| Saturday, 4th April 2026, 9:00 pm

തൃശൂരില്‍ വോട്ടിന് കിറ്റ്; ബി.ജെ.പി കോടിക്കണക്കിന് പണം ചെലവിടുന്നു; കേന്ദ്രമന്ത്രിമാരെത്തുന്നത് പെട്ടിയില്‍ പണവുമായി: സി.പി.ഐ

അനിത സി

തൃശൂര്‍: വോട്ടിനായി ഭക്ഷ്യസാധനങ്ങളുടെ കിറ്റ് ബി.ജെ.പി വിതരണം ചെയ്യുന്നെന്ന ആരോപണവുമായി സി.പി.ഐ.

സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യ കിറ്റ് വിതരണം നടത്തുന്നതെന്നാണ് ആരോപണം. സംഭവത്തില്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതിനെ തുടര്‍ന്ന് കമ്മീഷന്‍ ഉദ്യേഗസ്ഥരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

50ഓളം കിറ്റുകള്‍ വിതരണത്തിനെത്തിച്ചെന്നും തനിക്ക് ലഭിച്ച ഓര്‍ഡര്‍ പ്രകാരമാണ് കിറ്റ് തയ്യാറാക്കിയതെന്നും സൂപ്പര്‍ മാര്‍ക്കറ്റുടമ വെളിപ്പെടുത്തി. ഒളരിയിലെ സൂപ്പര്‍ മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് കിറ്റ് വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തെത്തി.

ബി.ജെ.പിയുടെ കിറ്റ് വിതരണമെന്നറിഞ്ഞിട്ട് വന്നതാണെന്ന് പ്രദേശവാസികളും പുറത്തെത്തിയ വീഡിയോയില്‍ പ്രതികരിക്കുന്നുണ്ട്.

വളരെ ആസൂത്രിതമായി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്ന് സി.പി.ഐ നേതാവ് വി.എസ് സുനില്‍ കുമാര്‍ ആരോപിച്ചു.

കോടിക്കണക്കിന് രൂപ ബി.ജെ.പി സ്ഥാനാര്‍ത്ഥി ചെലവിടുന്നുണ്ടെന്നും കേന്ദ്ര മന്ത്രിമാര്‍ പെട്ടികളില്‍ പണം കൊണ്ടാണ് ദല്‍ഹിയില്‍ നിന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വരുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ജനങ്ങള്‍ക്ക് പണം നല്‍കി വോട്ട് നേടാനുള്ള ഈ ശ്രമം നഗ്നമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. പണം, മദ്യം, കിറ്റ് , സാരി മുതലായവ വിതരണം ചെയ്ത് പ്രദേശത്ത് വോട്ട് പിടിക്കാനുള്ള ശ്രമം ബി.ജെ.പി നടത്തുന്നുണ്ട്.

സ്വര്‍ണക്കച്ചവടക്കാരും ബാര്‍ മുതലാളിമാരും സൂപ്പര്‍മാര്‍ക്കറ്റ് മുതലാളിമാരേയും ഭീഷണിപ്പെടുത്തിയും പണം നല്‍കി സ്വാധീനിച്ചുമാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

ഇതിനെതിരായി തെരഞ്ഞെടുപ്പ് കമ്മീഷന് ശക്തമായ നടപടിയെടുക്കണമെന്നും വി.എസ്. സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു.

Content Highlight: Kit for votes in Thrissur; BJP is spending crores;  says CPI

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more