ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ മത്സരത്തില്‍ സെഞ്ച്വറിയുമായി കെ.എല്‍. രാഹുല്‍. ലീഡ്‌സിലെ ഹെഡിങ്‌ലിയില്‍ നടക്കുന്ന മത്സരത്തിന്റെ രണ്ടാം ടെസ്റ്റിലാണ് രാഹുല്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും യശസ്വി ജെയ്‌സ്വാളും തീര്‍ത്തും പരാജയപ്പെട്ട ഇന്നിങ്‌സിലാണ് ഇന്ത്യയെ താങ്ങി നിര്‍ത്തിയ സെഞ്ച്വറിയുമായി രാഹുല്‍ തിളങ്ങിയത്.
നേരിട്ട 202ാം പന്തില്‍ ഡബിളോടിയാണ് രാഹുല്‍ തന്റെ ടെസ്റ്റ് ഫോര്‍മാറ്റിലെ ഒമ്പതാം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
ഈ സെഞ്ച്വറിക്ക് പിന്നാലെ ഒരു ചരിത്ര നേട്ടവും രാഹുല്‍ സ്വന്തമാക്കി. ഇംഗ്ലണ്ടില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ ഇന്ത്യന്‍ ഓപ്പണര്‍ എന്ന റെക്കോഡാണ് രാഹുല്‍ സ്വന്തമാക്കിയത്. ഇംഗ്ലണ്ടില്‍ രാഹുലിന്റെ മൂന്നാം ടെസ്റ്റ് സെഞ്ച്വറിയാണിത്.
2018ല്‍ ഓവലിലും 2021ല്‍ ലോര്‍ഡ്‌സിലുമാണ് രാഹുല്‍ ഇതിന് മുമ്പ് ഇംഗ്ലണ്ടിലെ മറ്റ് സെഞ്ച്വറികള്‍ നേടിയത്.
(താരം – സെഞ്ച്വറി എന്നീ ക്രമത്തില്‍)
കെ.എല്‍. രാഹുല്‍ – 3
സുനില്‍ ഗവാസ്‌കര്‍ – 2
രാഹുല്‍ ദ്രാവിഡ് – 2
വിജയ് മര്‍ച്ചന്റ് – 2
രവി ശാസ്ത്രി – 2
ഇതിനൊപ്പം സേന രാജ്യങ്ങളില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ ഏഷ്യന്‍ ഓപ്പണര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയരാനും രാഹുലിന് സാധിച്ചു. ഇത് അഞ്ചാം തവണയാണ് രാഹുല്‍ സേന രാജ്യങ്ങളില്‍ സെഞ്ച്വറി നേടുന്നത്. എട്ട് തവണ ഈ നേട്ടത്തിലെത്തിയ സുനില്‍ ഗവാസ്‌കറാണ് ഈ റെക്കോഡ് നേട്ടത്തില്‍ ഒന്നാമന്‍.
(താരം – ടീം – സെഞ്ച്വറി എന്നീ ക്രമത്തില്‍)
സുനില്‍ ഗവാസ്‌കര്‍ – ഇന്ത്യ – 8
കെ.എല്‍. രാഹുല്‍ – ഇന്ത്യ – 5*
സയീദ് അന്‍വര്‍ – പാകിസ്ഥാന്‍ – 4
മര്‍വന്‍ അട്ടപ്പട്ടു – ശ്രീലങ്ക – 3
വിനൂ മങ്കാദ് – ഇന്ത്യ – 3
മൊഹ്‌സിന്‍ ഖാന്‍ – പാകിസ്ഥാന്‍ – 3
വിരേന്ദര്‍ സേവാഗ് – ഇന്ത്യ – 3
രവി ശാസ്ത്രി – ഇന്ത്യ – 3
തമീം ഇഖ്ബാല്‍ – ബംഗ്ലാദേശ് – 3
അതേസമയം, മത്സരത്തില്‍ റിഷബ് പന്തും സെഞ്ച്വറി പൂര്‍ത്തിയാക്കി. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ പന്ത് രണ്ടാം ഇന്നിങ്‌സിലും നൂറടിച്ച് ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.
അതേസമയം, ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് 70 ഓവര്‍ പിന്നിടുമ്പോള്‍ 218 പന്തില്‍ 113 റണ്‍സുമായി രാഹുലും 131 പന്തില്‍ 101 റണ്‍സുമായി റിഷബ് പന്തും ക്രീസില്‍ തുടരുകയാണ്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 471 റണ്‍സ് നേടിയിരുന്നു. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, വൈസ് ക്യാപ്റ്റന്‍ റിഷബ് പന്ത്, ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ എന്നിവരുടെ സെഞ്ച്വറി കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്.
ഗില്‍ 227 പന്തില്‍ 147 റണ്‍സും പന്ത് 178 പന്തില്‍ നേരിട്ട് 134 റണ്‍സും അടിച്ചെടുത്തപ്പോള്‍ 159 പന്തില്‍ 101 റണ്‍സാണ് ജെയ്‌സ്വാള്‍ ടോട്ടലിലേക്ക് സംഭാവന നല്‍കിയത്.
ആദ്യ ഇന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ടിനായി ഒലി പോപ്പും (137 പന്തില്‍ 106), ഹാരി ബ്രൂക്കും (112 പന്തില്‍ 99) മികച്ച പ്രകടനം കാഴ്ചവെച്ചു. എങ്കിലും ആദ്യ ഇന്നിങ്‌സ് ലീഡ് നേടാന്‍ ഇത് മതിയാകുമായിരുന്നില്ല.
ഒന്നാം ഇന്നിങ്‌സില്‍ ആതിഥേയര്‍ 465ന് പുറത്താവുകയും ഇന്ത്യ ആറ് റണ്‍സിന്റെ ആദ്യ ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കുകയും ചെയ്തു.
Content Highlight: KL Rahul tops the list of most centuries by an Indian opener in England