| Sunday, 26th April 2026, 9:11 am

തോറ്റ മത്സരത്തില്‍ ഗെയ്‌ലിനെ മുട്ടുകുത്തിച്ച് ലോക റെക്കോഡ്; രാഹുലിന്റെ താണ്ഡവത്തില്‍ പിറന്നത് പുതു ചരിത്രം!

ശ്രീരാഗ് പാറക്കല്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ വമ്പന്‍ വിജയമാണ് ശ്രേയസ് അയ്യരിന്റെ പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്. ദല്‍ഹിയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് പഞ്ചാബിന്റെ വിജയം.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറായിരുന്നു പഞ്ചാബിന് മുന്നില്‍ വെച്ചുനീട്ടിയത്. എന്നാല്‍ 18.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സ് നേടി പഞ്ചാബ് നിസാരമായി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

മത്സരത്തില്‍ ദല്‍ഹിക്ക് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയത് സൂപ്പര്‍ താരം കെ.എല്‍ രാഹുലാണ്. 67 പന്തില്‍ ഒമ്പത് സിക്‌സും 16 ഫോറും ഉള്‍പ്പെടെ പുറത്താകാതെ 152* റണ്‍സിന്റെ കിടിലന്‍ സ്‌കോറാണ് രാഹുല്‍ ഒറ്റയ്ക്ക് അടിച്ചെടുത്തത്. 226.87 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.

മത്സരത്തില്‍ തോല്‍വി വഴങ്ങിയതോടെ ഒരു നിര്‍ഭാഗ്യത്തിന്റെ റെക്കോഡിലും ഒന്നാമനാകാന്‍ രാഹുലിന് സാധിച്ചിരിക്കുകയാണ്. ടി-20യില്‍ പരാജയപ്പെട്ട മത്സരത്തില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടിയ താരമാകാനാണ് രാഹുലിന് സാധിച്ചത്. ഈ നേട്ടത്തില്‍ സാക്ഷാല്‍ ക്രിസ് ഗെയ്‌ലിനെ മറികടന്നാണ് രാഹുല്‍ ഒന്നാമനായത്.

പരാജയപ്പെട്ട ടി-20 മത്സരത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍

(താരം, റണ്‍സ്, എതിരാളി, വര്‍ഷം)

കെ.എല്‍ രാഹുല്‍ (ദല്‍ഹി ക്യാപ്പിറ്റല്‍സ്) – 152* – പഞ്ചാബ് കിങ്‌സ് – 2026

ക്രിസ് ഗെയ്ല്‍ (സോമര്‍സെറ്റ്) – 151* – കെന്റ് – 2015

കാമറൂണ്‍ ഗ്രീന്‍ (സോമര്‍സെറ്റ്) – 141* – വോര്‍ക്കെസ്റ്റര്‍ഷെയര്‍ – 2006

ബ്രെണ്ടണ്‍ ടെയ്‌ലര്‍ (മിഡ് വെസ്റ്റ് റൈനോസ്) – 140* – മഷോണലാന്‍ഡ് ഈഗിള്‍സ് – 2021

മത്സരത്തില്‍ രാഹുലിന് പുറമെ നിതീഷ് റാണ 44 പന്തില്‍ 91 റണ്‍സ് നേടി മിന്നും പ്രകടനം നടത്തി.

അതേസമയം പഞ്ചാബിന് വേണ്ടി പ്രഭ്‌സിമ്രാന്‍ സിങ് 26 പന്തില്‍ 76 റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 36 പന്തില്‍ 71* റണ്‍സ് നേടി പുറത്താകാതെ നിന്നു. പ്രിയാന്‍ഷ് ആര്യ 17 പന്തില്‍ 43 റണ്‍സ് നേടിയാണ് മടങ്ങിയത്.

Content Highlight: KL Rahul Surpass Chris Gayle In Great Record Achievement In T-20

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more