സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. റാഞ്ചിയില്‍ നടന്ന മത്സരത്തില്‍ 17 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്.
ഇന്ത്യ ഉയര്‍ത്തിയ 350 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പ്രോട്ടിയാസ് 332ന് പുറത്തായി. അര്‍ധ സെഞ്ച്വറിയുമായി ചെറുത്തുനിന്ന കോര്‍ബിന്‍ ബോഷിനെ രോഹിത് ശര്‍മയുടെ കൈകളിലെത്തിച്ച് പ്രസിദ്ധ് കൃഷ്ണയാണ് സൗത്ത് ആഫ്രിക്കയെ പുറത്താക്കിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം അവസാനിക്കുമ്പോള്‍ ഇന്ത്യ 1-0ന് മുമ്പിലാണ്.
സൗത്ത് ആഫ്രിക്കയുടെ പത്ത് വിക്കറ്റും എറിഞ്ഞിട്ടതോടെ ഇന്ത്യന്‍ നായകന്‍ കെ.എല്‍. രാഹുലിന്റെ പേരില്‍ ഒരു തകര്‍പ്പന്‍ റെക്കോഡും കുറിക്കപ്പെട്ടു. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ എതിരാളികളെ പത്ത് തവണ ഓള്‍ ഔട്ടാക്കുന്ന ക്യാപ്റ്റനെന്ന നേട്ടമാണ് രാഹുല്‍ സ്വന്തമാക്കിയത്.
കെ.എല്‍. രാഹുല്‍ മത്സരത്തിനിടെ. Photo: BCCI/x.com
ക്യാപ്റ്റന്‍സിയേറ്റെടുത്ത ആദ്യ 13 ഏകദിനങ്ങളില്‍ പത്തിലും രാഹുല്‍ എതിര്‍ ടീമിന്റെ പത്ത് വിക്കറ്റുകളും പിഴുതെറിഞ്ഞിരുന്നു.
(താരം – ടീം – എത്ര മത്സരങ്ങള്‍ എന്നീ ക്രമത്തില്‍)
കെ.എല്‍. രാഹുല്‍ – ഇന്ത്യ – 13*
ഹഷ്മത്തുള്ള ഷാഹിദി – അഫ്ഗാനിസ്ഥാന്‍ – 15
രോഹിത് ശര്‍മ – ഇന്ത്യ – 15
ചരിത് അസലങ്ക – ശ്രീലങ്ക – 16
ടോം ലാഥം – ന്യൂസിലാന്‍ഡ് – 16
വിക്കറ്റ് നേട്ടത്തില്‍ കുല്‍ദീപ് യാദവിനെ അഭിനന്ദിക്കുന്ന രാഹുല്‍. Photo: BCCI/x.com
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുടെ സെഞ്ച്വറി കരുത്തിലാണ് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. ഏകദിന കരിയറിലെ 52ാം സെഞ്ച്വറി നേട്ടം പൂര്‍ത്തിയാക്കിയ വിരാട് 120 പന്തില്‍ 135 റണ്‍സ് അടിച്ചെടുത്തു. 11 ഫോറും ഏഴ് സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
വിരാടും രോഹിത്തും മത്സരത്തിനിടെ. Photo: BCCI/x.com
വിരാടിന് പുറമെ, കെ.എല്‍ രാഹുലും രോഹിത് ശര്‍മയും തിളങ്ങി. രാഹുല്‍ 56 പന്തില്‍ 60 റണ്‍സും രോഹിത് 51 പന്തില്‍ 57 റണ്‍സുമാണ് സ്‌കോര്‍ ചെയ്തത്. ഇവര്‍ക്കൊപ്പം ജഡേജ 20 പന്തില്‍ 32 റണ്‍സും സംഭാവന ചെയ്തു.
മറുപടി ബാറ്റിങ്ങിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്കായി മാത്യൂ ബ്രീറ്റ്സ്‌കി 80 പന്തില്‍ 72 റണ്‍സും യാന്‍സന്‍ 39 പന്തില്‍ 70 റണ്‍സെടുത്തിട്ടും വിജയത്തിലേക്ക് നയിക്കാന്‍ സാധിച്ചില്ല.
ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് നാല് വിക്കറ്റ് നേടി. ഹര്‍ഷിത് റാണ മൂന്ന് വിക്കറ്റും അര്‍ഷദീപ് രണ്ട് വിക്കറ്റും സ്വന്തമാക്കി. ഒപ്പം പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റുമെടുത്തു.
ഡിസംബര്‍ മൂന്നിനാണ് പരമ്പരയിലെ രണ്ടാം മത്സരം. റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ സിങ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.
റാഞ്ചിയില്‍ ത്രില്ലര്‍ വിജയം സ്വന്തമാക്കിയ ഇന്ത്യ റായ്പൂരിലും വിജയം സ്വന്തമാക്കി പരമ്പര സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്. അതേസമയം, ആദ്യ മത്സരം പരാജയപ്പെട്ട സന്ദര്‍ശകര്‍ക്ക് പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ വിജയം അനിവാര്യമാണ്.
Content Highlight: KL Rahul tops the list of fastest ODI Captain to bowl-out opponent 10 times