| Saturday, 25th April 2026, 4:29 pm

ധോണിയെ താഴെയിറക്കി, ഇനി എതിരാളികളില്ല; ചരിത്ര നേട്ടത്തില്‍ ക്ലാസിക് രാഹുല്‍

Sudev A

ഐ.പി.എല്ലില്‍ പുതിയ നാഴികക്കല്ലുകള്‍ പിന്നിട്ട് ദല്‍ഹി ക്യാപിറ്റല്‍സ് താരം കെ.എല്‍. രാഹുല്‍. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന വിക്കറ്റ് കീപ്പറായി മാറിയാണ് രാഹുല്‍ റെക്കോര്‍ഡിട്ടത്. ഇന്ത്യന്‍ ഇതിഹാസ നായകന്‍ എം.എസ് ധോണിയെ മറികടന്നാണ് രാഹുലിന്റെ കുതിപ്പ്. ഐ.പി.എല്ലില്‍ 5439 റണ്‍സാണ് ധോണി നേടിയിട്ടുള്ളത്.

പഞ്ചാബ് കിങ്‌സിനെതിരെയുള്ള മത്സരത്തില്‍ 13 റണ്‍സ് നേടിയപ്പോള്‍ തന്നെ രാഹുല്‍ ഈ നേട്ടത്തിലെത്തി. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ ആറാം സ്ഥാനത്തേക്ക് മുന്നേറാനും രാഹുലിന് സാധിച്ചു. വിരാട് കോഹ്ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ഡേവിഡ് വാര്‍ണര്‍, സുരേഷ് റെയ്ന എന്നിവര്‍ മാത്രമാണ് ഇനി രാഹുലിന്റെ മുന്നിലുള്ളത്.

അതേസമയം ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ദല്‍ഹി നായകന്‍ അക്സര്‍ പട്ടേല്‍ ബാറ്റിങ് തെരഞ്ഞെടുത്തു. നിലവില്‍ ഐ.പി.എല്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് അക്സര്‍ പട്ടേലും സംഘവും. ആറ് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ മൂന്ന് വീതം ജയവും തോല്‍വിയുമായി ആറ് പോയിന്റാണ് ദല്‍ഹിക്കുള്ളത്.

മറുഭാഗത്ത് ഈ സീസണില്‍ ശ്രേയസ് അയ്യരിന്റെ ചിറകിലേറി പഞ്ചാബ് കിങ്സ് അജയ്യരായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. മുന്നിലെത്തുന്ന എതിരാളിയെയെല്ലാം വീഴ്ത്തിയാണ് പഞ്ചാബ് ആദ്യ കിരീടത്തിലേക്ക് കുതിക്കുന്നത്. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഒരു സീസണില്‍ ആദ്യ ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ ഒറ്റ മത്സരവും പരാജയപ്പെടാതെ മുന്നേറുന്ന ആദ്യ ടീം കൂടിയാണ് പഞ്ചാബ്.

ദല്‍ഹി ക്യാപിറ്റല്‍സ് പ്ലെയിങ് ഇലവന്‍

കെ.എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), പാത്തും നിസങ്ക, സമീര്‍ റിസ്വി, അക്‌സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), നിതീഷ് റാണ, ട്രിസ്റ്റന്‍ സ്റ്റബ്സ്, ഡേവിഡ് മില്ലര്‍, ലുങ്കി എന്‍ഗിഡി, കുല്‍ദീപ് യാദവ്, ടി. നടരാജന്‍, മുകേഷ് കുമാര്‍.

പഞ്ചാബ് കിങ്സ് പ്ലെയിങ് ഇലവന്‍

പ്രഭ്‌സിമ്രാന്‍ സിംഗ് (വിക്കറ്റ് കീപ്പര്‍), പ്രിയാന്‍ഷ് ആര്യ, കൂപ്പര്‍ കോണോളി, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ശശാങ്ക് സിങ്, മാര്‍ക്കസ് സ്റ്റോണിസ്, മാര്‍ക്കോ ജാന്‍സന്‍, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, വൈശാഖ് വിജയകുമാര്‍, അര്‍ഷ്ദീപ് സിങ്, യുസ്വേന്ദ്ര ചഹല്‍.

Content Highlight: KL Rahul Break MS Dhoni Record in ipl History

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more