ഐ.പി.എല്‍ 2026ല്‍ നിന്ന് പരിക്കേറ്റ് പുറത്തായ ഹര്‍ഷിത് റാണയ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ നവദീപ് സൈനിയെയാണ് കൊല്‍ക്കത്ത ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
2023ന് ശേഷം ഇത് ആദ്യമായാണ് സെയ്‌നി ഐ.പി.എല്ലിലേക്ക് തിരിച്ചെത്തുന്നത്. ടൂര്‍ണമെന്റില്‍ 32 മത്സരങ്ങളില്‍ കളിച്ച താരം 23 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 8.88 എന്ന എക്കോണമിയാണ് ഐ.പി.എല്ലില്‍ താരത്തിനുള്ളത്.
റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിലൂടെയായായിരുന്നു സൈനിയുടെ ഐ.പി.എല്‍ അരങ്ങേറ്റം. 2019ലായിരുന്നു ഇത്. ടീമിനൊപ്പം മൂന്ന് സീസണുകളില്‍ താരം കളിച്ചു. ആര്‍.സി.ബിയില്‍ 28 മത്സരങ്ങള്‍ കളിച്ച താരം 17 വിക്കറ്റുകള്‍ വീഴ്ത്തി. നേരത്തെ, ദല്‍ഹി ഡയര്‍ ഡെവിള്‍സ് 2017ല്‍ ടീമിലെടുത്തെങ്കിലും താരത്തിന് അവസരം ലഭിച്ചിരുന്നില്ല.
പിന്നീട് 2022ല്‍ സെയ്‌നി രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായി. രണ്ട് സീസണുകള്‍ ടീമിനൊപ്പമുണ്ടായിരുന്നെങ്കിലും താരത്തിന് നാല് മത്സരങ്ങളില്‍ മാത്രമാണ് അവസരം ലഭിച്ചത്. ടീമിനൊപ്പം കളിച്ച് ആറ് വിക്കറ്റുകള്‍ നേടി.
ടി – 20 ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിനിടെയാണ് ഹര്‍ഷിത് റാണയ്ക്ക് പരിക്കേറ്റത്. വലതു കാല്‍മുട്ടില്‍ ലിഗമെന്റ് സ്‌ട്രെയിന്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് താരത്തിന് ലോകകപ്പ് നഷ്ടമായിരുന്നു. ആ പരിക്ക് തന്നെയാണ് ഫാസ്റ്റ് ബൗളര്‍ക്ക് ഈ ഐ.പി.എല്ലിലും വിനയായത്.
ഹർഷിത് റാണ. Photo: KKR Karavan/x.com
എന്നാല്‍, ഹര്‍ഷിത് റാണ മാത്രമല്ല, കൊല്‍ക്കത്തന്‍ നിരയില്‍ പരിക്കേറ്റ് പുറത്തായിരിക്കുന്നത്. ബൗളര്‍മാരായ ആകാശ് ദീപും മതീശ പതിരാനയും ഈ സീസണില്‍ ടീമിനൊപ്പമില്ല. ഇത് മുന്‍ ചാമ്പ്യന്മാരുടെ ബൗളിങ്ങില്‍ യൂണിറ്റിന് വലിയ ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിനാല്‍ അനുഭവസമ്പത്തുന്ന ഇന്ത്യന്‍ പേസറായ സൈനിയെ ടീമിലെത്തിച്ചത് കൊല്‍ക്കത്ത വലിയ ആശ്വാസമാണ്.
അതേസമയം, മാര്‍ച്ച് 28ന് ഐ.പി.എല്‍ 2026 സീസണിന് തുടക്കമാകും. ഡിഫന്‍ഡിങ് ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും (ആര്‍.സി.ബി) സണ്‍റൈസേഴ്സ് ഹൈദരാബാദും (എസ്. ആര്‍. എച്ച്) തമ്മിലാണ് ആദ്യ മത്സരം.
രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത മുംബൈ ഇന്ത്യന്‍സിനെതിരെ ഇറങ്ങും. മാര്‍ച്ച് 29ലെ മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ്.
Content Highlight: KKR announced Navdeep Saini as replacement for Harshit Rana ahead of IPL 2026