| Sunday, 4th October 2026, 12:32 pm

മുൻകൂട്ടി പ്ലാൻ ചെയ്ത് ചേർത്ത സീനുകളല്ല 'അയ്യപ്പ' പോലുള്ളവ ; യവന കഥ നേരത്തെ തീരുമാനിച്ചതാണ്: കിരൺ ജോസി

അനുപമ കെ. സീത

തിയേറ്ററിൽ സകല റെക്കോർഡുകളും മറികടന്ന ഗിരീഷ് എ.ഡിയുടെ ബെത്‌ലഹേം കുടുംബ യൂണിറ്റ് ഒ.ടി.ടിയിലും മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. 2026ൽ ഓണം റിലീസ് ലക്ഷ്യമിട്ടാണ് ചിത്രം ഇറങ്ങിയത്. 25 കോടിയിൽ നിർമിച്ച ചിത്രം തിയേറ്ററിൽ നിന്നും മാത്രമായി 325 കോടിയോളം കളക്ഷൻ നേടിയിരുന്നു.

ഇപ്പോഴിതാ ഒ.ടി.ടി പ്ലാറ്റ്ഫോം ആയ ജിയോ ഹോട്സ്റ്റാറിലും ചിത്രം ഗംഭീര അഭിപ്രായങ്ങളോടെ മുന്നേറുന്നു. ചിത്രത്തിന്റെ കഥ എഴുതിയിക്കുന്ന കിരൺ ജോസി തന്നെയാണ് ഗിരീഷ് എ.ഡിയുടെ പ്രേമലുവിന്റെയും തിരക്കഥാകൃത്ത്. ‘പൂവൻ’ എന്ന സിനിമയിലൂടെയാണ് സഹസംവിധായകൻ ആയി കിരൺ ജോസി മലയാള സിനിമ രംഗത്തേക്ക് വരുന്നത്. അദ്ദേഹത്തിന്റെ തന്നെ സംവിധാനത്തിൽ പുറത്തിറങ്ങിയ വലിയ ജനപ്രീതി നേടിയ ഹ്രസ്വചിത്രമാണ് ‘അനുരാഗ് എൻജിനീയർ വർക്സ്’.

ബെത്‌ലഹേമിലെ പാട്ടുകളെല്ലാം ഏറെ പ്രശംസയേറ്റു വാങ്ങിയിരുന്നു. സിനിമയിൽ ഉപയോഗിച്ച റീലീസ് ചെയ്യാതെ പോയ ‘അന്ന’ എന്ന സിനിമയിലെ ‘യവന കഥയിൽ നിന്നു വന്ന…’ എന്നു തുടങ്ങുന്ന പാട്ട് ഏറ്റവും ചർച്ച ചെയ്യപ്പെട്ട പാട്ടിൽ ഒന്നാണ്. സിനിമയിൽ പാട്ട് മുഴുവനില്ലെങ്കിലും ഏറ്റവും പ്രധാനപ്പെട്ട ഭാഗത്തിലാണ് പാട്ട് വരുന്നത്. അതുകൊണ്ടു തന്നെ പാട്ടേറെ ശ്രദ്ധിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്തു.

സിനിമയുടെ ഐഡിയ ഉണ്ടായിരുന്ന സമയത്തു തന്നെ യവന കഥയിൽ എന്നു തുടങ്ങുന്ന പാട്ട് വയ്ക്കണമെന്ന് ഗിരീഷ് എ.ഡി തീരുമാനിച്ചിരുന്നുവെന്നും ബാക്കി റഫറൻസ് സീനുകളൊക്കെ എഴുത്തിന്റെ ഘട്ടത്തിൽ വന്നതാണെന്നും പറയുകയാണ് കിരൺ ജോസി. സിനിമയുടെ വിജയത്തിനു പിന്നാലെ ദി ക്യൂവിനു നൽകിയ അഭിമുഖത്തിലാണ് ബെത്‌ലഹേമിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട അനുഭവങ്ങൾ കിരൺ ജോസി പങ്കു വച്ചത്.

‘ഗിരീഷേട്ടൻ ഈ സിനിമയുടെ ഐഡിയ പണ്ട് പറയുമ്പോൾ തന്നെ ഈ പാട്ടിന്റെ കാര്യവും എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു. ഇൻസ്റ്റഗ്രാമിലെ മീം കൾച്ചർ ഞങ്ങളെയും ഇൻഫ്ളുവൻസ് ചെയ്തിട്ടുണ്ട്. ഞങ്ങൾ പരസ്പരം മീംസ് അയക്കുകയും അതിനെപ്പറ്റി ചർച്ച ചെയ്യുകയും അതിലെ തമാശകളൊക്കെ പറഞ്ഞു ചിരിക്കുകയും ചെയ്യാറുണ്ട്.

ഞങ്ങൾ എഴുതാൻ കൂടെ ഇരിക്കുന്നതുകൊണ്ട് സ്വാഭാവികമായിട്ടും അത് എഴുത്തിലും അറിയാതെ വന്നു പോയതാണ്. ഞങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്ത് ചേർത്ത സീനുകളല്ല ‘അയ്യപ്പ’ പോലുള്ളത്. സന്ദർഭത്തിനു യോജിച്ചതുകൊണ്ട് പലതും അങ്ങനെ റഫറൻസ് ആയി എടുത്തു.’ കിരൺ പറഞ്ഞു.

Content Highlight: Kiran Josey about Bethlehem Kudumba Unit movie

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more