ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ വമ്പന്‍ വിജയമാണ് സണ്‍റൈസേഴ്സ് ഹൈദരബാദ് സ്വന്തമാക്കിയത്. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെ 47 റണ്‍സിനാണ് ഹൈദരാബാദ് പരാജയപ്പെടുത്തിയത്. അഭിഷേക് ശര്‍മയുടെ സെഞ്ച്വറി കരുത്തിലാണ് ഉദയസൂര്യന്മാരുടെ വിജയം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരബാദ് ഉയര്‍ത്തിയ 243 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ദല്‍ഹി ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് മാത്രമാണ് നേടിയത്. ഇതോടെ തുടര്‍ച്ചയായ മൂന്നാം വിജയം സ്വന്തമാക്കാന്‍ ഹൈദരാബാദിന് സാധിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹിക്ക് തുടക്കം തന്നെ പിഴച്ചു. രണ്ടാം ഓവറില്‍ ഓപ്പണര്‍ പാതും നിസങ്ക എട്ട് റണ്‍സിന് മടങ്ങിയപ്പോള്‍ കെ.എല്‍ രാഹുല്‍ – നിതീഷ് റാണ സഖ്യം ടീമിനെ മികച്ച നിലയില്‍ മുന്നോട്ട് നയിച്ചു.
എന്നാല്‍ 23 പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 37 റണ്‍സെടുത്ത രാഹുലിനെ പുറത്താക്കി സാകിബ് ഹുസൈനാണ് ദല്‍ഹിയെ സമ്മര്‍ദത്തിലാക്കി.
മത്സരത്തില്‍ പരാജയമേറ്റുവാങ്ങേണ്ടി വന്നെങ്കിലും രാഹുല്‍ ഒരു മികച്ച റെക്കോഡ് നേട്ടത്തില്‍ കുതിപ്പ് തുടര്‍ന്നിരിക്കുകയാണ്. ഐ.പി.എല്‍ 200+ സ്‌കോര്‍ ചെയ്‌സിങ്ങില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമാകാനാണ് രാഹുലിന് സാധിച്ചത്.
കെ.എല്‍. രാഹുല്‍
മുംബൈ താരം സൂര്യകുമാര്‍ യാദവിനെ മറികടന്നാണ് രാഹുല്‍ ഈ റെക്കോഡ് നേട്ടത്തില്‍ കുതിക്കുന്നത്. ഒന്നാം സ്ഥാനത്തുള്ളത് ചെയ്‌സ് മാസ്റ്റര്‍ വിരാട് കോഹ്‌ലിയാണ്. എന്നാല്‍ വരും മത്സരങ്ങളില്‍ വിരാടിന് പോലും വെല്ലുവിളിയാകുന്ന പ്രകടനം രാഹുല്‍ കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷ.
(താരം, റണ്‍സ്, സ്‌ട്രൈക്ക് റേറ്റ്)
വിരാട് കോഹ്‌ലി – 686 – 149
കെ.എല്‍. രാഹുല്‍ – 622 – 143
സൂര്യകുമാര്‍ യാദവ് – 613 – 169
നിതീഷ് റാണ – 600 – 154
രോഹിത് ശര്‍മ – 581 – 150
അഭിഷേക് ശര്‍മ – 573 – 187
മത്സരത്തില്‍ നിതീഷ് റാണ ഏഴ് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 30 പന്തില്‍ 57 റണ്‍സ് നേടിയാണ് കൂടാരം കയറിയത്. സമീര്‍ റിസ്‌വി 28 പന്തില്‍ 41 റണ്‍സും ട്രിസ്റ്റന്‍ സ്റ്റബ്‌സ് 16 പന്തില്‍ 26 റണ്‍സും നേടി.
അതേസമയം ഹൈദരാബാദിന് വേണ്ടി അഭിഷേക് ശര്‍മയാണ് ഗംഭീര പ്രകടനം കാഴ്ചവെച്ചത്. നേരിട്ട 47ാം പന്തില്‍ സെഞ്ച്വറിയടിച്ചാണ് താരം മിന്നിത്തിളങ്ങിയത്. 68 പന്തില്‍ 10 ഫോറും 10 സിക്‌സും ഉള്‍പ്പെടെ 135* റണ്‍സ് നേടി പുറത്താകാതെയാണ് താരം വെടിക്കെട്ട് പ്രകടനം നടത്തിത്.198.53 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് ചെയ്തത്.
Content Highlight: KL Rahul Surpass Suryakumar Yadav In 200+ Run Chasing In IPL