തിരുവനന്തപുരം: കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന, തിരുവനന്തപുരം കോര്‍പറേഷനിലെ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. സുഗതന് അനുകൂലമായി അവധി അപേക്ഷയില്‍ തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയത് തന്റെ നിര്‍ദേശം മറികടന്നെന്ന് മന്ത്രി കെ.എം. ഷാജി. കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗങ്ങളില്‍ നിന്ന് സുഗതന് അവധി അനുവദിക്കുന്നതിന് അനുകൂലമായി തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ചിത്ര പി. അരുണിമ അനൗദ്യോഗികമായി ഫയലില്‍ രേഖപ്പെടുത്തുകയായിരുന്നെന്നും കെ.എം. ഷാജി പറയുന്നു. മീഡിയ വണ്‍ ചാനലിനോട് സംസാരിക്കുമ്പോഴാണ് മന്ത്രി ഈ കാര്യം പറഞ്ഞത്.
തങ്ങളുടെ മുമ്പില്‍ ആ ഫയല്‍ വന്നപ്പോള്‍ ഒരു കാരണവശാലും സുഗതന് ഒരു ആനുകൂല്യം കൊടുക്കാന്‍ പാടില്ല എന്ന് രേഖപ്പെടുത്തി തിരിച്ചയച്ചതാണെന്ന് ഷാജി പറഞ്ഞു. എന്നാല്‍ ആ ഫയലില്‍ സുഗതന് അനുകൂലമായി അണ്ടര്‍ സെക്രട്ടറി ചിത്ര പി. അരുണിമ നോട്ട് എഴുതുകയായിരുന്നെന്നും അദ്ദേഹം പറയുന്നു.
തദ്ദേശ വകുപ്പിന്റെ ഒരു പേപ്പറിന്റെ ബലത്തില്‍ ജനാധിപത്യ മര്യാദകളൊക്കെ കാറ്റില്‍ പറത്തി ഒരു ക്രിമിനല്‍ രക്ഷപ്പെടുക എന്ന് പറയുന്നത് വളരെ അപകടം പിടിച്ച ഒരു കാര്യമാണ്. അതിനെതിരെ പ്രതികരിച്ച എല്ലാവരുടെയും പ്രതികരണത്തിന്റെ വികാരത്തെ ഞാന്‍ അങ്ങനെ തന്നെ ഉള്‍ക്കൊള്ളുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സത്യത്തില്‍ ആ വാര്‍ത്ത ശരിക്ക് ഞെട്ടിക്കുന്ന വാര്‍ത്തയാണ്. എന്നെ സംബന്ധിച്ചിടത്തോളം വല്ല ഭയങ്കര പ്രയാസം ഉണ്ടാക്കിയ ഒരു വാര്‍ത്തയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു. ഡിപ്പാര്‍ട്ട്‌മെന്റ് തല അന്വേഷണത്തിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങുന്നുണ്ട്. അതിന്റെ പിറകിലുള്ള താല്പര്യങ്ങള്‍ എന്താണ് അതിന്റെ രാഷ്ട്രീയം എന്താണെന്ന് പരിശോധിച്ചാല്‍ മതിയാവുമെന്നും അദ്ദേഹം പറഞ്ഞു.
ക്രിമിനല്‍ ആയ ഒരാള്‍ അത് ഏത് പാര്‍ട്ടിയില്‍ പെട്ടവരായാലും അവരെ സംരക്ഷിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഒരു പേപ്പര്‍ കാരണമാകുന്നുണ്ടെങ്കില്‍ അത് ലജ്ജിക്കേണ്ട കാര്യമാണ്. തനിക്ക് അതില്‍ പ്രയാസമുണ്ടെന്നും കെ.എം. ഷാജി പറഞ്ഞു.
സുഗതന് അനുകൂലമായി അണ്ടര്‍ സെക്രട്ടറി നോട്ട് എഴുതി എന്നതില്‍ തനിക്ക് ഭയങ്കരമായി സംശയമുണ്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രിയെ മറികടന്ന് ഒരു അണ്‍ ഒഫീഷ്യല്‍ നോട്ട് എഴുതേണ്ട കാര്യം ഉണ്ടായിരുന്നില്ല. അന്വേഷണത്തില്‍ കുറ്റക്കാരായി കണ്ടെത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചില ആളുകള്‍ക്ക് രാജാവിനെക്കാള്‍ വലിയ രാജഭക്തി എന്നൊക്കെ പറയുന്ന പോലെയുള്ള കാര്യങ്ങളുണ്ട്. ഉള്ളിന്റെ ഉള്ളിലുള്ള ചില ഭക്തി കാണിക്കാനുള്ള അവസരമായിട്ട് ഇതൊക്കെ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതൊന്നും അങ്ങനെ നിസ്സാരമായിട്ട് കളയാവുന്ന കാര്യമല്ല. വളരെ ഗൗരവത്തില്‍ കാണേണ്ട കാര്യമാണെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി.വി രാജേഷ് കൗണ്‍സിലില്‍ സുഗതന്റെ അവധി അപേക്ഷ അവതരിപ്പിക്കുകയും 51 അംഗങ്ങളുടെ പിന്തുണയോടെ അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ കോര്‍പറേഷനിലെ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിക്കുകയും ചെയ്തു.
പ്രതിപക്ഷം പ്രതിഷേധിച്ചപ്പോള്‍ സുഗതന്റെ അവധി അപേക്ഷക്ക് അനുകൂലമായുള്ള ജയില്‍ വകുപ്പിന്റെ കത്ത് വി.വി. രാജേഷ് കോര്‍പറേഷന്‍ കൗണ്‍സിലില്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. ഈ കത്ത് തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ആഭ്യന്തര വകുപ്പിന് നല്‍കിയ അനുകൂല നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് വിവരം.
കാപ്പ കേസില്‍ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന സുഗതന്‍ തുടര്‍ച്ചയായ മൂന്ന് കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുത്തില്ലെങ്കില്‍ അയോഗ്യനാവും. ഇത് മറികടക്കാനാണ് ഇയാള്‍ക്ക് അവധി അനുവദിക്കാന്‍ ബി.ജെ.പി നീക്കം നടത്തിയത്.
അവധി അപേക്ഷ അംഗീകരിച്ചാല്‍ കൗണ്‍സിലര്‍ സ്ഥാനം സുരക്ഷിതമായിരുക്കുമെന്നാണ് ആഭ്യന്തര വകുപ്പിന്റെ കത്തില്‍ പറയുന്നത്. കത്ത് നല്‍കിയ സംഭവത്തില്‍ അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടിരുന്നു.
Content Highlight: KM Shaji About Allowing Leave For BJP Councilor R Sugatthan