ഐ.പി.എല്‍ 2026ല്‍ റിങ്കു സിങിനെ വൈസ് ക്യാപ്റ്റനായി പ്രഖ്യാപിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (കെ. കെ. ആര്‍). പ്രീ സീസണ്‍ ഇവന്റിനിടെ കെ. കെ. ആറിന്റെ മാനേജിങ് ഡയറക്ടർ വെങ്കി മൈസൂരാണ് ഈ പ്രഖ്യാപനം നടത്തിയത്.
ഈ സീസണില്‍ അജിന്‍ക്യ രഹാനെയുടെ കീഴിലാണ് കൊല്‍ക്കത്ത കളത്തിലിറങ്ങുന്നത്. താരത്തിന്റെ ഡെപ്യൂട്ടി സ്ഥാനമാണിപ്പോള്‍ റിങ്കുവിനെ തേടിയെത്തിയിരിക്കുന്നത്.
കഴിഞ്ഞ സീസണില്‍ വെങ്കടേഷ് അയ്യരായിരുന്നു കെ. കെ. ആറിന്റെ വൈസ് ക്യാപ്റ്റന്‍. താരത്തെ ഇത്തവണ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു സ്വന്തമാക്കിയതിനാലാണ് റിങ്കുവിന് ഡെപ്യൂട്ടിയുടെ റോള്‍ ലഭിച്ചത്.
ഈ പരിപാടിയില്‍ തന്നെ റിങ്കുവിനെ വൈസ് ക്യാപ്റ്റനാക്കിയതിന്റെ കാരണം കെ.കെ.ആര്‍ ഹെഡ് കോച്ച് അഭിഷേക് നായര്‍ വെളിപ്പെടുത്തി. പ്ലെയര്‍ എന്ന നിലയില്‍ മാത്രമല്ല ഒരു ലീഡറായും റിങ്കു മെച്ചപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലോകകപ്പ് വിജയത്തിന് ശേഷം റിങ്കു ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് തോന്നിയതിനാലാണ് താരത്തിന് ഈ ചുമതല ഏല്‍പ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കെ. കെ. ആറില്‍ എന്റെ തുടക്കം റിങ്കുവിനൊപ്പമായിരുന്നു. ഇപ്പോള്‍ ഞാന്‍ ഹെഡ് കോച്ചായിരിക്കെ അവന്‍ ടീമിനെ നയിക്കുന്നത് കാണുന്നത് വലിയൊരു കാര്യമാണ്. ഒരു കളിക്കാരനായും ലീഡറായും അവന്‍ ഒരുപാട് മെച്ചപ്പെട്ടു. ലോകകപ്പ് വിജയത്തിന് ശേഷം, കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ അവന്‍ തയ്യാറാണെന്ന് ഞങ്ങള്‍ക്ക് തോന്നി. ടീമിനെ നയിക്കാന്‍ റിങ്കുവിന് കഴിയുന്ന ഏറ്റവും അനുയോജ്യമായ സമയമാണിത്,’ അഭിഷേ നായര്‍ പറഞ്ഞു.
റിങ്കു സിങ്. Photo: Kolkata Knight Riders
2018 മുതല്‍ കൊല്‍ക്കത്ത ടീമിന്റെ ഭാഗമാണ് റിങ്കു. താരം 59 മത്സരങ്ങളില്‍ നിന്ന് 1099 റണ്‍സ് എടുത്തിട്ടുണ്ട്. ഉത്തര്‍പ്രദേശ് ബാറ്റര്‍ ടി – 20 ലോകകപ്പ് ജേതാവായാണ് താരം 19ാം സീസണിലെത്തുന്നത്.
അതേസമയം, മാര്‍ച്ച് 28നാണ് ഐ.പി.എല്‍ 2026ന് തുടക്കമാകുന്നത്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും സണ്‍റൈസേഴ്സ് ഹൈദരബാദുമാണ് ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.
അടുത്ത ദിവസം തന്നെ കൊല്‍ക്കത്തയും ആദ്യ മത്സരത്തിന് ഇറങ്ങുന്നുണ്ട്. മുംബൈ ഇന്ത്യന്‍സാണ് എതിരാളികള്‍. വാംഖഡെ സ്റ്റേഡിയമാണ് മാര്‍ച്ച് 29ലെ മത്സരത്തിന്റെ വേദി.
Content Highlight: KKR appointed Rinku Singh as vice captain ahead of IPL 2026