| Saturday, 18th April 2026, 7:46 am

അടിവാരം ടീമുള്‍പ്പെടെ അഞ്ച് പേര്‍ക്കൊപ്പം നാണക്കേട്; ഗില്ലാട്ടത്തില്‍ തകര്‍ന്ന കൊല്‍ക്കത്തയ്ക്ക് തിരിച്ചടി!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റന്‍സ്. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റുകള്‍ക്കാണ് ഗുജറാത്തിന്റെ വിജയം. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ 180 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ഇതോടെ ഒരു മോശം റെക്കോഡ് ലിസ്റ്റിലും അജിന്‍ക്യാ രഹാനെയുടെ നേതൃത്വത്തിലുള്ള കൊല്‍ക്കത്ത എത്തിച്ചേര്‍ന്നിരിക്കുകയാണ്. ഐ.പി.എല്‍ സീസണില്‍ ആദ്യ ആറ് മത്സരങ്ങളില്‍ വിജയമില്ലാത്ത ടീമാകുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്.

സീസണില്‍ അഞ്ചാം തോല്‍വിയാണ് കൊല്‍ക്കത്ത വഴങ്ങുന്നതെങ്കിലും പഞ്ചാബിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ ഇരുവരും ഓരോ പോയിന്റ് പങ്കിട്ടെടുക്കുകയായിരുന്നു. ഈ ലിസ്റ്റില്‍ അടിവാരം ടീം എന്ന് വിളിപ്പോരുള്ള മുംബൈ, ബെംഗളൂരു, ദല്‍ഹി എന്നീ ടീമുകളാണ് കൊല്‍ക്കത്തയ്‌ക്കൊപ്പമുള്ളത്.

ഐ.പി.എല്‍ സീസണിലെ ആദ്യ ആറ് മത്സരങ്ങളില്‍ വിജയങ്ങളില്ലാത്ത ടീം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 2026

മുംബൈ ഇന്ത്യന്‍സ് – 2022

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 2019

ദല്‍ഹി ക്യാപിറ്റല്‍സ് – 2013

ഡെക്കാന്‍ ചാര്‍ജേഴ്‌സ് – 2012

അതേസമയം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തിലാണ് ഗുജറാത്ത് വിജയിച്ചുകയറിയത്. 50 പന്തില്‍ 86 റണ്‍സ് നേടിയാണ് ഗില്‍ ഗുജറാത്തിന്റെ വിജയശില്പിയായത്. എട്ട് ഫോറുകളും നാല് സിക്സുകളും അടങ്ങുന്നതാണ് ഗുജറാത്ത് ക്യാപ്റ്റന്റെ ഇന്നിങ്‌സ്. ഈ സീസണിലെ ഗില്ലിന്റെ മൂന്നാം ഫിഫ്റ്റി ആയിരുന്നു ഇത്. 251 റണ്‍സുമായി ഓറഞ്ച് ക്യാപ്പും ഗില്‍ കൈപ്പിടിയിലാക്കി. ജോസ് ബട്‌ലര്‍ 25 റണ്‍സും സായ് സുദര്‍ശന്‍ 22 റണ്‍സും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത കാമറൂണ്‍ ഗ്രീനിന്റെ അര്‍ധ സെഞ്ച്വറിയുടെ മികവിലാണ് മാന്യമായ ടോട്ടല്‍ നേടിയത്. മത്സരത്തില്‍ 55 പന്തില്‍ 79 റണ്‍സ് നേടിയാണ് ഗ്രീന്‍ തിളങ്ങിയത്. ഏഴ് ഫോറുകളും നാല് കൂറ്റന്‍ സിക്‌സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഗുജറാത്ത് ബൗളിങ്ങില്‍ കഗിസോ റബാദ മൂന്ന് വിക്കറ്റുകളും മുഹമ്മദ് സിറാജ്, അശോക് ശര്‍മ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി. പ്രസിദ്ധ് കൃഷ്ണ, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ജയത്തോടെ അഞ്ച് മത്സരങ്ങളില്‍ നിന്നും മൂന്ന് വിജയവും രണ്ട് തോല്‍വിയുമടക്കം ആറ് പോയിന്റോടെ നാലാം സ്ഥാനത്തെത്താനും ഗില്ലിനും സംഘത്തിനും സാധിച്ചു. ഒരു പോയിന്റുമായി കൊല്‍ക്കത്ത അവസാന സ്ഥാനത്തുമാണ്.

ഏപ്രില്‍ 19നാണ് അജിന്‍ക്യ രഹാനെയും സംഘവും തങ്ങളുടെ അടുത്ത പോരാട്ടത്തിനിറങ്ങുന്നത്. രാജസ്ഥാന്‍ റോയല്‍സാണ് കൊല്‍ക്കത്തയുടെ എതിരാളികള്‍. കെ.കെ.ആറിന്റെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി.

Content Highlight: KKR In Unwanted Record List In IPL

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more