| Sunday, 4th January 2015, 4:34 pm

പോലീസിനെ കബളിപ്പിച്ച് കിടങ്ങാംപറമ്പില്‍ ഫാസിസത്തിനെതിരെ അവര്‍ ചുംബിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: കിടങ്ങാംപറമ്പില്‍ പോലീസിനെ കബളിപ്പിച്ച് ഫാസിസത്തിനെതിരെ അവര്‍ ചുംബിച്ചു. ചുംബന സമരം നടത്തിയവരെ ആലപ്പുഴ ബീച്ചില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നായിരുന്നു സമരം കിടങ്ങാംപറമ്പിലേക്ക് മാറ്റിയത്. കിടങ്ങാംപറമ്പില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കിയും ചുംബിച്ചും സദാചാര ഗുണ്ടായിസത്തിനെതിരായും ഫാസിസത്തിനെതിരായും അവര്‍ ചുംബിച്ചു.

അങ്ങേയറ്റം സമാധാനപരമായി സമരം നടത്തിയ ഇവരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. കിടങ്ങാംപറമ്പില്‍ പ്രതിഷേധക്കാരില്ലാതിരുന്നിട്ട് പോലും പോലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സമരം നടത്താന്‍ അനുവദിക്കുമെന്ന് നേരത്തെ പറഞ്ഞ് ഞങ്ങളെ വിളിച്ച് വരുത്തി പോലീസ് പറ്റിക്കുകയായിരുന്നുവെന്ന് സമര പ്രവര്‍ത്തകരില്‍ ഒരാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ ആലപ്പുഴ ബീച്ചില്‍ സമരം നടത്തുമെന്നാണ് സമരക്കാര്‍ അറിയിച്ചിരുന്നത്. അവിടെ സമരം നടത്തുന്നതില്‍  പ്രശ്‌നം നേരിട്ടതിനാലാണ്  സമരം കിടങ്ങാംപറമ്പിലേക്ക് മാറ്റിയിരുന്നത്.

എന്ത് വിലകൊടുത്തും സമരത്തെ എതിര്‍ക്കുമെന്നാണ് ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയിരുന്നത്. സമരത്തെ ചീമുട്ടയെറിഞ്ഞും കരിഓയില്‍ കൊണ്ടും നേരിടുമെന്നായിരുന്നു അവര്‍ പറഞ്ഞിരുന്നത്.

സംഘ പരിവാര്‍ ശക്തികളുടെ ശ്രമങ്ങള്‍ക്ക്  കൂട്ട് നില്‍ക്കുന്ന നടപടിയായിരുന്നു പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നത്. സമരത്തെ പ്രതിരോധിക്കാനെത്തിയ ഫാസിസ്റ്റ് ശക്തികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചിരുന്നതെന്ന് സംഘാടകരില്‍ ഒരാളായ ലാസര്‍ ഷൈന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

കിടങ്ങാംപറമ്പ് ക്ഷേത്രത്തിനു മുന്നിലാണ് സര്‍ സി.പി രാമസ്വാമി അയ്യര്‍ “ഹിന്ദുവല്ല വെറും ജന്തുവാണ്” എന്ന് പ്രസംഗിച്ചതിന് രണ്ടു കൊല്ലം തടവിലിട്ട സി കേശവന്‍ വിമോചിതനായപ്പോള്‍ മാമ്മന്‍ മാപ്പിളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മഹായോഗം സ്വീകരണം നല്‍കിയത്.

Latest Stories

We use cookies to give you the best possible experience. Learn more