| Saturday, 9th May 2026, 12:19 pm

ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേര കളി തികച്ചും അപഹാസ്യം: കെ.കെ. ശൈലജ

ആദർശ് എം.കെ.

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കങ്ങളെ വിമര്‍ശിച്ച് മുന്‍ മന്ത്രി കെ.കെ. ശൈലജ. ജനവിധിയെ പരിഹസിച്ചുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ കസേര കളി തീര്‍ത്തും അപഹാസ്യമെന്നായിരുന്നു ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ശൈലജയുടെ വിമര്‍ശനം.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇത്ര വലിയ തര്‍ക്കമാണെങ്കില്‍ ഭാവിയില്‍ ഗവര്‍മെന്റിന് ഏതെങ്കിലുമൊരു വിഷയത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളാന്‍ കഴിയുമോ എന്നും ശൈലജ ചോദിച്ചു.

എത്രയും പെട്ടന്ന് ഈ അനിശ്ചിതത്വം മാറ്റി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ലെങ്കില്‍ കേരളം കടുത്ത അരാജകത്വത്തിലേക്ക് നീങ്ങുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

കെ.കെ. ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മികച്ച ജനവിധിയാണ് യു.ഡി.എഫിന് കേരളത്തിലുണ്ടായത്. എല്‍.ഡി.എഫിന്റെ പരാജയ കാരണങ്ങള്‍ വിലയിരുത്തി ജനകീയ പ്രശ്നങ്ങളില്‍ ഇടപെട്ടും രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ശരിയായി ചര്‍ച്ച ചെയ്തും ഞങ്ങള്‍ മുന്നോട്ടു പോകും.

എന്നാല്‍ ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ്സ് നടത്തുന്ന കസേര കളി തികച്ചും അപഹാസ്യമാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇത്ര വലിയ തര്‍ക്കമാണെങ്കില്‍ ഭാവിയില്‍ ഗവര്‍മെന്റിന് ഏതെങ്കിലുമൊരു വിഷയത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളാന്‍ കഴിയുമോ?

എത്രയും പെട്ടന്ന് ഈ അനിശ്ചിതത്വം മാറ്റി ഗവര്‍മെന്റ് രൂപീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ലെങ്കില്‍ കേരളം കടുത്ത അരാജകത്വത്തിലേക്ക് നീങ്ങും.

അതേസമയം, മുഖ്യമന്ത്രി ആരാകരണമെന്നതില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളുമായി ഹൈക്കമാന്‍ഡ് ഇന്ന് ചര്‍ച്ച നടത്തും. നേതാക്കള്‍ ഇന്നലെ രാത്രി തന്നെ ദല്‍ഹിയില്‍ എത്തിയിരുന്നു.

വി.ഡി. സതീശന് കേരള ഹൗസില്‍ വന്‍ സ്വീകരണമാണ് ജെന്‍ സി പ്രവര്‍ത്തകര്‍ ഒരുക്കിയത്. കേരള ഹൗസില്‍ എത്താതിരുന്ന രമേശ് ചെന്നിത്തല മറ്റൊരിടത്താണ് താമസിച്ചത്.

മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള തെരുവ് പോരില്‍ ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തിയിലാണ്. നിര്‍ദേശം മറികടന്ന് പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചവര്‍ക്ക് എതിരെ പാര്‍ട്ടി അച്ചടക്ക നടപടി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

Content Highlight: KK Shailaja criticize Congress

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more