| Sunday, 3rd August 2025, 8:05 pm

'തെറ്റുപറ്റി'; യുവതിയെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ കെ.എം. ഷാജഹാന്റെ കുറ്റസമ്മതം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സമൂഹ മാധ്യമങ്ങളിലൂടെ യുവതിയെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ കുറ്റസമ്മതം നടത്തി വി.എസ്. അച്യുതാനന്ദന്റെ മുന്‍ അഡീഷണല്‍ സെക്രട്ടറിയും മാധ്യമപ്രവര്‍ത്തകനുമായ കെ.എം. ഷാജഹാന്‍. സൈബര്‍ പൊലീസ് ചോദ്യം ചെയ്യുന്നതിനിടെയാണ് കെ.എം. ഷാജഹാന്‍ കുറ്റസമ്മതം നടത്തിയത്.

‘എനിക്ക് തെറ്റുപറ്റി പോയി’ എന്നാണ് കെ.എം. ഷാജഹാന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്. നിലവിലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ചോദ്യം ചെയ്തതിന് ശേഷം കെ.എം. ഷാജഹാനെ പൊലീസ് വിട്ടയച്ചു.

നാളെ (തിങ്കള്‍) വീണ്ടും ഹാജരാകണമെന്ന് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്. യുവതിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണം ഹാജരാക്കണമെന്നും നിര്‍ദേശമുണ്ട്.

യു.ഡി.എഫ് കക്ഷിയായ കേരള പ്രവാസി അസോസിയേഷന്‍ വനിതാ നേതാവിന്റെ പരാതിയില്‍ തിരുവനന്തപുരം സൈബര്‍ പൊലീസാണ് കെ.എം. ഷാജഹാനെതിരെ കേസെടുത്തിരുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും വനിതാ നേതാവിനെയും കുറിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റിനെതിരെയായിരുന്നു പരാതി.

യുവതിയും പ്രതിപക്ഷ നേതാവും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം അശ്ലീലചൊവയോടെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിനെതിരെയാണ് വനിതാ നേതാവ് പരാതിപ്പെട്ടത്. തുടര്‍ന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം സൈബര്‍ പൊലീസ് കേസെടുക്കുകയായിരുന്നു.

കേരള പ്രവാസി അസോസിയേഷന്‍ യു.ഡി.എഫിന്റെ ഘടകകക്ഷിയായതിന് ശേഷമാണ് തനിക്കെതിരെ കെ.എം. ഷാജഹാന്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് യുവതി നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അതേസമയം പോസ്റ്റ് വിവാദമായതിന് പിന്നാലെ ഖേദപ്രകടനവുമായി കെ.എം. ഷാജഹാന്‍ രംഗത്തെത്തിയിരുന്നു.

‘ഞാന്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു പോസ്റ്റ് ഉണ്ടാക്കിയ ആശയക്കുഴപ്പം ഇല്ലാതാക്കാനാണ് ഈ പോസ്റ്റ്. കഴിഞ്ഞ പോസ്റ്റില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോടൊപ്പം നില്‍ക്കുന്ന ……….. എന്ന വനിത, രാജേന്ദ്രന്‍ വെള്ളപ്പലത്ത് എന്ന വ്യക്തിയുടെ ഭാര്യയാണ് എന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. ആ ഫോട്ടോ ആ വനിതയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നാണ് ഞാന്‍ എടുത്തത്. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ ആ വനിത രാജേന്ദ്രന്‍ വെള്ളപ്പലത്ത് എന്ന വ്യക്തിയുടെ ഭാര്യ അല്ല എന്ന് അറിയാന്‍ കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഞാന്‍ ആ വനിതയോട് നിര്‍വ്യാജം മാപ്പ് ചോദിക്കുന്നു. ചെയ്ത തെറ്റ് ബോധ്യമായ സാഹചര്യത്തില്‍ ഞാന്‍ ആ പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നു,’ കെ.എം. ഷാജഹാന്റെ ഖേദപ്രകടന പോസ്റ്റ്.

പിന്നീട് ഈ പോസ്റ്റും കെ.എം. ഷാജഹാന്‍ ഫേസ്ബുക്കില്‍ നിന്ന് പിന്‍വലിച്ചിരുന്നു.

Content Highlight: K.M. Shahjahan confesses to defamation of young woman

We use cookies to give you the best possible experience. Learn more