദ്രരായ കുടിയേറ്റത്തൊഴിലാളികളെ പ്രത്യേകിച്ചും എസ്.ഐ.ആറിന്റെ മറവില്‍ ‘കടുംവെട്ടി’ന് വിധേയരാക്കി അവരുടെ വോട്ടവകാശം കവര്‍ന്നെടുക്കാനുള്ള ശ്രമം ബീഹാര്‍ ജനത ഒരിക്കലും അനുവദിക്കില്ല.

ബിഹാറിലെ എസ്.ഐ.ആര്‍ പ്രക്രിയക്ക് പൂര്‍ണ വിരാമമിടുന്ന ഉത്തരവാണോ അതോ തകരാറുകള്‍ എല്ലാം പരിഹരിച്ച് അത് തുടരാനുള്ള വിധിയാണോ അന്തിമമായി സുപ്രീം കോടതിയില്‍ നിന്ന് ഉണ്ടാവുക എന്നത് ഇനിയും കണ്ടറിയണം.

അതിനാല്‍, കരട് പട്ടികയില്‍ പേരില്ലാതായ ഓരോ വോട്ടര്‍ക്കും പ്രായഭേദമെന്യേ ഫോം ആറ് പ്രകാരം പുതുതായി രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷ സമര്‍പ്പിക്കുക എന്ന ഒരു മാര്‍ഗം മാത്രമാണ് ഇപ്പോള്‍ മുമ്പിലുള്ളത്.

വ്യാജമായ പാര്‍പ്പിട അഡ്രസ്സുകളില്‍ സ്വന്തക്കാരായ വോട്ടര്‍മാരെ വ്യാപകമായ തോതില്‍ വോട്ടര്‍ പട്ടികകളില്‍ ചേര്‍ത്ത് ഇ.വി.എമുകളില്‍ തിരിമറി നടത്തിയും അല്ലാതെയും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമാക്കാന്‍ 2024 തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭരണകക്ഷിയുമായി ഒത്തുകളിച്ചതാണ് മഹാരാഷ്ട്രയിലും ഹരിയാനയിലും യു.പിയിലും കര്‍ണാടകയിലും കേരളത്തിലും മറ്റും പുറത്തി വന്നുകൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ നാം കണ്ടത്,

എന്നാല്‍ ബീഹാറിലെ എസ്.ഐ.ആറിന്റെ ചിത്രത്തില്‍ ഒഴിവാക്കലിന്റെ ഒരു ഘട്ടമേ ഇതിനകം ഭാഗികമായെങ്കിലും പുറത്ത് വന്നിട്ടുള്ളൂ. കൂട്ടിച്ചേര്‍ക്കലിന്റെ ചിത്രം പുറത്തുവരികയാണെങ്കില്‍ നിശ്ചയമായും അത് ഇതിലും ഭയാനകമായിരിക്കും.

ഏറ്റവും വിചിത്രമായ മറ്റൊരു കാര്യം ബംഗ്ലാദേശ്, മ്യാന്മര്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍നിന്ന് ബീഹാര്‍ വോട്ടേഴ്സ് ലിസ്റ്റില്‍ നുഴഞ്ഞുകേറിയ വിദേശികളെ കണ്ടെത്തി ഒഴിവാക്കല്‍ ആണ് എസ്.ഐ.ആര്‍ കൊണ്ട് മുഖ്യമായും ഉദ്ദേശിക്കുന്നത് എന്ന് ‘തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്ത’ങ്ങളെ ഉദ്ധരിച്ച് ഗോദി മീഡിയ ജൂണ്‍ – ജൂലൈ മാസങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നെങ്കിലും കരട് പട്ടികയില്‍ നീക്കം ചെയ്യപ്പെട്ട 65 ലക്ഷത്തില്‍ വിദേശ നുഴഞ്ഞുകേറ്റക്കാരായി ഒരാളെപ്പോലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിട്ടില്ല എന്നതാണ്!

ഇതിന്റെ അര്‍ത്ഥം, തെരഞ്ഞെടുപ്പ് തിരിമറിയിലൂടെ അധികാരം പിടിച്ചെടുക്കുക എന്ന കേവല ലക്ഷ്യം നേടുന്നതിനപ്പുറം മാനങ്ങള്‍ വിദേശനുഴഞ്ഞുകയറ്റം സംബന്ധിച്ച ബി.ജെ.പി – സംഘപരിവാര്‍ വ്യവഹാരങ്ങള്‍ക്ക് ഉണ്ട് എന്നതാണ്.

ദരിദ്രരെയും പാര്‍ശ്വവത്കൃതരേയും കൂട്ടത്തോടെ സംശയാസ്പദ വോട്ടര്‍മാരാക്കി മാറ്റിനിര്‍ത്തി ആദ്യം അവരുടെ വോട്ടവകാശത്തില്‍ നിന്നും, അടുത്തപടിയായി പൗരത്വ പദവിയില്‍നിന്നുതന്നെയും പുറംതള്ളാനുള്ള ഗൂഢ പദ്ധതിയുടെ രൂപത്തില്‍ എന്‍.ആര്‍.സി (National Registry of Citizenship) രാജ്യവ്യാപകമായി പ്രതിഷേധം ഉണ്ടാക്കിയപ്പോള്‍ അതിന്റെ സ്ഥാനത്ത് സമാനമായ ലക്ഷ്യങ്ങളോടെയും തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപകാരണമാക്കിയും മറ്റൊരു പേരിലും ശൈലിയിലും മിന്നല്‍വേഗത്തിലും നടപ്പാക്കാന്‍ ആസൂത്രണം ചെയ്യപ്പെട്ട പരിപാടിയാണ് എസ്.ഐ.ആര്‍.

മുന്‍പ് 2003ല്‍ നടന്ന വോട്ടര്‍ പട്ടികയുടെ തീവ്ര പരിഷ്‌കരണം (IR) എന്നത് ജനപ്രാതിനിധ്യ നിയമത്തിന്റെ പരിധിയില്‍ വരുന്നതും അനേകം മാസങ്ങള്‍ എടുത്തുകൊണ്ടുമാത്രം സാധ്യമായതുമായ സ്വാഭാവികമായ ഒരു പ്രക്രിയയാണ്. എന്നാല്‍ ഇപ്പോള്‍ ബിഹാറില്‍ തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് പ്രഖ്യാപിച്ചിരിക്കുന്ന എസ്.ഐ.ആര്‍ അഥവാ പ്രത്യേക തീവ്ര (വോട്ടര്‍ പട്ടികാ) പരിഷ്‌കരണം പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തിലോ നിയമാനുസൃതമായ ഭേദഗതികളിലോ പറഞ്ഞിട്ടില്ലാത്ത ഒരു കാര്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇത് ചട്ടങ്ങളിലും റൂളുകളിലും പിന്‍വാതിലിലൂടെ വരുത്തിയ ഒരു മാറ്റത്തിന്റെ അടിസ്ഥാനത്തില്‍ ആണെന്നും അതിന് ഭരണഘടനാ സാധുതയില്ലെന്നും ജനാധിപത്യ വാദികള്‍ ആവര്‍ത്തിച്ച് പറയുമ്പോഴും തെരഞ്ഞെടുപ്പ് അടുത്ത് വരാനിരിക്കുന്ന പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെ ഇന്ത്യയായൊട്ടുക്കും എസ്.ഐ.ആര്‍ നടപ്പാക്കും എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്.

പാര്‍ശ്വവത്കൃതരും ദരിദ്രരുമായ പൗരജനതയുടെ വോട്ടവകാശം കൂട്ടത്തോടെ എസ്.ഐ.ആറിലൂടെ റദ്ദാക്കുന്നത്തിനെതിരായ പോരാട്ടം ആരംഭിച്ചത് ബീഹാറില്‍നിന്നാണ്.

അതേസമയം, ഹിന്ദുരാഷ്ട്രസ്ഥാപന ഫാസിസ്റ്റ് അജണ്ടയുടെ ഭാഗമായി ഇതിനകം 2024ല്‍ അധികാരത്തിലെത്താന്‍ ബി.ജെ.പി സംഘടിപ്പിച്ച ബൃഹത്തായ തെരഞ്ഞെടുപ്പ് അട്ടിമറിയുടെ പല വിശദാംശങ്ങളും പുറത്തുവന്നുകഴിഞ്ഞു.

ഈ സന്ദര്‍ഭത്തില്‍ ബീഹാറില്‍ ഇന്ത്യാ സഖ്യത്തിന്റെ സംയുക്താഭിമുഖ്യത്തില്‍ തെരുവുകളിലും കോടതികളിലും പാര്‍ലമെന്റിലും ഉയരുന്ന ചെറുത്തുനില്‍പ്പിന്റെ സന്ദേശത്തിന് രാജ്യത്താകമാനമുള്ള ജനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലതയും ശക്തിയും പകരുമെന്ന് പ്രതീക്ഷിക്കാം .

എസ്.ഐ.ആര്‍ വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിന്നും ഉണ്ടായ മറ്റൊരു ഇടക്കാല ഉത്തരവ് പ്രകാരം, രണ്ട് കാര്യങ്ങള്‍ ശ്രദ്ധയര്‍ഹിക്കുന്നതാണ്.

ഒന്ന്, ആധാര്‍ കാര്‍ഡോ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍പ് നിഷ്‌കര്‍ഷിച്ച 11 രേഖകളുടെ ലിസ്റ്റില്‍പ്പെടുന്ന മറ്റ് രേഖകളോ സഹിതം പുതുതായി പേര് ചേര്‍ക്കാന്‍ അപേക്ഷകള്‍ നല്‍കാവുന്നതാണ്.

രണ്ട്, അപേക്ഷകര്‍ അധികാരികളുടെ മുന്നില്‍ നേരിട്ട് ഹാജരാവണമെന്ന് നിര്‍ബന്ധമില്ല ; ഓണ്‍ലൈന്‍ ആയി അപേക്ഷ നല്‍കിയാല്‍ മതിയാകും.

ഹരജികളില്‍ സുപ്രീം കോടതിയുടെ അടുത്ത ഹിയറിങ് സെപ്റ്റംബര്‍ എട്ടിന് വെച്ചിരിക്കെ, കരട് വോട്ടര്‍ പട്ടികയില്‍ തങ്ങളുടേതല്ലാത്ത കാരണങ്ങള്‍ നിമിത്തം പേരുകള്‍ നീക്കം ചെയ്യപ്പെട്ട ദശലക്ഷക്കണക്കിന് പൗരന്മാര്‍ക്ക് പുതുതായി രജിസ്‌ട്രേഷന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള സമയം നീട്ടാനുള്ള ഹരജിക്കാരുടെ അഭ്യര്‍ത്ഥനയെ സുപ്രീം കോടതി തള്ളിക്കളയുകയാണ് ചെയ്തത്.

ഇത്രയും ധൃതിയിലും ഏറെക്കുറെ അനവസരത്തിലും നിയമ വിരുദ്ധമെന്ന വാദങ്ങളെ തീര്‍ത്തും അവഗണിച്ചും എസ്.ഐ.ആര്‍ നടപ്പാക്കുന്നതിന് പിന്നിലെ യുക്തിയെ സമഗ്രമായി പുനഃപരിശോധിക്കാന്‍ ഇനിയും സുപ്രീം കോടതി തയ്യാറല്ലെന്നാണ് ഇത് കാണിക്കുന്നത്.

Content highlight: KM Venugopalan writes about SIR and Bihar Voters List

കെ.എം. വേണുഗോപാലന്‍

എഴുത്തുകാരനും ആക്ടിവിസ്റ്റും

We use cookies to give you the best possible experience. Learn more