| Saturday, 18th October 2025, 1:12 pm

ജയിക്കാന്‍ 111 വേണ്ടപ്പോള്‍ ഒറ്റയ്ക്ക് 106*; ഇതിഹാസത്തിന്റെ റെക്കോഡ് തകര്‍ന്നത് ഇന്ത്യന്‍ മണ്ണില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ഫോര്‍മാറ്റിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടുന്ന വനിതാ താരമായി ഇന്ത്യന്‍ സൂപ്പര്‍ ഓപ്പണര്‍ കിരണ്‍ നാവ്ഗിരെ. നേരിട്ട 34ാം പന്തിലാണ് നാവ്ഗിരെ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

സീനിയര്‍ വനിതാ ടി-20 മാച്ചില്‍ പഞ്ചാബിനെതിരെയാണ് നാവ്‌രിഗെയുടെ സെഞ്ച്വറി പിറന്നത്. 35 പന്ത് നേരിട്ട താരം പുറത്താകാതെ 106 റണ്‍സ് നേടി. 14 ഫോറും ഏഴ് സിക്‌സറും അടക്കം 302.86 സ്‌ട്രൈക്ക് റേറ്റിലാണ് താരം റണ്ണടിച്ചുകൂട്ടിയത്. ഇതോടെ വനിതാ ടി-20 ക്രിക്കറ്റില്‍ 300+ സ്‌ട്രൈക്ക് റേറ്റില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ഏക താരമായും നാവ്ഗിരെ മാറി.

ഇതോടെ റെക്കോഡ് നേട്ടത്തില്‍ സൂപ്പര്‍ താരവും ന്യൂസിലാന്‍ഡ് ഇതിഹാസവുമായ സോഫി ഡിവൈനിനെ രണ്ടാം സ്ഥാനത്തേക്ക് പടിയിറക്കാനും നാവ്ഗിരെയ്ക്ക് സാധിച്ചു. 2021ല്‍ ഒട്ടാഗോയ്‌ക്കെതിരെ വെല്ലിങ്ടണിന് വേണ്ടി 36 പന്തില്‍ ഡിവൈന്‍ നേടിയ സെഞ്ച്വറിയുടെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് നേടി. 23 പന്തില്‍ 30 റണ്‍സ് നേടിയ പ്രിയ കുമാരിയാണ് ടോപ് സ്‌കോറര്‍.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മഹാരാഷ്ട്രയ്ക്ക് രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ഈശ്വരി സവ്കറിനെ നഷ്ടമായി. മൂന്ന് പന്തില്‍ ഒരു റണ്‍സാണ് താരം നേടിയത്. ടീം സ്‌കോര്‍ പത്ത് റണ്‍സില്‍ നില്‍ക്കവെയായിരുന്നു ഈശ്വരി പുറത്തായത്.

വണ്‍ ഡൗണായി എം.ആര്‍. മാഗ്രെയും കളത്തിലിറങ്ങി. ഇരുവരും ചേര്‍ന്ന് അടുത്ത 41 പന്തില്‍ നിന്നും വിജയലക്ഷ്യം മറികടന്നു.

ഒരുവശത്ത് നാവ്ഗിരെ ആഞ്ഞടിക്കുമ്പോള്‍ മറുവശത്ത് മാഗ്രെ കാഴ്ചക്കാരിയായി നിന്നു. പത്ത് പന്ത് നേരിട്ട മാഗ്രെ പുറത്താകാതെ ആറ് റണ്‍സാണ് നേടിയത്.

പ്രിയ കുമാരിയുടെ ഒരു ഓവറില്‍ 30 റണ്‍സ് അടിച്ചെടുത്ത താരം മറ്റൊരു പഞ്ചാബ് ബൗളര്‍മാരോടും യാതൊരു വിധ ദാക്ഷിണ്യവും കാണിച്ചില്ല. ഒടുവില്‍ വെറും എട്ട് ഓവറില്‍ തന്നെ മത്സരം പൂര്‍ത്തിയാക്കുകയായിരുന്നു. പഞ്ചാബ് ഉയര്‍ത്തിയ 111 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ മഹാരാഷ്ട്രയ്ക്കായി 106 റണ്‍സും നേടിയത് നാവ്ഗിരെ തന്നെയായിരുന്നു.

Content Highlight: Kiran Navgire smashed fastest century in Women’s T20

We use cookies to give you the best possible experience. Learn more