| Thursday, 22nd January 2026, 10:51 pm

ഭാഗ്യവും നിര്‍ഭാഗ്യവും ഒറ്റ ഫ്രെയ്മില്‍; എന്താണ് സംഭവിച്ചതെന്ന ചോദ്യവുമായി WPL

ആദര്‍ശ് എം.കെ.

വനിതാ പ്രീമിയര്‍ ലീഗില്‍ നിര്‍ഭാഗ്യത്തിന്റെ കൊടുമുടി കയറി സൂപ്പര്‍ താരം കിരണ്‍ നവ്ഗിരെ. ഗുജറാത്ത് ജയന്റ്‌സ് – യു.പി വാറിയേഴ്‌സ് മത്സരത്തിലാണ് വാറിയേഴ്‌സ് ഓപ്പണര്‍ നിരാശാജനകമായ രീതിയില്‍ പുറത്തായത്.

ആദ്യ ഓവറിലെ മൂന്നാം പന്തിലായിരുന്നു നവ്ഗിരെ മടങ്ങിയത്. നേരിട്ട ആദ്യ പന്തില്‍ തന്നെയായിരുന്നു താരത്തിന്റെ മടക്കം എന്നതാണ് ആരാധകരെ കൂടുതല്‍ നിരാശയിലേക്ക് തള്ളിയിടുന്നത്.

ഫുള്‍ ലെങ്ത്തില്‍ ലെഗ് സ്റ്റംപ് ലക്ഷ്യമാക്കി വന്ന പന്തില്‍ രേണുക സിങ്ങിനെതിരെ ഷോട്ട് കളിക്കാനൊരുങ്ങിയ താരത്തിന് പിഴയ്ക്കുകയായിരുന്നു. എന്നാല്‍ ലക്ഷ്യം ഭേദിക്കാന്‍ പന്തിന് സാധിച്ചില്ല. എങ്കിലും വിക്കറ്റ് കീപ്പര്‍ മെഗ് ലാന്നിങ്ങിന്റെ കാലില്‍ തട്ടിയ പന്ത് തിരികെ വിക്കറ്റില്‍ കൊള്ളുകയായിരുന്നു.

ഈ സമയം ക്രീസിന് പുറത്തായിരുന്ന നവ്ഗിരെ ഏറ്റവും നിര്‍ഭാഗ്യകരമായ രീതിയില്‍ മടങ്ങുകയായിരുന്നു.

എന്താണ് സംഭവിച്ചതെന്ന ക്യാപ്ഷനുമായി ഡബ്ല്യു.പി.എല്‍ ഈ സ്റ്റംപിങ്ങിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ജയന്റ്‌സ് സോഫി ഡിവൈനിന്റെ അര്‍ധ സെഞ്ച്വറിയുടെ കരുത്തില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് നേടി.

42 പന്തില്‍ പുറത്താകാതെ 50 റണ്‍സാണ് ഡിവൈന്‍ അടിച്ചെടുത്തത്. മൂന്ന് സിക്‌സറും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

34 പന്തില്‍ 38 റണ്‍സ് നേടിയ ബെത് മൂണിയാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

വാറിയേഴ്‌സിനായി കാന്തി ഗൗഡും സോഫി എക്കല്‍സ്‌റ്റോണും രണ്ട് വിക്കറ്റ് വീതവും ക്ലോ ട്രയോണും ദീപ്തി ശര്‍മയും ഓരോ വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വാറിയേഴ്‌സ് നിലവില്‍ 15 ഓവര്‍ പിന്നിടുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സ് എന്ന നിലയിലാണ്.

Content Highlight: Kiran Navgire’s unfortunate exit from WPL

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more