ന്യൂദല്‍ഹി: ലൈസന്‍സ് റദ്ദാക്കുമെന്ന വാര്‍ത്തകള്‍ക്കിടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും സര്‍വ്വീസ് വര്‍ധിപ്പിക്കാന്‍ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് തീരുമാനിച്ചു. അടുത്ത ആഴ്ച്ചയോടെ 16 പുതിയ വിമാനങ്ങള്‍ സര്‍വ്വീസിനായി ഇറക്കാനാണ് കമ്പനിയുടെ തീരുമാനം.
കൂടുതല്‍ വിമാനങ്ങള്‍ എത്തിച്ച് സര്‍വ്വീസ് വര്‍ധിപ്പിക്കുന്ന കാര്യം കിംഗ്ഫിഷര്‍ ഡയറക്ടര്‍ ജനറല്‍ സിവില്‍ ഏവിയേഷന്‍ ഡിപാര്‍ട്‌മെന്റിനെ അറിയിച്ചു കഴിഞ്ഞു. തങ്ങളുടെ ആകെ വിമാനങ്ങളുടെ എണ്ണം 44 ആകുമെന്നും കഴിഞ്ഞ ദിവസങ്ങളില്‍ നിര്‍ത്തിവെച്ച സര്‍വീസുകളില്‍ ചിലത് പുനരാരംഭിക്കാന്‍ കഴിയുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
നിലവില്‍ 28 വിമാനങ്ങള്‍ ഉപയോഗിച്ച് 175 സര്‍വീസുകളാണ് പ്രതിദിനം കിംഗ്ഫിഷര്‍ നടത്തുന്നത്. എന്നാല്‍ പ്രതിദിനം 400 സര്‍വീസുകളാണ് ഡി.ജി.സി.എ കിങ്ഫിഷറിന് അനുവദിച്ചിരിക്കുന്നത്.
അതേസമയം, വിമാന സര്‍വീസുകള്‍ മുടക്കുകയാണെങ്കിലും കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ പദ്ധതിയില്ലെന്ന് വ്യോമയാന മന്ത്രി അജിത് സിംഗ് പറഞ്ഞു. അഞ്ച് വിമാനങ്ങളെങ്കിലും സര്‍വീസ് നടത്തുന്ന എയര്‍ലൈനുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ തടസമില്ലെന്നും അജിത്‌സിംഗ് കൂട്ടിച്ചേര്‍ത്തു.