തിരുവനന്തപുരം: കേരളത്തില്‍ സിനിമാ ടൂറിസത്തിന് ആരംഭം കുറിച്ച് സംസ്ഥാന സര്‍ക്കാര്‍. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ തിരുവനന്തപുരത്തെ ‘കിരീടം പാലം’ ടൂറിസത്തിന് ഒരുങ്ങുന്നതായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.
കിരീടം പാലം
കേരളത്തിലെ ആദ്യത്തെ സിനിമാ ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാവുകയാണെന്ന് മന്ത്രി ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു.
രാജ്യത്ത് സിനിമാ ടൂറിസം ആരംഭിക്കുന്ന ആദ്യ സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ലോഹിതദാസ് തിരക്കഥയെഴുതി സിബി മലയില്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായ ‘കിരീടം’ സിനിമയിലെ പ്രധാന രംഗങ്ങള്‍ ചിത്രീകരിച്ച തിരുവനന്തപുരത്തെ വെള്ളായണി കായലിന്റെ ഭാഗമായ പാലവും പ്രദേശവും വികസനത്തിലാണെന്നും പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.
സിനിമാ ടൂറിസം പദ്ധതി പ്രഖ്യാപിച്ചതിന് ശേഷം വെള്ളായണി കായലിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായതെന്നും മന്ത്രി പറയുന്നു.
കിരീടം പാലം സിനിമാ ടൂറിസം പദ്ധതി ഉടന്‍ തന്നെ നാടിന് സമര്‍പ്പിക്കുമെന്നും സംസ്ഥാനത്തെ മറ്റ് ചില പ്രധാന സിനിമാ ലൊക്കേഷനുകളും സിനിമ ടൂറിസത്തിന്റെ ഭാഗമായി വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
കൂടാതെ കേരളത്തിലെ ലൊക്കേഷനുകളില്‍, ലോകത്തേത് ഭാഷയിലുള്ള സിനിമകളുടെയും ഷൂട്ടിങ്ങിനായി ആളുകള്‍ക്ക് എത്തിചേരാനും അതിലൂടെ കേരളത്തെ ലോകത്തിന് മുമ്പാകെ അവതരിപ്പിക്കാനുള്ള ചര്‍ച്ചകളും പ്രത്യേക മാര്‍ക്കറ്റിങ്ങും ആരംഭിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.
മന്ത്രിയുടെ പോസ്റ്റിന് താഴെ നിരവധി ആളുകളാണ് സംസ്ഥാനത്തിന്റെ ടൂറിസം പദ്ധതികളെ പ്രശംസിച്ചുകൊണ്ട് പ്രതികരിക്കുന്നത്.
‘കേരളത്തിന്റെ ഓരോ ഇടങ്ങളും ചരിത്രങ്ങള്‍ ആയി മാറട്ടെ, എല്ലാ പിന്തുണയും’ എന്നാണ് ഒരാള്‍ കമന്റായി കുറിച്ചത്.
അതേസമയം നിര്‍മാണം പൂര്‍ത്തിയായ പല പദ്ധതികളുടെയും തുടര്‍പരിപാലനം വേണ്ടവിധം നടക്കുന്നില്ല എന്നത് ഖേദകരമാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. മറ്റു ചിലര്‍ സംസ്ഥാന സര്‍ക്കാരിന് മുമ്പാകെ ഏതാനും നിര്‍ദേശങ്ങളും വെച്ചിട്ടുണ്ട്.
Content Highlight: ‘Kireedam Bridge Ready’; State government launches cinema tourism