| Thursday, 31st July 2025, 4:21 pm

രാക്ഷസന്മാരുടെ സാമ്രാജ്യത്തിന്റെ കഥ

അമര്‍നാഥ് എം.

1920ല്‍ ആന്ധ്രയിലെ ഒരു ഗോത്രവര്‍ഗവും ഈസ്റ്റ് ഇന്ത്യ കമ്പനിയും തമ്മിലുള്ള യുദ്ധം കാണിച്ചുകൊണ്ട് ആരംഭിക്കുന്ന സിനിമ. പിന്നീട് 1990കളിലേക്ക് നേരിട്ട് കടക്കുന്നു. 15ാം വയസില്‍ നാടുവിട്ടുപോയ തന്റെ സഹോദരന്‍ ശിവയെ അന്വേഷിക്കുന്ന പൊലീസ് കോണ്‍സ്റ്റബിള്‍ സൂരിയെയാണ് പിന്നീട് കാണുന്നത്.

കണ്മുന്നില്‍ നടക്കുന്ന അന്യായങ്ങള്‍ക്കെതിരെ മേലും കീഴും നോക്കാതെ പ്രതികരിക്കുന്നയാളാണ് സൂരി. മേലുദ്യോഗസ്ഥനെ ഒരു ഘട്ടത്തില്‍ കൈയേറ്റം ചെയ്യുന്ന സൂരിക്ക് പിന്നീട് ഒരു വലിയ മിഷന്റെ ഭാഗമാകേണ്ടി വരുന്നു. നഷ്ടപ്പെട്ടുപോയ തന്റെ സഹോദരനെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് അയാള്‍ ആ മിഷന്‍ ഏറ്റെടുക്കുന്നത്.

കണ്ടുമടുത്ത ടെപ്ലേറ്റ് കഥ തന്നെയാണ് കിങ്ഡം പറയുന്നത്. എന്നാല്‍ പ്രേക്ഷകരെ കഥയിലേക്ക് കണക്ടാക്കുന്നതില്‍ അണിയറപ്രവര്‍ത്തകര്‍ വിജയിച്ചിട്ടുണ്ട്. ഈയടുത്ത് വന്ന ഒരു തമിഴ് ചിത്രവും ഇതേ കഥ തന്നെയാണ് പറഞ്ഞതെങ്കിലും അധികം മെറ്റഫറുകള്‍ ഉപയോഗിച്ച് പ്രേക്ഷകരെ കണ്‍ഷ്യൂഷനിലാക്കാതെ നേരേ കഥ പറഞ്ഞുപോകുന്നുണ്ട് എന്നതാണ് കിങ്ഡത്തിന്റെ പ്രത്യേകത.

ജേഴ്‌സി എന്ന അതിമനോഹരമായ സിനിമക്ക് ശേഷം ആറ് വര്‍ഷം കൊണ്ട് ഗൗതം തിന്നനൂരി ഒരുക്കിയ ചിത്രം മികച്ചതെന്നേ പറയനാകുള്ളൂ. കണ്ടുശീലിച്ച കഥകളില്‍ കുറച്ച് പുതുമ നിറച്ചുള്ള അവതരണം ഗംഭീരമായിരുന്നു. എന്നിരുന്നാലും രണ്ടാം ഭാഗത്തിന് സൂചന നല്‍കി അവസാനിച്ച അവസാനത്തെ 10 മിനിറ്റ് വേണ്ട രീതിയില്‍ വര്‍ക്കായില്ല. അത് ഒഴിവാക്കി ഒറ്റ ഭാഗത്തില്‍ അവസാനിപ്പിച്ചിരുന്നെങ്കില്‍ വേറെ ലെവലായി മാറുമായിരുന്നു.

ലൈഗര്‍ എന്ന ഭൂലോക പരാജയത്തിന് ശേഷം രണ്ട് വര്‍ഷത്തോളം സമയമെടുത്ത് വിജയ് ദേവരകൊണ്ട നായകനായെത്തിയ കിങ്ഡം ആരംഭിക്കുന്നത് ഇങ്ങനെയാണ്. താരത്തിന്റെ അതിഗംഭീര തിരിച്ചുവരവാണ് കിങ്ഡമെന്ന് നിസ്സംശയം പറയാം. വിജയ്‌യെയല്ലാതെ മറ്റാരെയും സങ്കല്പിക്കാന്‍ പറ്റാത്തവിധം അയാള്‍ ഈ സിനിമയില്‍ പെര്‍ഫോം ചെയ്തിട്ടുണ്ട്.

ഗീതാ ഗോവിന്ദം, ഡിയര്‍ കൊമ്രേഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിജയ്‌യിലെ അഭിനേതാവിന് വെല്ലുവിളിയുയര്‍ത്തിയ സിനിമയാണിതെന്ന് പറയാനാകും. ഇമോഷന്‍, ആക്ഷന്‍, സ്‌ക്രീന്‍ പ്രസന്‍സ് എന്നീ മേഖലകളില്‍ അപാരമായ ഡൊമിനേഷനായിരുന്നു വി.ഡിയുടേത്. ഇന്റര്‍വെല്ലിന് തൊട്ടുമുമ്പുള്ള ചെക്‌പോസ്റ്റ് സീനിലെ വരവും, ക്ലൈമാക്‌സ് സീനിലെ പെര്‍ഫോമന്‍സുമെല്ലാം തിയേറ്ററുകളെ ഇളക്കിമറിച്ചു. ഇതുപോലുള്ള സ്‌ക്രിപ്റ്റുകള്‍ തെരഞ്ഞെടുത്ത് മുന്നേറിയാല്‍ തെലുങ്കിലെ സ്റ്റാറായി വിജയ് മാറുമെന്നുറപ്പാണ്.

വിജയ് ദേവരകൊണ്ടക്ക് ശേഷം സിനിമയില്‍ ഏറ്റവുമധികം സ്‌ക്രീന്‍ സ്‌പേസ് ലഭിച്ച നടനാണ് സത്യദേവ്. മഹേഷിന്റെ പ്രതികാരം തെലുങ്ക് റീമേക്കില്‍ നായകനായതുമുതലാണ് മലയാളികള്‍ക്കിടയില്‍ സത്യദേവ് ശ്രദ്ധ നേടിയത്. ശിവ എന്ന കഥാപാത്രമായി അപാര പ്രകടനമായിരുന്നു സത്യദേവിന്റേത്. വിജയ്- സത്യദേവ് കോമ്പിനേഷന്‍ സീനുകളെല്ലാം മികച്ചതായിരുന്നു.

ട്രെയ്‌ലര്‍ റിലീസായതുമുതല്‍ മലയാളികള്‍ പലരും ചര്‍ച്ച ചെയ്ത താരമായിരുന്നു വെങ്കിടേഷ്. മുരുകന്‍ എന്ന വില്ലന്‍ കഥാപാത്രം വെങ്കിക്ക് ലഭിച്ച മികച്ച തുടക്കമാണ്. ഡെവിളിഷ് വില്ലനായി നിറഞ്ഞുനില്‍ക്കാന്‍ വെങ്കിക്ക് സാധിച്ചു. സെക്കന്‍ഡ് ഹാഫില്‍ താരത്തിന്റെ ട്രാന്‍സ്‌ഫോര്‍മെഷനെല്ലാം ഗംഭീരമായിരുന്നു. തെലുങ്കില്‍ ഇനിയും വെങ്കിയെത്തേടി മികച്ച കഥാപാത്രങ്ങള്‍ വരുമെന്നുറപ്പാണ്. സൈസ് കൊണ്ട് വിജയ് ദേവരകൊണ്ടയുടെയും സത്യദേവിന്റയും അത്രയില്ലെങ്കിലും സ്‌ക്രീന്‍ പ്രസന്‍സില്‍ അവരെക്കാള്‍ ഉയര്‍ന്ന് നിന്നു.

നായികയായെത്തിയ ഭാഗ്യശ്രീ ബോസിന് നാലേ നാല് സീന്‍ മാത്രം നല്‍കിയത് കഥയുടെ ഫ്‌ളോയ്ക്ക് ഗുണം ചെയ്തു. ഇരുവരും തമ്മിലുള്ള പ്രണയഗാനം ഒഴിവാക്കിയതും നന്നായെന്നേ പറയാനാകുള്ളൂ. മലയാളി താരം ബാബുരാജ്, മനീഷ് ചൗധരി എന്നിവരും മികച്ച പെര്‍ഫോമന്‍സായിരുന്നു കാഴ്ചവെച്ചത്.

ഇനി പറയാനുള്ളത് ചിത്രത്തില്‍ ഏറ്റവും വലിയ കോണ്‍ട്രിബ്യൂഷന്‍ നല്‍കിയ ഒരാളെക്കുറിച്ചാണ്. അനിരുദ്ധ് രവിചന്ദര്‍. ദേവരക്ക് ശേഷം ചെയ്ത തെലുങ്ക് സിനിമ അനി ഒട്ടും മോശമാക്കിയില്ല. ഒരൊറ്റ പാട്ട് സിനിമയെ മൊത്തത്തില്‍ വാനോളം ഉയര്‍ത്തി. ഇന്റര്‍വെല്‍ ബി.ജി.എം, ക്ലൈമാക്‌സ് സോങ് തുടങ്ങി ഓരോ മൊമന്റും അനി ഹൈ ആക്കി വെച്ചിട്ടുണ്ട്.

മലയാളികളായ ഗിരീഷ് ഗംഗാധരനും ജോമോന്‍ ടി. ജോണും ഒരുക്കിയ ഫ്രെയിമുകളെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. ബോട്ട് സീന്‍, ക്ലൈമാക്‌സ് എന്നീ ഭാഗങ്ങളിലെ ക്യാമറാവര്‍ക്കുകള്‍ ഗംഭീരമായി അനുഭവപ്പെട്ടു. തെലുങ്കില്‍ അധികം കാണാത്ത തരത്തിലുള്ള കളര്‍ ഗ്രേഡിങ്ങും പുതിയൊരു അനുഭവമായിരുന്നു.

ട്രെയ്‌ലറില്‍ കണ്ട പല ഭാഗങ്ങളും കഥയുടെ ഫ്‌ളോയെ ബാധിക്കുമെന്ന് കരുതി ഒഴിവാക്കിയ നവീന്‍ നൂലിയുടെ കട്ടുകളും മികച്ചതായിരുന്നു. മൊത്തത്തില്‍ ഈ വര്‍ഷം നിരാശ സമ്മാനിക്കാത്ത സിനിമകളുടെ പട്ടികയില്‍ കിങ്ഡവും ഇടംനേടിയെന്ന് സംശയമില്ലാതെ പറയാനാകും.

Content Highlight: Kingdom movie Review

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more