മലയാള സിനിമയിൽ എഡിറ്റർ, സംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് കിരൺ ദാസ്. 2019-ൽ പുറത്തിറങ്ങിയ ഇഷ്ക്‘എന്ന ചിത്രത്തിലൂടെ മികച്ച എഡിറ്റർക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് അദ്ദേഹം കരസ്ഥമാക്കിയിരുന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ജോസഫ്, അമ്പിളി, ജോജി എന്നിവയാണ് കിരൺ ദാസ് എഡിറ്റിംഗ് നിർവ്വഹിച്ച മറ്റ് പ്രധാന ചിത്രങ്ങൾ.
കുഞ്ചാക്കോ ബോബൻ കേന്ദ്രകഥാപാത്രമായെത്തി കഴിഞ്ഞ മാസം പുറത്തിറങ്ങിയ ഉന്മാദം എന്ന ചിത്രത്തിലൂടെ കിരൺ ദാസ് തന്റെ ആദ്യ സംവിധാനവും നിർവഹിച്ചു. ഇപ്പോഴിതാ റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ സിനിമകളിലെ എഡിറ്റിംഗ് രീതികളെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.
കിരൺ ദാസ്. Photo. Screen grab/ Youtube
ഓരോ സിനിമയ്ക്കും ആവശ്യമായ രീതിയിലാണ് എഡിറ്റിംഗ് നിർവ്വഹിക്കുന്നത് എന്ന് പറയുകയാണ് കിരൺ ദാസ്. ഒരിക്കലും തല്ലുമാല പോലൊരു സിനിമ എഡിറ്റ് ചെയ്യാൻ തന്നെ ഏൽപ്പിക്കില്ലെന്നും, അതിനുള്ള കാരണം എന്താണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
‘ഓരോ സിനിമയ്ക്കും ആവശ്യമായ രീതിയിലാണ് എഡിറ്റിംഗ് നിർവ്വഹിക്കുന്നത്. തല്ലുമാല പോലൊരു സിനിമ എഡിറ്റ് ചെയ്യാൻ എന്നെ അവർ വിളിക്കില്ല. കാരണം ഞാൻ ആ ടൈപ്പ് എഡിറ്ററല്ല, ഞാൻ അധികവും സ്റ്റോറി ഡ്രിവൺ ആയിട്ടുള്ള സിനിമകളിലാണ് വർക്ക് ചെയ്യാറുള്ളത്.
ഓരോരുത്തർക്കും ഓരോ രീതികളാണുള്ളത്. തല്ലുമാലയെ നമുക്ക് പൂക്കാലം പോലൊരു സിനിമ പോലെ എഡിറ്റ് ചെയ്യാൻ പറ്റില്ലല്ലോ. കാരണം തല്ലുമാല വേറെത്തന്നെ ഒരു മൂഡിലുള്ള സിനിമയാണ്. അതിലെ സ്പീഡ്, കളർ, ടേക്കിങ്, മൂവ്‌മെന്റ്‌സ്, ആക്ടർസിന്റെ പെർഫോമൻസ് ഒക്കെ തികച്ചും വ്യത്യസ്തമാണ്. അന്ന് നിഷാദ് യൂസഫ് അത് അത്രയും മനോഹരമായി എഡിറ്റ് ചെയ്തതുകൊണ്ടാണ് ആ ചിത്രത്തിലെ എഡിറ്റിംഗിന് ആ വർഷത്തെ സംസ്ഥാന അവാർഡ് ലഭിച്ചത്,’ കിരൺ ദാസ് പറഞ്ഞു.
തന്റെ അഭിപ്രായത്തിൽ ലോകസിനിമയിൽത്തന്നെ ഏറ്റവും മനോഹരമായ ഷോട്ടുകളിലൊന്നുള്ള സിനിമയാണ് കുമ്പളങ്ങി നൈറ്റ്‌സ് എന്ന് പറയുകയാണ് കിരൺ. അതിലെ ആ ഷോട്ടിൽ എഡിറ്റിംഗ്, മ്യൂസിക് മുതൽ ലൈറ്റിംഗ് വരെ കൃത്യമായി ഒത്തുചേർന്നതുകൊണ്ടാണ് അത് അത്രയും ഗംഭീരമായത് എന്നും കിരൺ ദാസ് കൂട്ടിച്ചേർത്തു.
‘അതുപോലെ കുമ്പളങ്ങി നൈറ്റ്‌സ് എന്ന പടം, അതിൽ കുമ്പളങ്ങി എന്ന സ്ഥലം, അവിടെയുള്ള ആ ഒറ്റപ്പെട്ട വീടും പരിസരവുമൊക്കെ നമുക്ക് ഫീൽ ചെയ്യണം. പിന്നെ ഇമോഷൻസിലാണ് കുറച്ചുകൂടെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. എനിക്ക് തോന്നുന്നു ഞാൻ ലോകസിനിമയിൽ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ ഷോട്ടുകളിൽ ഒന്നാണ് സൗബിൻ കുട്ടിയേയും ആ സ്ത്രീയേയും കൊണ്ട് വള്ളത്തിൽ വരുന്നത്. സിനിമയുടെ ഹൈലൈറ്റാണത്.
അവിടെ എഡിറ്റ്, മ്യൂസിക്, ആക്ടിങ് എന്തിനു പറയുന്നു, ലൈറ്റും വെള്ളവും പോലും കൃത്യമായി ബ്ലെൻഡ് ആയിട്ടാണ് വന്നിരിക്കുന്നത്. അങ്ങനെയനാവണം അത്. കാരണം ഇതെല്ലാം കൂടി ഒത്തുചേരുമ്പോഴുണ്ടാകുന്ന മാജിക്കാണ് ശരിക്കും ഒരു സിനിമ എന്ന് പറയുന്നത്,’ കിരൺ ദാസ് പറഞ്ഞു.
കുമ്പളങ്ങി നൈറ്റ്‌സ്. Photo. Screen grab/ Youtube