| Monday, 18th May 2026, 8:03 am

മൂന്നടിച്ച് മൂന്നാമനായി! ധോണിയെ വീഴ്ത്തി സഞ്ജുവിനൊപ്പം ക്ലാസിക് രാഹുല്‍

Sudev A

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തി ദല്‍ഹി ക്യാപിറ്റല്‍സ് പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തിയിരിക്കുകയാണ്. ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ടീമിന്റെ വിജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 194 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ദല്‍ഹി നാല് പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ഈ വിജയത്തോടെ ദല്‍ഹി തങ്ങളുടെ പോയിന്റ് 12 ആക്കി ഉയര്‍ത്തുകയും ചെയ്തു.

മത്സരത്തില്‍ ദല്‍ഹിക്ക് വേണ്ടി മികച്ച പ്രകടനമാണ് ഓപ്പണര്‍ കെ.എല്‍. രാഹുല്‍ കാഴ്ചവെച്ചത്. 42 പന്തില്‍ മൂന്ന് സിക്സും ഒരു ഫോറും ഉള്‍പ്പെടെ 56 റണ്‍സാണ് താരം നേടിയത്. ഈ വെടിക്കെട്ട് ഇന്നിങ്സോടെ ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ഇന്നിങ്‌സുകളില്‍ മൂന്നോ അതിലധികമോ സിക്സുകള്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായും രാഹുല്‍ മാറി.

35ാം തവണയാണ് രാഹുല്‍ ഒരു ഇന്നിങ്സില്‍ 3+ സിക്സുകള്‍ അടിച്ചെടുത്തത്. നിലവില്‍ ഈ റെക്കോഡില്‍ മലയാളി താരം സഞ്ജു സാംസണിനൊപ്പമാണ് രാഹുല്‍. 34 ഇന്നിങ്സുകളില്‍ 3+ സിക്‌സുകള്‍ നേടിയ മുന്‍ ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ എം.എസ് ധോണിയെ മറികടന്നാണ് രാഹുലിന്റെ കുതിപ്പ്.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ 3+ സിക്സുകള്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍, ഇന്നിങ്സുകളുടെ എണ്ണം

രോഹിത് ശര്‍മ-50

വിരാട് കോഹ്ലി-44

കെ.എല്‍ രാഹുല്‍-35

സഞ്ജു സാംസണ്‍-35

എം.എസ് ധോണി-34

അമ്പാട്ടി റായിഡു-25

അതേസമയം മത്സരത്തില്‍ രാഹുലിന് പുറമെ ദല്‍ഹിക്ക്  വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത് അഭിഷേക് പോരലാണ്. 31 പന്തില്‍ 51 റണ്‍സാണ് താരം നേടിയത്. ക്യാപ്റ്റന്‍ അക്സര്‍ പട്ടേല്‍ പുറത്താകാതെ 18 പന്തില്‍ 38 റണ്‍സ് നേടി മികവ് പുലര്‍ത്തി.

രാജസ്ഥാന് വേണ്ടി ധ്രുവ് ജുറേല്‍ (53), ക്യാപ്റ്റന്‍ റിയാന്‍ പരാഗ് (51), എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. യുവതാരം വൈഭവ് സൂര്യവംശി 46 റണ്‍സും നേടിയരുന്നു.

ദല്‍ഹിക്ക് ഇനി ഒറ്റ മത്സരം മാത്രമാണ് ബാക്കിയുള്ളത്. മെയ് 24ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് ദല്‍ഹിയുടെ മത്സരം. ഈ മത്സരം വിജയിക്കുകയും മറ്റ് ടീമുകളുടെ ഫലങ്ങള്‍ അനുകൂലമാവുകയും ചെയ്താല്‍ അക്സര്‍ പട്ടേലിനും സംഘത്തിനും പ്ലേ ഓഫിലേക്ക് യോഗ്യത നേടാനാവും.

Content Highlight: KL Rahul create a huge record in ipl

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more