| Saturday, 11th October 2025, 8:13 am

തെലുങ്ക് സിനിമകള്‍ക്ക് തമിഴ്‌നാട്ടില്‍ സ്‌ക്രീന്‍ ലഭിക്കുന്നില്ല, പക്ഷേ, തമിഴ് സിനിമകള്‍ക്ക് ആന്ധ്രയില്‍ ധാരാളം സ്‌ക്രീനുകള്‍ കിട്ടുന്നത് ശരിയല്ല: കിരണ്‍ അബ്ബാവാരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ് തെലുങ്ക് താരം കിരണ്‍ അബ്ബാവാരത്തിന്റെ പുതിയ പരാമര്‍ശം. തമിഴ് സിനിമകള്‍ക്ക് ആന്ധ്രയില്‍ ഒരുപാട് സ്‌ക്രീനുകള്‍ ലഭിക്കുന്നുണ്ടെന്നും എന്നാല്‍ അതേ സ്വീകാര്യത തമിഴ്‌നാട്ടില്‍ തെലുങ്ക് സിനിമകള്‍ക്ക് ലഭിക്കുന്നില്ലെന്നുമാണ് താരം അഭിപ്രായപ്പെട്ടത്. കിരണിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

‘ദീപാവലിക്ക് പ്രദീപ് രംഗനാഥന്റെ ഡ്യൂഡ് എന്ന ചിത്രം റിലീസിനെത്തുന്നുണ്ട്. ആന്ധ്രയിലും ചിത്രം ഗ്രാന്‍ഡ് റിലീസിനാണ് തയാറെടുക്കുന്നത്. തമിഴ് സിനിമകള്‍ക്ക് ഇവിടെ വലിയ രീതിയില്‍ പ്രേക്ഷകരും അതിനനുസരിച്ച് സ്വീകാര്യതയുമുണ്ട്. എന്നാല്‍, തമിഴ്‌നാട്ടില്‍ തെലുങ്ക് സിനിമകള്‍ക്ക് അധികം പ്രാധാന്യം ആരും കൊടുക്കാറില്ല. എനിക്കും അത്തരത്തില്‍ ഒരു അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ദീപാവലിക്ക് എന്റെ എന്ന സിനിമ റിലീസ് ചെയ്തിരുന്നു. നല്ല സിനിമയാണെന്ന് എനിക്ക് നല്ല ബോധ്യമുള്ളതുകൊണ്ട് അത് തമിഴിലും റിലീസ് ചെയ്യാമെന്ന് തീരുമാനിച്ചു. പക്ഷേ, തമിഴ്‌നാട്ടില്‍ ആ പടത്തിന് ഒരൊറ്റ സ്‌ക്രീന്‍ പോലും കിട്ടിയിരുന്നില്ല. അത് വല്ലാതെ വിഷമമുണ്ടാക്കി. എന്റെ കാര്യം മാത്രമല്ല, എല്ലാവര്‍ക്കും ഇതേ അവസ്ഥയാണ്,’കിരണ്‍ അബ്ബാവാരം പറഞ്ഞു.

കിരണിന്റെ പ്രസ്താവനക്ക് മറുപടിയുമായി ഡ്യൂഡിന്റെ നിര്‍മാതാവ് രവി ശങ്കര്‍ രംഗത്തെത്തി. തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ആഘോഷമാണ് ദീപാവലിയെന്നും ആ സമയത്ത് അവരുടെ സിനിമകള്‍ക്കാണ് പ്രാധാന്യം കൊടുക്കുകയെന്നും രവി ശങ്കര്‍ പറഞ്ഞു. നല്ല കണ്ടന്റ് കൊടുത്താല്‍ പ്രേക്ഷകര്‍ കാണുമെന്നും അല്ലാതെ കിടന്ന് കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പലരും കിരണിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. കിരണ്‍ പറഞ്ഞത് ശരിയാണെന്നാണ് പല തെലുങ്ക് പ്രൊഫൈലുകളും അഭിപ്രായപ്പെടുന്നത്. തെലുങ്ക് ചിത്രങ്ങളായ ഓ.ജി, ദേവര, പുഷ്പ, കിങ്ഡം എന്നിവക്ക് തമിഴ്‌നാട്ടില്‍ ആവശ്യത്തിന് സ്‌ക്രീന്‍ ലഭിച്ചില്ലെന്നും തെലുങ്ക് സിനിമയോട് തമിഴ്‌നാടിന് അകല്‍ച്ചയുണ്ടെന്നും അഭിപ്രായപ്പെട്ടുകൊണ്ട് പല പോസ്റ്റുകളും എക്‌സില്‍ വൈറലാവുകയാണ്.

ദീപാവലിക്ക് പ്രദീപ് രംഗനാഥന്റെ ഡ്യൂഡും കിരണ്‍ അബ്ബാവാരത്തിന്റെ കെ റാംപുമാണ് പ്രധാന റിലീസുകള്‍. നവാഗതനായ കീര്‍ത്തീശ്വരന്‍ സംവിധാനം ചെയ്യുന്ന ഡ്യൂഡില്‍ മലയാളി താംരം മമിത ബൈജുവാണ് നായിക. നവാഗതനായ ജെയിംസ് നാനിയാണ് കെ റാംപിന്റെ സംവിധായകന്‍. ഇരുചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടുന്നതിന് മുമ്പ് സോഷ്യല്‍ മീഡിയയില്‍ ഏറ്റുമുട്ടിയത് ചര്‍ച്ചയായിരിക്കുകയാണ്.

Content Highlight: Kiran Abbavaram’s comment about Tamil Cinemas viral in Social Media

We use cookies to give you the best possible experience. Learn more